Ameer UpdatesState News

അധികാരിവർഗത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങില്ല; കാഴ്ചപ്പാടുകൾ പൊരുതി നിൽക്കും -എം.ഐ. അബ്ദുൽ അസീസ്

അധികാരിവർഗത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങില്ല, കാഴ്ചപ്പാടുകൾ പൊരുതി നിൽക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എംഐ അബ്ദുൽ അസീസ് പറഞ്ഞു. മലയാള വാർത്താ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ചതിനെ തുടർന്ന് ഫേസ്‌ബുക്കിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അങ്ങനെ സംഘ് പരിവർ സർക്കാർ
മാധ്യമങ്ങൾക്ക് നേരെ ആയുധമെടുത്തിരിക്കുന്നു.
ഡൽഹി പോലിസിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടിയതും ആർ എസ് എസിനെ വിമർശിച്ചതുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വിവരങ്ങളെ ഭയക്കുകയും അറിയാനുള്ള അവകാശത്തെ നിരാകരിക്കുകയും ചെയ്യുക എന്നത് എല്ലാ ഏകാധിപത്യ ഭരണകൂടങ്ങളുടെയും സ്വഭാവമാണ്. ജനങ്ങളുടെ അജ്ഞതയിലും തെറ്റായ പ്രചാരണങ്ങളുടെയും ബലത്തിലാണ് ഫാഷിസം നിലനിൽക്കുന്നത്.
പക്ഷെ, ഇത്തരം ചെയ്തികളിലൂടെ തങ്ങൾ ഫാഷിസ്റ്റ് ഭരണകൂടം തന്നെയെന്ന് ജനങ്ങളെ അറിയിച്ച് കൊണ്ടിരിക്കുകയാണവർ ചെയ്യുന്നത്. ഏതൊരു സ്വാതന്ത്ര്യ സമര പോരാട്ടത്തിലേയും മുന്നണിപ്പോരാളികൾ മാധ്യമങ്ങൾ കൂടിയാണ്. മാധ്യമ നിരോധനമേർപ്പെടുത്തിയതിൽ പിന്നെ എല്ലാ ഭരണകൂടങ്ങളും അവയുടെ കൗണ്ട് ഡൗൺ പെട്ടെന്ന് പൂർത്തിയാക്കിയിട്ടുണ്ടെന്നതാണ് ചരിത്രം. അധികാരിവർഗത്തിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നതിലല്ല, സംഘർഷപ്പെട്ടു നിൽക്കുന്നതിലാണ് ജനാധിപത്യത്തിന്റെയും നീതിയുടെയും വിജയം.
കണ്ണുരുട്ടി മെരുക്കാനാവില്ല. ഭയപ്പെടുത്താനുമാവില്ല. ആന്റിനകളെ തച്ചുടക്കാം, അവയൊരിക്കലും സാഷ്ടാംഗം പ്രണമിക്കില്ല. അവതുറന്ന് വെച്ചിരിക്കുന്നത് ആകാശങ്ങളിലേക്കാണ്. ജനതയുടെ കണ്ണുകളെ ചൂഴ്ന്നെടുക്കാൻ നിങ്ങൾക്കാവും, അപ്പോഴും കാഴ്ചപ്പാടുകൾ പൊരുതിനിൽക്കും.

Comment here