ബംഗ്ലാദേശ്: ഭരണകൂട ഭീകരത അവസാനിപ്പിക്കുക: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ബംഗ്ലാദേശില്‍ ശൈഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പൗരന്‍മാര്‍ക്കെതിരെ തുടരുന്ന ഭീകരപ്രവര്‍ത്തനത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതിഷേധം രേഖപ്പെടുത്തി. ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശങ്ങളെ പോലും അവഗണിച്ചാണ് ബംഗ്ലാദേശ് സര്‍ക്കാറും നീതിന്യായ വിഭാഗവും ഒന്നിച്ച് നിന്ന് എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ഉന്മൂലനം ചെയ്യുന്നത് .ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ബഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ മേല്‍ നടപ്പാക്കിയ വധശിക്ഷ. യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യുന്ന ട്രൈബുണലില്‍ അന്താരാഷ്ട്ര പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.

ബംഗ്ലാദേശില്‍ ജനാധിപത്യത്തെയും മനുഷ്യാവകശങ്ങളെയും സര്‍ക്കാര്‍ തന്നെ റദ്ദു ചെയ്തിരിക്കുന്നു .അയല്‍ രാജ്യമെന്ന നിലക്ക് ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇന്‍ഡ്യ ബംഗ്ലാദേശിനോട് ആവശ്യപ്പെടണമെന്നും ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.

(മാധ്യമം 13.05.2016)