സ്ത്രീ സാന്നിധ്യമുള്ള എല്ലായിടത്തും ആരാമമെത്തണം

മെയ് 15 മുതല്‍ 31 വരെ ആരാമം പ്രചാരണ കാമ്പയിന്‍ നടക്കുകയാണ്. മുപ്പത് വയസ്സായി വീട്ടുകാരികളുടെ ഈ കൂട്ടുകാരിക്ക്. അടുക്കളയില്‍ നിന്നും കരുവാളിച്ച മുഖങ്ങള്‍ ജനല്‍പാളിയിലൂടെ ലോകത്തിന്റെ വിശാലതയിലേക്ക് സാമോദം എത്തി നോക്കുന്ന കാലത്തായിരുന്നു ആരാമം പ്രസിദ്ധീകരണമാരംഭിച്ചത്. 1985-ല്‍ പിറന്നു വീണപ്പോള്‍ ആരാമത്തെ താലോലിച്ച വീട്ടമ്മമാരില്‍ മിക്കവരും ഇന്നുമതിന്റെ ഗുണഭോക്താക്കളാണ്. വീടിന്റെ അടുക്കള മുതല്‍ പൂമുഖം വരെ സജീവ സാന്നിധ്യമായി ആരാമമുണ്ട്.
മൂന്ന് പതിറ്റാണ്ടിനിടെ ലോകവും സമൂഹവുമൊക്കെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. സ്ത്രീയെ കുറിച്ച് സ്ത്രീയുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടില്‍ നിരവധി ആശയദേശങ്ങള്‍ പിന്നിട്ടു. ആരോ പടച്ച നിര്‍വചനങ്ങളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞവള്‍ പുറത്ത് കടന്നു. സമര മുഖത്ത്, കാമ്പസുകളില്‍, മാധ്യമ രംഗത്ത്, ആതുരസേവനമേഖലയില്‍, സാഹിത്യസദസ്സുകളില്‍, സംഘാടനത്തില്‍ സ്ത്രീയുടെ വര്‍ധിത ദൃശ്യത ഇന്നനുഭവപ്പെടുന്നുണ്ട്. ഒരു വനിതാ പ്രസിദ്ധീകരണമെന്ന നിലക്ക് ഈ ചുവടുവെപ്പിന് ആരാമം അഭിവാദ്യമര്‍പ്പിച്ചിട്ടുണ്ട്. അതിന്റെ ഉല്‍പ്രേരകമായിട്ടുണ്ട്.
വീട്ടു ചുമരുകളെ അവളുടെ തടവറയാക്കി വിധിച്ച മത പൗരോഹിത്യവും കയറൂരി വിട്ട് വില്‍പനച്ചരക്കാക്കി ആഘോഷിച്ച പരിഷ്‌കാരവും അരങ്ങു വാഴുന്ന കാലത്താണ് ആരാമം കടന്നെത്തിയത്. പരിഷ്‌കാരത്തിന്റെ വെയിലേറ്റ് കരിഞ്ഞ, വെളിച്ചമേല്‍ക്കാതെ കരുവാളിച്ച സ്ത്രീത്വത്തില്‍ കുളിരുപെയ്യിക്കുകയായിരുന്നു ആരാമം. തെളിച്ചമറ്റ ദാമ്പത്യങ്ങളുടെയും ഊഷരമായ കുടുംബ ബന്ധങ്ങളുടെയും ഇടയില്‍ അനുരജ്ഞനത്തിന്റെ സ്‌നേഹാശ്ലേഷങ്ങള്‍ പകരാന്‍ ആരാമത്തിന്റെ പേജുകള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പെണ്ണിന്റെ മനസ്സിലെ കലയും സാഹിത്യവും മതവും വേദവും തത്വശാസ്ത്രവും രാഷ്ട്രീയവും പോരാട്ടവുമെല്ലാം ആരാമത്തിന്റെ പേജുകളിലൂടെ സമൂഹത്തിന്റെ മസ്തിഷ്‌കത്തിലെത്തി. തിരിച്ച് ഇവയുമായെല്ലാം സ്ത്രീ സമൂഹത്തെ ആരാമം കണ്ണി ചേര്‍ത്തു. അങ്ങകലെ ലോകത്തിന്റെ ഏതോ മൂലയില്‍ മര്‍ദിതയായ പെണ്‍കുട്ടിക്കു വേണ്ടി മുസ്‌ലിം വനിതയുടെ പ്രാര്‍ഥനയുടെ കൈകളുയര്‍ന്നതിലും പോരാളിക്കു വേണ്ടി മുഷ്ടി ചുരുട്ടിയതിലും ആരാമത്തിന്റെ അക്ഷരക്കൂട്ടുകളുടെ അഗ്നി സ്ഫുലിംഗങ്ങളുണ്ട്.
ഇതൊന്നും അവകാശവാദങ്ങളല്ല, ആരാമം അതിന്റെ വഴി സ്വയം ആവിഷ്‌കരിക്കുകയുമായിരുന്നില്ല. സ്രഷ്ടാവായ ദൈവം കനിഞ്ഞേകിയ ജീവതമാര്‍ഗത്തിലൂടെ സഞ്ചരിക്കാനാണ് ആരാമം ശ്രമിച്ചത്. വിനയപൂര്‍വം ആ സരണിയിലേക്ക് പെണ്ണിനെ ആനയിക്കാനാണ്, അതില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ആരാമം ശ്രമിച്ചത്. അതുവഴി കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ധാര്‍മിക പുനസംവിധാനത്തിന് സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. അപ്പോള്‍ ഇതൊരു വിപ്ലവപ്രവര്‍ത്തനമാണ്. ആ സദ്പാന്ഥാവില്‍ നിന്ന് സ്ത്രീയെ, കുടുംബത്തെ, സമൂഹത്തെ, രാഷ്ട്രത്തെ അടര്‍ത്തിയെടുക്കാന്‍ തുനിഞ്ഞവര്‍ക്കൊക്കെയും ആരാമത്തിന്റെ പ്രഹരമേറ്റിട്ടുണ്ട്. തുടര്‍ന്നും പരിവര്‍ത്തനത്തിന്റെ ഈ വഴിയില്‍ പതറാതെ ആരാമം നിലനില്‍ക്കും. ഖുര്‍ആനും പ്രവാചകചര്യയുമായിരിക്കും അതിന്റെ മഷിയുടെ നിറവും നിര്‍ണയവും. അവയുടെ വെളിച്ചത്തില്‍ ആരാമം സ്വയം നവീകരിക്കുകയും ചെയ്യും.
പക്ഷെ, ആരാമത്തിന്റെ സുഗന്ധം അനുഭവിക്കാനായിട്ടില്ലാത്ത എത്രയോ മുസ്‌ലിം കുടുംബങ്ങള്‍ കേരളത്തിലുണ്ട്. സമുദായത്തിനു പുറത്തേക്കും അത് പ്രസരിക്കേണ്ടതുണ്ട്. സ്ത്രീ സാന്നിധ്യമുള്ള എല്ലായിടത്തും ആരാമമെത്തണം. വീട്ടില്‍, ജോലിസ്ഥലത്ത്, കാമ്പസില്‍, തെരുവില്‍ എല്ലാം. പരിചയപ്പെടാത്തവര്‍ അതിനെ കുറിച്ചറിയട്ടെ. വായിക്കട്ടെ. ദൈവിക വഴിയിലേക്കവരെ എത്തിക്കാനത് സഹായകമാവും. അതവരുടെ മറുലോക ജീവിതം ഭദ്രമാക്കും. ആരാമവും അവളുമെല്ലാമുള്ള ഒരു ജീവിതം അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നാമതിന്റെ പ്രചാരകരാവുക.