സാധ്വി പ്രാചിക്കെതിരെ ക്രിമനല്‍ കുറ്റം ചുമത്തണം -ജമാഅത്തെ ഇസ്‌ലാമി

PRESS RELEASE

കോഴിക്കോട്: മുസ്‌ലിം മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പരസ്യ പ്രസ്താവന നടത്തിയ സ്വാധി പ്രാചിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഇത്തരം വംശീയ പ്രസ്താവനയിലൂടെ രാജ്യത്ത് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുകയും അതുവഴി അധികാരത്തിലെത്തുകയും ചെയ്യുക എന്ന നീച പ്രവര്‍ത്തനമാണ് സംഘ്പരിവാര്‍ ശക്തികള്‍ നടത്തികൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രസ്താവിക്കുക വഴി പ്രാചി ബോധപൂര്‍വ്വമായ വര്‍ഗീയ വല്‍കരണ ശ്രമമാണ് നടത്തുന്നത്. മുമ്പും പലതവണ ഇത്തരം പ്രസ്താവനകള്‍ നടത്തിയ പ്രാചിക്കെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന ലാഘവ സമീപനം അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് നടന്ന എല്ലാ വംശഹത്യകളുടെയും പിന്നില്‍ ഇത്തരത്തിലുള്ള വിഷലിപ്തമായ പ്രസ്താവനകള്‍ വലിയ പങ്ക്‌വഹിച്ചിട്ടുണ്ട്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് രാജ്യത്ത് കൂടുതല്‍ അരക്ഷിതബോധം വളര്‍ത്താനും ഇത്  സഹായകരമായിട്ടുണ്ട്. ഏറെ വാചാലമാകുന്ന പ്രധാനമന്ത്രി ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതര കക്ഷികള്‍ അവരുടെ നിസ്സംഗത വെടിഞ്ഞ് ഈ രീതിയിലുള്ള വാംശീയ പ്രസ്താവനകള്‍ക്കെതിരെ ശക്തമായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.