സോളിഡാരിറ്റിയുടെ വീടുകൾ - മാതൃഭൂമി ഫീച്ചർ

 

യുവാക്കള്‍ മുന്നിട്ടിറങ്ങിയാല്‍ ചിലതെല്ലാം നടക്കും. പാവങ്ങളുടെ കണ്ണീരൊപ്പാം. സ്വപ്നങ്ങള്‍ പോലും നഷ്ടപ്പെട്ടവരുടെ മുഖത്ത് ചിരി വിരിയിക്കാം. യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അതാണ് തെളിയിച്ചത്. സംഘടന കേരളത്തില്‍ സ്വന്തമായി ഭവനപദ്ധതി നടപ്പാക്കുന്നുണ്ട്. 'നിങ്ങളുടെ പണം, ഞങ്ങളു ടെ അധ്വാനം. വീടില്ലാത്തവര്‍ക്കൊരു വീട് എന്നാണ് തലവാചകം. പൊതുജനങ്ങളുടെ സാമ്പത്തികസഹായത്തോടെ പാവങ്ങള്‍ക്ക് വീടൊരുക്കുന്നതാണ് പദ്ധതി. സംഘടനാപ്രവര്‍ത്തകരുടെ അധ്വാനത്തിലൂടെ സോളിഡാരിറ്റിയുടെ ഒന്നാം വാര്‍ഷിക ഉപഹാരമായി 13 വര്‍ഷംമുമ്പാണ് പദ്ധതി തുടങ്ങിയത്. 100 വീടുകളായിരുന്നു ലക്ഷ്യം. പൊതുജനങ്ങളുടെ മികച്ച പിന്തു ണയും പ്രവര്‍ത്തകരുടെ ആവേശവും ചേര്‍ന്നതോടെ 1400-ലധികം വീട് ഇതിന കം നിര്‍മ്മിക്കാനായി. പുറംപോക്കില്‍ താമ സിക്കുന്നവര്‍ക്ക് താത്കാലിക വീടും സ്ഥലമുള്ളവര്‍ക്ക് സ്ഥിരംവീടുമാണ് നിര്‍മ്മിച്ചത്. താത്കാലികവീടിന് 10,000 രൂപയും പൂര്‍ണവീടിന് 1.5 ലക്ഷം രൂപയുമായിരുന്നു തുടക്കത്തില്‍ ചെലവ് സ്ഥലത്തിന് അനുയോജ്യമായാണ് ഓരോ വീടിനും മാതൃക സ്വീകരിച്ചത്.
ദുര്‍ബലപ്രദേശങ്ങള്‍ക്കായി സോളിഡാരിറ്റിക്ക് പ്രത്യേക ഭവനപദ്ധതിയുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇതു കള്‍ക്ക് 400 ചതുരശ്രയടി വിസ്തൃതിയില്‍ 22 പുതിയ വീട് നിര്‍മ്മിച്ചുനല്‍കി. 24 എണ്ണം അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി.
മട്ടാഞ്ചേരി ചേരിപ്രദേശത്തിനായി സണ്‍റൈസ് കൊച്ചി എന്ന പേരില്‍ പുനരധിവാസ പദ്ധതിയുമുണ്ട്. ഇവിടെ 20 സെന്റ് സ്ഥലംവാങ്ങി 24 ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി അത് ഉടന്‍ പാവങ്ങള്‍ക്ക് കൈമാറുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്ത് 32 സെന്റ് സ്ഥലത്ത് ഏഴ് വില്ലകള്‍ നിര്‍മ്മിക്കുന്ന 'പാര്‍പ്പിടം' പദ്ധതിയും തുടങ്ങിയിട്ടുണ്ട്.

മാതൃഭൂമി ദിനപത്രം 26.07.2016