സമാധാനവും സഹിഷ്ണുതയും തിരിച്ചുപിടിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദൗത്യം: ഹംസ അബ്ബാസ്

കൊണ്ടോട്ടി: ലോകത്ത് സമാധാനവും സഹിഷ്ണുതയും തിരിച്ചുകൊണ്ടുവരാന്‍ വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകണമെന്ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്. ആറ്റംബോംബുകളുടെ ഉപയോഗത്താല്‍ ലോകത്ത് പച്ചമനുഷ്യരെ കൊന്നൊടുക്കുകയും ജനജീവിതം ദുരന്തപൂര്‍ണ്ണമാക്കിയ സന്ദേശവുമാണ് ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും നമ്മെ പഠിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ ലോകത്ത് അറിയപ്പെടുന്ന ഇന്ത്യാ രാജ്യത്ത് പോലും നവഫറോവമാര്‍ പശുഭക്തിക്കും അസഹിഷ്ണുതക്കും ശ്രമം നടത്തി കൊണ്ടിരിക്കുന്നതും ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ പ്രതിഭാദരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കി. ഈ വര്‍ഷത്തെ സ്റ്റാഫ് കള്‍ച്ചറല്‍ ഫോറത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുന്‍സീര്‍ സി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഐ.സി. ട്രസ്റ്റ് മെമ്പര്‍ കുഞ്ഞഹമ്മദ് പറമ്പാടന്‍, മോറല്‍ ഡയറക്ടര്‍ സമീര്‍ വടുതല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അബ്ദുല്ല കുരിക്കള്‍, അബൂബക്കര്‍ കുന്നംപള്ളി, മെഹര്‍ മന്‍സൂര്‍, വൈസ് പ്രിന്‍സിപ്പല്‍ അമീന ജഹാന്‍, ഗഫൂര്‍ ചേന്നര, സ്റ്റാഫ് കള്‍ചറല്‍ ഫോറം കണ്‍വീനര്‍ ഷറഫുദ്ധീന്‍ ഉമ്മര്‍, അസി. കണ്‍വീനര്‍ റംല ബറോസ് എന്നിവര്‍ സംബന്ധിച്ചു.