മതത്തിന്റെ മാനവികമായ മുഖത്തെ പ്രബോധനം ചെയ്യുക - ശൈഖ് മുഹമ്മദ് കാരകുന്ന്

എന്റെ ജീവിതം എന്നെ പഠിപ്പിച്ച ഒരു അനുഭവം കാസര്‍ഗോഡും നാദാപുരവും പകര്‍ത്തണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. 1991 ല്‍ പാലക്കാടിലൂടെ കടന്നു പോയ ഒരു ഏകതായാത്ര അവിടെ സൃഷ്ടിച്ച കലുഷമായ അന്തരീക്ഷം ഏതാണ്ട് പത്തു കൊല്ലം തുടര്‍ന്നു. അത് ഏറ്റവും പ്രതികൂലമായി ബാധിച്ചത് മൂന്ന് വിഭാഗത്തെയായിരുന്നു. ഏറ്റവും കൂടുതല്‍ അതിന്റെ ദുരന്തം അനുഭവിച്ചിരുന്നത് അവിടുത്തെ കച്ചവടക്കാരെയായിരുന്നു.  കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താന്‍ കഴിയാതിരിക്കുക മാത്രമല്ല എല്ലാ ഡിസംബര്‍ മാസം വരുമ്പോഴും എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുകയും ദിവസങ്ങളോളം കടകള്‍ അടച്ചിടേണ്ടി വരികയും ചെയ്യും. വല്ലതും തുറന്ന് വെച്ചാല്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യും. രണ്ടാമത്തേത് സ്ത്രീകളും കുട്ടികളുമായിരുന്നു. കാരണം അവരനുഭവിച്ച അരക്ഷിത ബോധമായിരുന്നു അതിനു കാരണം. ഇത് പാലക്കാടിനെ ഏറെ പ്രയാസപ്പെടുത്തിയ ഘട്ടത്തില്‍ സ്വാഭാവികമായും പാലക്കാട്ടെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പ്രഫ. മഹാദേവന്‍ പിള്ള, അഡ്വ. തോമസ് മാത്യൂ, സുലൈമാന്‍,  അഡ്വ. സുല്‍ഫീക്കര്‍, ചേറ്റൂര്‍ തുടങ്ങിയ ഏറെ അടുത്തവരായ ആളുകള്‍ ബന്ധപ്പെട്ടു. ഈ ആവശ്യാര്‍ഥം മൂന്ന് തവണ പാലക്കാട് പോയി. മൂന്നാമത്തെ തവണ ദൈവാനുഗ്രഹത്താല്‍ പാലക്കാട് ഒരു സൗഹൃദസമിതി രൂപം കൊണ്ടു. 2002 ലായിരുന്നു അത്. പ്രഫ. മഹാദേവന്‍ പിള്ള അധ്യക്ഷനായും തോമസ്മാത്യൂവും സുലൈമാനുമൊക്കെ ഭാരവാഹികളായും രൂപം കൊണ്ട ആ സൗഹൃദവേദി നിലവില്‍ വന്ന ശേഷം ദൈവാനുഗ്രഹത്താല്‍ കഴിഞ്ഞ 14 വര്‍ഷം പാലക്കാട്ട് ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല, വളരെ ശാന്തമായി കഴിയുന്നു. എന്റെ വിനീതമായ വിശ്വാസം ഇവിടെ കാസര്‍ഗോഡും ഒരു സ്ഥിരം സൗഹൃദവേദി ഉണ്ടാവണം. 

മുമ്പെല്ലാം നാനാ വിഭാഗം ആളുകള്‍ക്കും മക്കാനികളും കളിസ്ഥലങ്ങളുമെല്ലാമായി ഒത്തു ചേരാന്‍ ധാരാളം ഇടങ്ങളുണ്ടയിരുന്നു. ഈ സാധ്യതകള്‍ വലിയൊരു സൗഹൃദത്തിന്‍രെ വേദിയായി മാറുമായിരുന്നു. ഇന്ന് അത്തരം വേദികള്‍ ഇല്ലാതെ പോയി എന്നത് വലിയ ദുരന്തമാണ്. ഗ്രാമീണ വായനശാലകള്‍ കേരളത്തിന്റെ നവോദ്ധാന ചരിത്രത്തില്‍ ഉജ്വലമായ അടിത്തറകളായിരുന്നു. ഇന്നതെല്ലാം ആളൊഴിഞ്ഞ കെട്ടിടങ്ങളായിരിക്കുന്നുവെന്നത് വലിയ ദുരന്തമാണ്. ആളുകള്‍ ഒരുമിച്ചു കൂടുക എന്നത് സാഹോദര്യം രൂപപ്പെടുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ആ ഒത്തുകൂടലുകളില്‍ പരസ്പരമുള്ള വിശ്വാസ കാഴ്ചപ്പാടുകള്‍ പങ്കു വെക്കാനുള്ള അവസരമുണ്ടാവും.

അടിസ്ഥാനപരമായി മതവിശ്വാസികളാണ് കേരളീയര്‍. ആ മതം മൗലികമായി ഒരു മനുഷ്യനെയും അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല. രണ്ട് ക്രൗഞ്ച പക്ഷികള്‍ ഒന്നിച്ചിരുന്നതില്‍ ഒന്നിനെ അമ്പെയ്ത വേടനെ നോക്കി മാനിഷാദ പറഞ്ഞ വാല്‍മീകി മഹര്‍ഷിയാണ് ശ്രീരാമനെ പരിചയപ്പെടുത്തിയത്. പക്ഷെ ആ ശ്രീരമാന്‍ ചരിത്രത്തിന്റെ ആ ഇരുണ്ട കാലഘട്ടങ്ങളില്‍ മനുഷ്യരെ അകറ്റുന്ന പ്രതീകമായി മാറിയെങ്കില്‍ അത് മതത്തിന്റെയോ ധര്‍മ്മത്തിന്റെയോ തെറ്റല്ല, മതത്തെ അധികാര താല്പര്യത്തിന് വേണ്ടി ഉപയോഗിച്ചതിന്റെ ദുരന്തമാണ് എന്ന് നമുക്ക് അറിയാവുന്നതാണ്.   

ഇന്ത്യയുടെ സഹസ്രാബ്ധങ്ങളുടെ പാരമ്പര്യത്തില്‍ ഷിബു ചക്രവര്‍ത്തിയുണ്ട്. പ്രാപ്പിടിയനില്‍ നിന്നും പ്രാവിനെ മോചിപ്പിക്കാന്‍ വേണ്ടി സ്വ്ന്ത ശരീരത്തിലെ മാംസ ഇട്ടു കൊടുത്ത ഷിബുചക്രവര്‍ത്തിയുണ്ട്. ഷിബു ഇന്ത്യയിലെ ജീവകാരുണ്യത്തിന്റൈ ഉജ്ജ്വല പ്രതീകമാണ്. ആര്‍ഷ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തില്‍ ഹിസാംത്മക പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ സാധ്യമല്ല.   

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എല്ലാവര്‍ക്കുമറിയാം. ഇത്തരം കാര്യങ്ങള്‍ അതത് മത്തതിന്റെ ആളുകള്‍ പറഞ്ഞ് കൊടുത്ത് പഠിപ്പിക്കേണ്ടത് അനിവാരമായിരിക്കും. വിശുദ്ധ ഖുര്‍ആന്‍ നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനാ കര്‍മ്മങ്ങളുടെ ഒന്നിന്റെയും വിശദാംശങ്ങളില്ല. അതേ സമയം ഒരു ജുതന്റെ നീതിക്ക് വേണ്ടിയുള്ള 9 സൂക്തങ്ങളുണ്ട്. തങ്ങളുടെ ദര്‍ശനങ്ങള്‍ എന്താണ് പറയുന്നതെന്നവരെ പഠിപ്പിക്കണം. 
പ്രവാചകന്റെ ശിഷ്യനായ ബഷീര്‍ എന്നയാള്‍ ഒരു പടയങ്കി മോഷ്ടിച്ചു. മോഷ്ടാവിനെതിരെ പരാതി വന്നപ്പോള്‍ ആ പടയങ്കി ഒരു ജൂതന്റെ വീട്ടില്‍ കൊണ്ടു പോയി ഇട്ടു. അവിടന്ന് കിട്ടിയതാണെന്ന വിവരം പ്രവാചകനടുത്തെത്തിയപ്പോള്‍ പ്രവാചകനും തോന്നി കട്ടത് ജൂതനാണെന്ന്. അങ്ങിനെ യഥാര്‍ഥ മോഷ്ടാവിനെ വിട്ടയച്ചു. മോഷണത്തിന്റെ കുറ്റം ജൂതന്റെ മേല്‍ ഏല്‍പ്പിക്കപ്പെടുന്ന ഘട്ടത്തിലാണ് ഖുര്‍ആനിലെ 105 മുതല്‍ 113 വരെയുള്ള സൂക്തങ്ങള്‍ ജൂതന്റെ നീതിക്ക് വേണ്ടി അവതീര്‍ണമായി. വംശീയതയുടെ നേരിയ ലാഞ്ചന വന്നപ്പോഴേക്കും ഖുര്‍ആന്‍ പറയുന്നത് പാപമോചനം തേടാനാണ്. 

മക്കയില്‍ യുദ്ധം നിഷിദ്ധമായിരുന്നു. യസ്രിബിലേക്ക് പോയിട്ട് രണ്ടാമത്തെ വര്‍ഷമാണ് യുദ്ധം അനുവധിക്കുന്നത്. യുദ്ധം അനുവധിക്കപ്പെട്ടതിന്റെ കാരണം തന്നെ വിശുദ്ധവേദം (സുറതുല്‍ ഹജ്ജ് 39,40) പഠിപ്പിക്കുന്നത് ദൈവനാമം സ്മരിക്കപ്പെടുന്ന മുസ്ലിം പള്ളികളും ക്രൈസ്തവ ചര്‍ച്ചുകളും ജൂത സെനഗോഗുകളും സന്യാസി മഠങ്ങളും സംരക്ഷിക്കപ്പെടാന്‍ വേണ്ടിയാണ് എന്നാണ്.
മക്കയിലെ ആളുകള്‍ പ്രവാചകനെതിരെ രണ്ട് യുദ്ധം നയിച്ചു. ഒന്ന് ബദര്‍ മറ്റൊന്ന്് ഉഹ്ദ്. രണ്ടാമത്തെ യുദ്ധത്തില്‍ പ്രവാചകന്റെ പല്ല് പൊട്ടി ശരീരത്തില്‍ മുറിവ് പറ്റി. പ്രവാചകന്റെ പിതൃവ്യന്‍ അരുമശിഷ്യനും വധിക്കപ്പെട്ടു. ആ യുദ്ധത്തിന് ശേഷമാണ് കടുത്ത വരള്‍ച്ചയും ക്ഷാമവും ദാരിദ്ര്യവുമുണ്ടായി. അവര്‍ക്കേ വേണ്ട ഭക്ഷണസാധനം എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയാണ് പ്രവാചകന്‍ ചെയ്തത്. 

മതത്തിന്റെ ഇത്തരം മാനവികമായ മുഖത്തെയും പരമതങ്ങളോടുള്ള സഹിഷ്്ണുതയോടുകൂടിയിള്ള സമീപനങ്ങളെയും പലപ്പോഴും ശ്രദ്ധിക്കാതെ പോവുന്നു. ഇതിന് അറുതി വരുത്തുക. 
 

(സമാധാനം മാനവികത കാമ്പയിന്റെ ഭാഗമായി കാസർഗോഡ് നടന്ന ടേബിൾ ടോകിൽ നടത്തിയ പ്രഭാഷണം)