വിജ്ഞാനത്തിന്റെ പ്രചാരണത്തിന് മുന്നിട്ടിറങ്ങുക

മലയാളത്തില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ ദുര്‍ലഭമായിരുന്ന കാലത്ത് ഇസ്‌ലാമിന്റെ സമഗ്ര മുഖം നമ്മുടെ ഭാഷയില്‍ അവതരിപ്പിക്കുന്നതില്‍ ചരിത്രപരമായ പങ്ക് നിര്‍വഹിച്ച പ്രസാധനാലയമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്). നവോത്ഥാനപരമായ ഉള്ളടക്കമുള്ള കൃതികള്‍ ലോക ഭാഷകളില്‍നിന്ന് പരിഭാഷപ്പെടുത്തിയും കേരളീയ പരിസരവുമായി താദാത്മ്യം പുലര്‍ത്തുന്നവ സ്വന്തമായി രചിച്ചും ദീനിന്റെ ധവളിമ ജാതിമത ഭേദമന്യേ മലയാളികളുടെ  വായനാമുറിയില്‍ എത്തിക്കാന്‍ ഐ.പി.എച്ചിന് കഴിഞ്ഞിട്ടുണ്ട്. സാക്ഷരകേരളം നെഞ്ചേറ്റിയ ഈ പുസ്തകങ്ങള്‍ ഐ.പി.എച്ച് സാഹിത്യം എന്ന ഒരു ഭാഷാ പ്രയോഗത്തിനു തന്നെ പിറവിയേകുകയുണ്ടായി. ഇത്തരത്തില്‍ 700-ഓളം മികച്ച കൃതികള്‍ പുറത്തിറക്കിയ ഐ.പി.എച്ചിന്റെ ബൃഹദ് സംരംഭമാണ് ഇസ്‌ലാമിക വിജ്ഞാനകോശ പരമ്പരയുടെ പ്രസിദ്ധീകരണം. വ്യത്യസ്ത സ്രോതസ്സുകളിലായി പരന്നുകിടക്കുന്ന വിവിധ ഇസ്‌ലാമികവിജ്ഞാനീയങ്ങളെ ശാസ്ത്രീയ രീതിയില്‍ സമീപിക്കാനുതകുന്ന ബൃഹദ് പദ്ധതിയാണ് ഇത്. ഇസ്‌ലാമിക വിശ്വാസം, ചരിത്രം, കര്‍മശാസ്ത്രം, ആചാരം, സംസ്‌കാരം, നാഗരികത, ദര്‍ശനം, കല, സാഹിത്യം, സൗന്ദര്യ സങ്കല്‍പം തുടങ്ങി ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട സര്‍വ വിജ്ഞാനങ്ങളും അകാരാദിക്രമത്തില്‍ ഇതില്‍ അടുക്കിവെച്ചിരിക്കുന്നു.  12 വാല്യങ്ങള്‍ പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ ആധാര ഗ്രന്ഥങ്ങള്‍ പ്രയോജനപ്പെടുത്തി, കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം പണ്ഡിതന്മാര്‍ ചേര്‍ന്ന് തയാറാക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം സമഗ്ര വിദ്യാഭ്യാസ പദ്ധതിയും അറബ് -ഇസ്‌ലാമിക ലോകത്തെ അനേകം ക്ലാസിക് കൃതികളുടെ പരോക്ഷ വിവര്‍ത്തനവും കൂടിയാണ്. ഇസ്‌ലാമിക സംസ്‌കാരവും പൈതൃകവും സമഗ്ര രൂപത്തില്‍ വരുംതലമുറകള്‍ക്കായി രേഖപ്പെടുത്തിവെക്കുകയെന്ന ഈ സാഹസിക ദൗത്യം പൂര്‍ത്തിയാകുന്നതോടെ മലയാള ഭാഷയില്‍ ഇതുവരെ ലഭ്യമല്ലാതിരുന്ന അപൂര്‍വ വിജ്ഞാനീയങ്ങളുടെ അമൂല്യ ശേഖരമാണ് കൈമുതലാവുക. ഇതിന്റെ ഒന്നാം വാല്യം പുറത്തിറക്കിയത് ഐ.പി.എച്ച് സുവര്‍ണജൂബിലി വര്‍ഷമായ 1995-ലാണ്. 12-ാം വാല്യം 2015 ഏപ്രില്‍ 24-ന് പ്രകാശിതമായി. 

വിജ്ഞാനകോശം പോലെ ബൃഹത്തായ ഗ്രന്ഥപരമ്പര പ്രസിദ്ധീകരിക്കുകയെന്നത് ഒരു സര്‍ക്കാറിതര ഏജന്‍സിക്ക് താങ്ങാവുന്നതിനപ്പുറമാണ് എന്ന് പറയേണ്ടതില്ലല്ലോ. വമ്പിച്ച വിഭവശേഷിയും കഠിനാധ്വാനവും ആവശ്യമായ ഒരു പദ്ധതി ഇത്രയെങ്കിലും പൂര്‍ത്തിയാക്കാനായത് സര്‍വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹവും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അര്‍പ്പണബോധവും കൊണ്ടുമാത്രമാണ്. ഭാരിച്ചതെങ്കിലും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ഒരു ബാധ്യതയാണിത്. ആരെങ്കിലും ഇത് നിര്‍വഹിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ശോഭനമായ പല അധ്യായങ്ങളും രേഖപ്പെടുത്താതെ കാലക്രമത്തില്‍ വിസ്മൃതമായിപ്പോകും. 

എന്നാല്‍, ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥമെന്ന നിലയിലുള്ള അംഗീകാരവും പ്രചാരവും ഈ അമൂല്യ ഗ്രന്ഥശേഖരത്തിന് ഇനിയും ലഭിച്ചിട്ടില്ല എന്ന കാര്യം കാണാതിരുന്നുകൂടാ; ഇതിന്റെ പ്രസാധനത്തിന് നാം ചെലവഴിക്കുന്ന അധ്വാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വിശേഷിച്ചും. ആര്‍ക്കാണോ ഇത് പ്രയോജനപ്പെടേണ്ടത് അവരില്‍ ഭൂരിഭാഗത്തിനും ഇതേക്കുറിച്ച് അറിയുകയോ അവര്‍ക്ക് ഇത് ലഭ്യമാവുകയോ ചെയ്തിട്ടില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂളുകള്‍, പ്രമുഖരായ എഴുത്തുകാര്‍, ധിഷണാശാലികള്‍, അക്കാദമീഷ്യര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രഭാഷകര്‍, ഗവേഷകര്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍  തുടങ്ങിയവരൊക്കെ ആ കൂട്ടത്തിലുണ്ട്. 

സാമ്പത്തിക പ്രതിസന്ധിയാണ് മറ്റൊന്ന്. ദുര്‍വഹമായ ഭാരം വഹിച്ചുകൊണ്ടാണ് നാമിത് മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടുതല്‍ കോപ്പികള്‍ അച്ചടിക്കുകയും വിജ്ഞാനകോശം പ്രയോജനപ്പെടാന്‍ സാധ്യതയുള്ള സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് നാം മുന്‍കൈയെടുത്ത് ഇത് ലഭ്യമാക്കുകയും ചെയ്താല്‍, ഈ രണ്ട് പ്രതിസന്ധികളും ഒരേസമയം നമുക്ക് മറികടക്കാന്‍ കഴിയും. ആയതിനാല്‍, നമ്മുടെ എല്ലാ ഘടകങ്ങളും ഇതുവരെ പുറത്തിറങ്ങിയ വിജ്ഞാനകോശത്തിന്റെ സെറ്റുകള്‍ പരമാവധി ജനങ്ങളിലെത്തിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് നാം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍ ഒരു ഘടകം ചുരുങ്ങിയത് ഒരു സെറ്റ് വിജ്ഞാനകോശം വില്‍പനയാക്കണമെന്നതാണ് ടാര്‍ജറ്റ്. 

സാധ്യമാവുന്നവര്‍ നേരിട്ട് വാങ്ങുകയും വാങ്ങാന്‍ കഴിയുന്നവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവക്കും, ഇത് പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പുള്ള മറ്റുള്ളവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിജ്ഞാനകോശം സെറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. ഇതിന്റെ പുരോഗതി വിലയിരുത്തുകയും ടാര്‍ജറ്റ് പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇതുവരെ പുറത്തിറക്കിയ 12 വാല്യങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാനകോശത്തിന്റെ സെറ്റ് ആകര്‍ഷകമായ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന സ്‌കീം ഐ.പി.എച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളത് പ്രയോജനപ്പെടുത്താന്‍ പ്രത്യേകം താല്‍പര്യമെടുക്കണം. വിജ്ഞാനകോശംപോലെ ശാശ്വത മൂല്യമുള്ള റഫറന്‍സ് കൃതികള്‍ പൊതുവായനക്ക് പ്രാപ്യമാക്കുക എന്നതാണ് ഇക്കാലത്തെ പ്രസക്തമായ ജിഹാദ്. ഇത് നമ്മുടെ ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമാണ്. അല്ലാഹുവിങ്കല്‍ പ്രത്യേക പ്രതിഫലമുള്ള സല്‍ക്കര്‍മവുമാണ്. ആ നിലക്ക് വിജ്ഞാനകോശത്തിന്റെ പ്രചാരണം എല്ലാ ഘടകങ്ങളും ഒരു ദീനീ ബാധ്യതയായെടുത്ത് മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെടുകയാണ്. അല്ലാഹു തൗഫീഖ് നല്‍കട്ടെ.