ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്മാരക സെമിനാര്‍; ഡിസംബര്‍ 2ന്

കൊച്ചി: യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം  സെമിനാര്‍ സംഘടിപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന എഫ്.ഡി.സി.എ സംസ്ഥാന എക്‌സിക്യട്ടീവ് യോഗം തീരുമാനിച്ചു. അസഹിഷ്ണുതയുടെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ഡിസംബര്‍ 2 ന് എറണാകുളത്താണ് സെമിനാര്‍ നടക്കുക.
രാജ്യത്ത് ദളിതര്‍ക്കും വിവിധ ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും അസഹിഷ്ണുതയിലും യോഗം അതിയായ ആശങ്ക രേഖപ്പെടുത്തി. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്നും മുഴുവന്‍ മനുഷ്യ സ്‌നേഹികളും ഇതിനെരെ രംഗത്തു വരണമെന്നും യോഗം ആഹ്വാനം ചെയ്തു.
ഐ.എസ്. എന്ന ഭീകര സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ നമ്മുടെ സംസ്ഥാനത്തു നിന്നുള്ള യുവാക്കളും ഉള്‍പ്പെടുന്നുവെന്ന വാര്‍ത്ത ഉത്കണ്ഠ ഉയര്‍ത്തുന്നതാണെന്ന്  യോഗം വിലയിരുത്തി. കുറ്റമറ്റ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അതേ സമയം ഇതിന്റെ പേരില്‍ ഒരു സമുദായത്തെയാകെ ആക്രമിക്കുന്നത് ശരിയല്ല.
യോഗത്തില്‍ എഫ്.ഡി.സി.എ സംസ്ഥാന വൈസ് ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ശംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ. അബ്ദുറഹ്മാന്‍ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറിമാരായ ടി.കെ.ഹുസൈന്‍, പ്രൊഫ. കെ.അരവിന്ദാക്ഷന്‍, കമ്മിറ്റി അംഗങ്ങളായ ബാലചന്ദ്രന്‍ വടക്കേടത്ത്, വയലാര്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.