ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് - പോളിസി ആന്റ് പ്രോഗ്രാം

2015-2019 പോളിസി പ്രോഗ്രാം ഊന്നലുകള്‍ 

 1. ജമാഅത്തെ ഇസ്‌ലാമിയുടെ ജനകീയാടിത്തറ വികസിപ്പിക്കും. ഇതിനായി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. പ്രദേശങ്ങളിലെ മതപരവും സാമൂഹികവുമായ വേദികളിലും പൊതുസംരംഭങ്ങളിലും നേതൃപരമായ പങ്ക് വഹിക്കും. സംഘടനയുടെ സാമൂഹ്യ സാന്നിദ്ധ്യം അനുഭവപ്പെടുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
 2. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശമുഖം പൊതുസമൂഹത്തിലും മുസ്‌ലിം സമുദായത്തിലും പ്രസ്ഥാനപ്രവര്‍ത്തകരിലും കൂടുതല്‍ തെളിമയുള്ളതാക്കും. പ്രസ്ഥാനത്തിന്റെ  നയവികാസങ്ങളുടെ സൈദ്ധാന്തിക അടിത്തറ പ്രവര്‍ത്തകരെ പഠിപ്പിക്കുകയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യും.
 3. മുസ്‌ലിം സമുദായവുമായി നേരിട്ട് ഇടപഴകുകയും, അവരുമായി കൂടുതല്‍ ക്രിയാത്മകമായി സംവദിക്കാന്‍ കഴിയുന്ന ഭാഷയും ശൈലിയും സ്വീകരിക്കുകയും ചെയ്യും. ആരാധനാ കാര്യങ്ങള്‍ സമുദായ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന വിഷയമായി പരിഗണിക്കും.
 4. മനുഷ്യമോചനത്തിന്റെയും പരലോകവിജയത്തിന്റെയും മാര്‍ഗം ഇസ്‌ലാമാണെന്ന് വ്യക്തികളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഫലപ്രദവും വൈവിധ്യപൂര്‍ണവുമയ പരിപാടികള്‍ ഇതിനായി സംഘടിപ്പിക്കും. ദഅ്‌വത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കുന്ന സൗഹൃദ പരിപാടികള്‍ ധാരാളമായി സംഘടിപ്പിക്കും
 5. മാനവിക മൂല്യങ്ങളും സാമൂഹ്യനീതിയും അടിസ്ഥാനമാക്കി വളര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയ ചേരിയെ ശക്തിപ്പെടുത്തും.
 6. ഉച്ചനീചത്വങ്ങള്‍ക്കും വംശീയ മേല്‍ക്കോയ്മക്കുമെതിരെ ഇസ്‌ലാമിലെ സാഹോദര്യത്തെ സാമൂഹ്യ പ്രയോഗമാക്കി വികസിപ്പിക്കും.
 7. കേരളത്തില്‍ പ്രകടമായി വരുന്ന വര്‍ഗീയ ധ്രൂവീകരണവും, സാമുദായിക സ്പര്‍ധയും ഗൗരവപൂര്‍വം പരിഗണിക്കും. സൗഹൃദ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ബഹുസ്വര പൊതുമണ്ഡലത്തെ വികസിപ്പിക്കാനുള്ള ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. മതപരമായ ചടങ്ങുകള്‍, വ്യക്തിപരമായ ബന്ധങ്ങള്‍ ഉള്‍പ്പടെ സാധ്യമാവുന്നതെല്ലാം ഇതിനായി ഉപയോഗപ്പെടുത്തും. കേരളത്തിലെ ഇസ്‌ലാമിക/മുസ്‌ലിം ചരിത്രത്തില്‍നിന്ന് മൈത്രി(harmony)യുടെ സംഭവങ്ങള്‍ ധാരാളമായി പ്രചരിപ്പിക്കും.
 8. ഈ പ്രവര്‍ത്തന കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കും. 
 9. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് ഉയര്‍ന്ന പരിഗണന നല്‍കും. സംഘടനയുടെ വിവിധ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവര്‍ക്കും അവരുടെ പ്രവര്‍ത്തന തലങ്ങളില്‍ തര്‍ബിയതിന് സംവിധാനമൊരുക്കും. സോഷ്യല്‍ മീഡിയാ ഇടപെടലുകളിലെ തര്‍ബിയതിന് പ്രത്യേകം ശ്രദ്ധ നല്‍കും. സദാചാര-സാമ്പത്തിക രംഗങ്ങളിലെ ധാര്‍മിക തകര്‍ച്ചയെ ഈമാനിന്റെയും ആഖിറത്തിന്റെയും വികാരം വളര്‍ത്തിക്കൊണ്ട് പ്രതിരോധിക്കും.
 10. വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നയസമീപനങ്ങള്‍ രൂപപ്പെടുത്തുകയും കര്‍മരേഖയുണ്ടാക്കുകയും ചെയ്യും. വനിതാ രംഗത്തെ വര്‍ദ്ധിച്ച വിഭവശേഷി പ്രയോജനപ്പെടുത്തുന്നതും, സ്ത്രീ സൗഹൃദപരവുമായിരിക്കും പുതിയ കര്‍മപദ്ധതി.
 11. ജനസേവന പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തും. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന ഏജന്‍സിയായി ജമാഅത്ത് ഘടകങ്ങളും പ്രവര്‍ത്തകരും പ്രസ്ഥാന സംവിധാനങ്ങളും മാറും.  ഇസ്‌ലാമിക സാമ്പത്തിക സംവിധാനം ബദല്‍ വ്യവസ്ഥയായി ഉയര്‍ത്തിക്കൊണ്ടുവരാനും, അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും.
 12. ജമാഅത്ത് നയങ്ങളും പരിപാടികളും പ്രസ്ഥാന നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെയും, പോഷക സംഘടനകളിലൂടെയും നടപ്പിലാക്കുന്നതിന് കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഉണ്ടാവും. 
 13. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വലിയ വിഭവശേഷിയാണ് പ്രവാസികളും മറുനാടന്‍ മലയാളികളും. അവരുടെ ചിന്തയും  കഴിവുകളും പ്രസ്ഥാനം കൂടുതല്‍ പ്രയോജനപ്പെടുത്തും.
   

>>> 1. ദഅ്‌വത്ത് 

>>> 2. ഇസ്‌ലാമിക സമൂഹം 

>>>3. സമുദായ സംരക്ഷണവും  പുരോഗതിയും

>>>4. ദേശീയ അന്തര്‍ദേശീയ കാര്യങ്ങള്‍

>>>5. ജനസേവനം  

>>>6. തര്‍ബിയത്തും തസ്‌കിയത്തും  

>>>7. സംഘടന 

>>>8. മറ്റു വകുപ്പുകൾ