2. ഇസ്‌ലാമിക സമൂഹം

പോളിസി

(എ) ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തെ ഇസ്ലാമിന്റെ യഥാര്‍ഥവും സമഗ്രവുമായ വിഭാവനയും വൈയക്തികവും സാമൂഹികവുമായ ജീവിതത്തില്‍ അതിന്റെ താല്‍പര്യങ്ങളും യുക്തിഭദ്രമായി ബോധ്യപ്പെടുത്തും. അതിലൂടെ വ്യക്തികള്‍ക്ക് പരലോകത്ത് മറുപടി നല്‍കേണ്ടതുണ്ടെന്ന ബോധവും അല്ലാഹുവിന്റെ പ്രീതിനേടാനുള്ള ത്വരയും പ്രവാചകനോടുള്ള സ്‌നേഹാനുസരണ വികാരവും ഉത്തേജിതമാവണം. മുസ്ലിം സമൂഹവും അതിന്റെ സാമൂഹ്യ വിദ്യാഭ്യാസ സേവനസ്ഥാപനങ്ങളും ഇസ്ലാമിക മൂല്യങ്ങളുടെ ദര്‍പണമാകണം. അവരുടെ ജീവിതം ചിന്താപരവും കര്‍മപരവുമായ ദൂഷ്യങ്ങളില്‍നിന്നും ശിര്‍ക്ക് ബിദ്അത്തുകളുടെ ലാഞ്ചനകളില്‍നിന്നും മോചിതവും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം. അവര്‍ സ്വയം ഉത്തമ സമുദായമാണെന്ന ബോധം ഉള്‍ക്കൊള്ളുകയും ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഐക്യപ്പെട്ട് സത്യസാക്ഷ്യത്തിന്റെ ബാധ്യത നിര്‍വഹിക്കാനും 'ഇഖാമത്തുദീന്‍' എന്ന ലക്ഷ്യത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രാപ്തരാകണം.

(ബി) മുസ്ലിംകളുടെ കുടുംബസംവിധാനം ഇസ്ലാമികാധ്യാപനങ്ങള്‍ക്കനുസരിച്ച് വാര്‍ത്തെടുക്കാന്‍ ജമാഅത്ത് ശ്രമിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഇസ്ലാമികശിക്ഷണത്തിനും അവരെ പാശ്ചാത്യ-ബഹുദൈവ സംസ്‌കാരങ്ങളുടെ ദൂഷ്യങ്ങളില്‍ നിന്ന് രക്ഷിക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കും. സ്ത്രീകള്‍ക്ക് കടമകളും അവകാശങ്ങളും സംബന്ധിച്ച ശരിയായ ബോധം ഉണ്ടാക്കുകയും സമൂഹത്തില്‍ അവര്‍ക്കുള്ള യഥാര്‍ഥ സ്ഥാനം നേടികൊടുക്കുകയും നന്മയുടെ സ്ഥാപനത്തിലും തിന്മയുടെ വിപാടനത്തിലും അവരുടെ റോള്‍ നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യും.

 

പോളിസി താല്‍പര്യങ്ങള്‍

 1. മുസ്‌ലിംകളില്‍ ദീനിവിജ്ഞാനം സാര്‍വത്രികമാക്കുക. ഇസ്‌ലാമിക വിശ്വാസങ്ങളുടെയും നിയമങ്ങളുടെയും സത്യതയെക്കുറിച്ച് അവര്‍ക്ക് ദൃഢബോധ്യമുണ്ടാവുക. പ്രവൃത്തികളിലും ഇബാദത്തുകളിലും ഫര്‍ദുകളുടെയും സുന്നത്തുകളുടെയും പ്രാധാന്യവും മുന്‍ഗണനാക്രമവും തിരിച്ചറിയുക. അനിസ്‌ലാമിക വിഭാവനകളില്‍നിന്ന് മനസ്സ് ശുദ്ധമാവുക.
 2. മുസ്‌ലിംസമൂഹത്തില്‍ നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നിര്‍വഹണത്തിനും മറ്റു നിര്‍ബന്ധ കാര്യങ്ങള്‍ക്കും    സംവിധാനമുണ്ടാവുക.
 3. പരസ്പര സംഘട്ടനങ്ങൡനിന്നും മദ്ഹബീ പക്ഷപാതിത്വ ത്തില്‍നിന്നും മോചിതരായി ഖുര്‍ആനിനും സുന്നത്തിനുമ നുസരിച്ച് ഐക്യപ്പെടുക.
 4. ഇസ്‌ലാമികമായി സംഘടിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യവും മുസ്‌ലിംകളെ ബോധ്യപ്പെടുത്തുക. അതുമൂലമുണ്ടാകുന്ന അനുഗ്രഹങ്ങളും നേട്ടങ്ങളും തെര്യപ്പെടുത്തുക.
 5. മുസ്‌ലിം യുവാക്കളുടെ പാശ്ചാത്യസംസ്‌കാരഭ്രമം, ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള അജ്ഞത, മതത്തോടുള്ള വിമുഖത തുടങ്ങിയ പ്രവണതകളെ ഇല്ലാതാക്കാന്‍ നിര്‍മാണാത്മകമായ നടപടികള്‍ സ്വീകരിക്കുക.
 6. പള്ളികള്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനും തര്‍ബിയത്തിനുമുള്ള കേന്ദ്രങ്ങളാക്കാന്‍ പള്ളിഭാരവാഹികളെയും സമുദായനേതാക്കളെയും പ്രേരിപ്പിക്കുക.
 7. സമുദായത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമാക്കുക. അവിടെ വിശ്വാസ്യത, സത്യസന്ധത, നീതിന്യായം, മാനുഷികമായ ആദരവ്, സംസ്‌കാരം, കൂടിയാലോചന, തത്വങ്ങളും വ്യവസ്ഥകളും പാലിക്കല്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനം തുടങ്ങിയ മൂല്യങ്ങള്‍ പരിഗണിക്കുക.
 8. വിവാഹബന്ധത്തില്‍ ഇസ്‌ലാമിക മാനദണ്ഡവും, നികാഹില്‍ ഇസ്‌ലാമിക മര്യാദകളും സ്വീകരിക്കുക.സ്ത്രീധനം,ധൂര്‍ത്ത്,    ദുര്‍വ്യയംഎന്നിവഒഴിവാക്കുക.കുട്ടികളുടെത്തിലും സംസ്‌കരണത്തിലും ശ്രദ്ധിക്കുക. അനന്തരാവകാശത്തിലെ ശരീഅത്ത് നിയമങ്ങള്‍ മനസ്സിലാക്കുക. സമൂഹത്തില്‍ ഇസ്‌ലമികാധ്യാപനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനമുണ്ടാക്കുക.
 9. ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് അറിവുണ്ടാക്കുക. അതില്‍ അനുരജ്ഞനത്തിന്റെ രീതികള്‍, വിവാഹമോചനത്തിന്റെ പ്രവാചകാധ്യാപനവും ഖുര്‍ആനിക രീതിയും പഠിപ്പിക്കുക. ഭിന്നിപ്പുകളുണ്ടാവുമ്പോള്‍ ദാറുല്‍ ഖദായില്‍ പരിഹാരം തേടുക.
 10.  തര്‍ക്ക പരിഹാര കമ്മറ്റികളും ശരീഅഃ പഞ്ചായത്തുകളും ദാറുല്‍ഖദായും സ്ഥാപിക്കുക.
 11. സകാത്തിന്റെ സംഘടിത സമാഹരണത്തിനും വിതരണത്തിനുമുള്ള സംവിധാനത്തിന് മുസ്‌ലിംകളെ സന്നദ്ധമാക്കുക

    പരിപാടി

 1. കേന്ദ്രതലത്തില്‍ വ്യവസ്ഥാപിത മതപഠനം, അറബി ഭാഷാപഠനം എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കും പള്ളി ഇമാമുമാര്‍ക്കും വേണ്ടി രണ്ട് എട്ട്ദിവസ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
 2. ഓരോ പ്രാദേശിക ജമാഅത്തും യുവാക്കള്‍ക്ക് പ്രത്യേകമായി നിര്‍മാണ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
 3. ഹല്‍ഖാതലത്തില്‍ ദീനി മദ്രസ്സകളില്‍ പഠിച്ചവര്‍ക്കായി ചതുര്‍ദിന ക്യാമ്പ് സംഘടിപ്പിക്കും.
 4. ഹല്‍ഖകളിലെ സാധ്യതയനുസരിച്ച് കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കും. അത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ പരിശീലനത്തിനായി കേന്ദ്രതലത്തില്‍ ഒരു ട്രെയ്‌നിംഗ് ക്യാമ്പ് സംഘടിപ്പിക്കും.
 5. സാമുദായിക ഐക്യത്തിനായി ആള്‍ ഇന്ത്യാ കാമ്പയിന്‍നടത്തും.

  കേരള പ്രോഗ്രാം

 1. പള്ളികളുടെയും മഹല്ലുകളുടെയും ശാക്തീകരണത്തിന് മുഖ്യപരിഗണന നല്‍കും. മസ്ജിദ്കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കും. സജീവതയും ജനസാന്നിധ്യവുമുള്ള പള്ളികള്‍, വ്യവസ്ഥാപിതമായ മഹല്ലുകള്‍, ഇമാമുകളുടെയും മുദ്ദിനുകളുടെയും പരിശീലനം, ഖുത്വുബകളുടെ ഫലപ്രാപ്തി എന്നിവക്ക് രൂപരേഖയുണ്ടാക്കി പ്രായോഗിക നടപടികള്‍ സ്വീകരിക്കും.
 2. പ്രസ്ഥാന നിയന്ത്രണത്തിലുള്ള പള്ളികളുടെ പൊതുസ്വഭാവം കാത്തുസൂക്ഷിക്കും.
 3. പള്ളികള്‍ കേന്ദ്രീകരിച്ച് Pre-Marital Counselling, Post- Marital Counselling, Parenting, Adolescence Counselling എന്നിവയില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
 4. പ്രസ്ഥാന നിയന്ത്രണത്തിലുള്ളതല്ലാത്ത മഹല്ലുകമ്മറ്റികളില്‍ സജീവപങ്കാളിത്തം വഹിക്കും.
 5. ഖുര്‍ആന്‍ സ്റ്റഡിസെന്ററുകള്‍ സജീവമാക്കാനും പഠിതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.
 6. അധ്യാപകര്‍ക്ക് വര്‍ഷത്തില്‍ ദ്വിദിന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും. വനിതാ അധ്യാപികമാരെ കണ്ടെത്തി പ്രത്യേകം പരിശീലനം നല്‍കും.
 7. ഓണ്‍ലൈന്‍ ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ ഉള്‍പ്പടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബോധന രീതി പരമാ വധി ഉപയോഗപ്പെടുത്താന്‍ ഖുര്‍ആന്‍ സ്റ്റഡിസെന്ററുകളെ പ്രാപ്തമാക്കും.
 8. വിദ്യാസമ്പന്നരായ സ്ത്രീകളെ ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതിന് സംവിധാനമുണ്ടാക്കും.
 9. കുടുംബിനികളായ സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതിന് ഹ്രസ്വകാല കോഴ്‌സുകള്‍ സംഘടിപ്പിക്കും. 
 10. ധാര്‍മിക സദാചാര രംഗത്തെ അപചയങ്ങളില്‍നിന്ന് സമുദായത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കും. ഇതിനായി മറ്റ് സംഘടനകളുടെ സഹകരണം തേടും. 
 11. പ്രസ്ഥാന നിയന്ത്രണത്തിലുള്ള മഹല്ല് കമ്മറ്റികളില്‍ വനിതാ പ്രാധിനിധ്യം ഉറപ്പ് വരുത്തും
 12. ധൂര്‍ത്ത്, ദൂര്‍വ്യയം, ആഢംബരഭ്രമം തുടങ്ങിയ ദൂഷ്യങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രതയും  അച്ചടക്കവും സാധിക്കുവാനും ബോധവല്‍കരണം നടത്തും.
 13. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, പൗരോഹിത്യചൂഷണങ്ങള്‍, മതത്തിന്റെ കമ്പോളവല്‍ക്കരണം എന്നിവക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തും. ഈ വിഷയത്തില്‍ സമാന ചിന്താഗതിയുള്ളവരുടെ സഹകരണം തേടും.
 14. മദ്യം, മയക്കുമരുന്ന്, സദാചാരത്തകര്‍ച്ച എന്നിവയില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ പോഷകസംഘടനകളെക്കൂടി  ഉള്‍പ്പെടുത്തി പരിപാടികള്‍ ആവിഷ്‌ക്കരിക്കും.
 15. അന്ധര്‍, ബധിരര്‍ തുടങ്ങി സമൂഹത്തിലെ ഭിന്നശേഷിയുള്ള വരുടെ ഇസ്‌ലാമിക പഠനത്തിന് സംവിധാനമുണ്ടാക്കും.
 16. സകാത്തിന്റെ സാമൂഹിക സംഭരണ വിതരണത്തിനുള്ള പ്രാദേശിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തും.
 17.  കഴിഞ്ഞ മീഖാത്തില്‍ സംഘടിപ്പിച്ച കേരള ഹിസ്റ്ററി കോണ്‍ഫറന്‍സിന് അനുയോജ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും.
 18. പ്രധാന നഗരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി രണ്ട് ഗേള്‍സ് ഹോസ്റ്റലുകളും രണ്ട് ബോയ്‌സ് ഹോസ്റ്റലുകളും സ്ഥാപിക്കും.
 19.  ഫ്രന്റ്‌സ് ഫോറങ്ങള്‍ ശക്തിപ്പെടുത്തുകയും ഫ്രന്റ്‌സ് ഫോറം നിലവിലില്ലാത്ത പ്രധാന നഗരങ്ങളില്‍ രൂപീകരിക്കുകയും ചെയ്യും. 
 20. മുഹറം, റബീഉല്‍ അവ്വല്‍ മാസങ്ങളില്‍ ഇസ്‌ലാമികമായ ഉണര്‍വും ആവേശവുമുണ്ടാക്കുന്നതിനും പ്രവാചകസ്‌നേഹം വളര്‍ത്തുന്നതിനും പ്രവാചകസന്ദേശ പ്രചരണത്തിനുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
 21. നമസ്‌കാരം വ്യവസ്ഥാപിതമായി നിലനിര്‍ത്താനും ദിക്‌റ്, ദുആകളില്‍ താല്‍പര്യം വര്‍ധിപ്പിക്കാനും ബോധവല്‍ക്കരണ ശ്രമങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.  
 22. മുസ്‌ലിം സമൂഹത്തില്‍ ദീനി വികാരവും അറിവും വളര്‍ത്തുന്നതിന് പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിക്കും.
   

  <<<2015-2019 പോളിസി പ്രോഗ്രാം ഊന്നലുകള്‍

  <<<1. ദഅ്‌വത്ത്

  2. ഇസ്‌ലാമിക സമൂഹം 

  >>>3. സമുദായ സംരക്ഷണവും  പുരോഗതിയും

  >>>4. ദേശീയ അന്തര്‍ദേശീയ കാര്യങ്ങള്‍

  >>>5. ജനസേവനം  

  >>>6. തര്‍ബിയത്തും തസ്‌കിയത്തും  

  >>>7. സംഘടന 

  >>>8. മറ്റു വകുപ്പുകൾ