രോഗികള്‍ക്ക് കനിവേകി മൈത്രി ഭവനില്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ:   ജമാ അത്തെ ഇസ്‌ലാമിയുടെ ജില്ലാ സമ്മേളന ഉപഹാരമായി പ്രഖ്യാപിച്ച മൈത്രി ലൈഫ് കെയര്‍ പദ്ധതിയുടെ ഭാഗമായുള്ള  കനിവ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റേയും ഫാര്‍മസിയുടേയും  പ്രവര്‍ത്തനം  ജില്ലാ ആസ്ഥാനമായ മൈത്രി ഭവനില്‍ തുടങ്ങി.  എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണിമുതല്‍ ഏഴ് മണിവരെയാണ്  ക്ലിനിക്ക് പ്രവര്‍ത്തിക്കുക. വിദഗ്ദരായ നിരവധി ഡോക്ടറന്മാരുടെ സേവനം ക്ലിനിക്കില്‍ ലഭ്യമാണ്. സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിന് സുസജ്ജമായ ഫാര്‍മസിയും ഒരുക്കിയിട്ടുണ്ട്.  നിരവധി രോഗികളാണ് ഇവിടെ ചികില്‍സ തേടി എത്തുന്നത് . എല്ലാ ദിവസവും പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം ലഭ്യമാണ്. ഡോ. അബ്ദുല്‍സലാം, ഡോ. ഒ. ബഷീര്‍ , ഡോ. സുഹ്‌റ, ഡോ.അബ്ദുല്‍ഖാദര്‍ നൈന, ഡോ. പി.കെ അസ്ഹര്‍  തുടങ്ങിയ ഡോക്ടര്‍മാര്‍  ഇവിടെ രോഗികളെ പരിശോധിക്കുന്നു. കൂടാതെ വിദഗ്ദരായ പാരാമെഡിക്കല്‍ സ്റ്റാഫുകളാണ് ഫാര്‍മസിയിലുള്ളത്. ക്ലിനിക്കില്‍ പ്രത്യേക വിഭാഗങ്ങളില്‍ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭ്യമാക്കി ക്ലിനിക്ക് വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
ക്ലിനിക്കിനും ഫാര്‍മസിക്കുമായി വിശാലമായ സൗകര്യങ്ങളാണ് മൈത്രി ഭവനില്‍ ഒരുക്കിയിരിക്കുന്നത്.  മൈത്രി ലൈഫ് കെയര്‍ പദ്ധതിയിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതായി ജമാ അത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എച്ച്. അബ്ദുല്‍ ഹക്കീം പാണാവള്ളി പറഞ്ഞു.റിനാഷ് മജീദാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍, അനീഷ് ബഷീര്‍, അനൂഷ് അബ്ദുള്ള, കെ.ബി.ഇഖ്ബാല്‍ തുടങ്ങിയവരാണ് ഇതിന്റെ പ്രധാന സംഘാടകരായി പ്രവര്‍ത്തിക്കുന്നത്.