ആസൂത്രിത വംശഹത്യകളുടെ തുടർച്ച തന്നെയാണു നജീബ്

#SIOKerala Pamphlet

ജെ.എന്‍ .യു വില്‍ പി.ജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദ് എ .ബി .വി .പി ഗുണ്ടകളുടെ ആക്രമണത്തിന് വിധേയമാവുകയും തുടര്‍ന്ന്‍ കാണാതാവുകയും ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിരിക്കുന്നു . നജീബിനെ തിരിച്ചു കൊണ്ടുവരിക, നജീബിനെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക എന്നിങ്ങനെയുള്ള ആവശ്യമുന്നയിച്ചു കൊണ്ട് കഴിഞ്ഞ ദിവസം തലസ്ഥാനനഗരിയില്‍ നടന്ന ബഹുജന മാര്‍ച്ചിനെ വമ്പിച്ച പോലീസ് സന്നാഹത്തോടെ എതിരിട്ട ഭരണകൂടം പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത നജീബിന്റെ ഉമ്മയെയും വിദ്യാര്‍ഥികളെയുമെല്ലാം വളരെ ക്രൂരമായി കൈകാര്യം ചെയ്യുകയുണ്ടായി. നജീബിന്റെ തിരോധാനത്തെ തികച്ചും അനവധാനതയില്‍ കൈകാര്യം ചെയ്ത സര്‍വകലാശാല അധികാരികള്‍ നജീബിനെ ആക്രമിച്ചവര്‍ക്കെതിരെ സര്‍വകലാശാലതല അന്വേഷണം നടത്താനോ അവര്‍ക്കെതിരെ പുറത്താക്കല്‍ അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കാനോ മടി കാണിക്കുന്നു . നജീബിന്റെ തിരോധാനത്തെ തുടര്‍ന്ന് ജെ .എന്‍ .യു വിലെ പലയിടങ്ങളിലും Pakisthani Mullas, Muslims are Terrorists എന്നിങ്ങനെയുള്ള മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി വെച്ചത് മുസ്ലിങ്ങള്‍ അടക്കമുള്ള പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ജീവന് സുരക്ഷ നല്‍കാന്‍ കഴിയാത്ത വണ്ണം നമ്മുടെ സര്‍വകലാശാലകള്‍ ബ്രാഹ്മനിക അധീശ വ്യവസ്ഥിതിയുടെ അറവു ശാലകള്‍ ആയി മാറി കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബരിലായിരുന്നു ബീഫിന്‍റെ പേരില്‍ ദാദ്രിയില്‍ മുഹമ്മദ്‌ ആഖ്ലാക്കിനെ പശു ഭീകരര്‍ അടിച്ചു കൊന്നത് .തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളില്‍ പശുവിനെ കൊന്നെന്നും പശുവിറച്ചി തിന്നെന്നും ആരോപിക്കപ്പെട്ട് മുസ്ലിംങ്ങള്‍ പശു ഭീകരരാല്‍ മര്‍ദിക്കപ്പെടുകയും ഹരിയാനയിലെ മേവാത്തില്‍ പശു മാംസം തിന്നെന്ന പേരില്‍ രണ്ട് മുസ്ലിം യുവതികള്‍ ബലാല്‍സംഘം ചെയ്യപ്പെടുക പോലുമുണ്ടായി. ഭീവണ്ടി, ഭഗല്‍പൂര്‍, മീറത്ത് , സൂറത്ത്, ബോംബെ ഗുജറാത്ത് തുടങ്ങി മുസാഫര്‍ നഗര്‍ വരെ എത്തി നില്‍ക്കുന്ന. ഇന്ത്യയില്‍ കാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന മുസ്ലിം സമുദായത്തെ ഉന്നം വെച്ച് കൊണ്ടുള്ള ആസൂത്രിത വംശഹത്യകളുടെ തുടര്‍ച്ചയായിട്ട് വേണം നജീബിനെതിരായ ആക്രമണവും തിരോധാനവും വായിക്കപ്പെടാന്‍. സംഘപരിവാറോ സംഘപരിവാര്‍ നേതാക്കളോ ഇന്ത്യന്‍ ഭരണകൂടമോ വിമര്‍ശനം നേരിടുമ്പോള്‍ അവയെ അനാഥ ബോംബ്‌ സ്ഫോടനങ്ങള്‍ കൊണ്ടോ ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പേരില്‍ നടത്തുന്ന കൂട്ടക്കൊലകള്‍ കൊണ്ടോ നേരിടുകയും അതേ സ്ഫോടനങ്ങളുടെ പേരില്‍ ന്യൂനപക്ഷ സമൂഹമായ മുസ്ലിങ്ങളില്‍ നിന്നുള്ള അഭ്യസ്ത വിദ്യരായ യുവാക്കളെ തീവ്രവാദി എന്ന് ആരോപിച്ചു പിടിച്ചു കൊണ്ട് പോവുകയും പതിറ്റാണ്ടുകളോളം ജയിലിലടക്കുകയും ചെയ്യുന്നത് നാം ദിനേനയെന്നോണം കാണുന്നു . ഭോപാലില്‍ എട്ട് മുസ്ലിം വിചാരണ തടവുകാരെ വെടി വെച്ച് കൊന്ന ഭരണകൂടം അതിനെ ചോദ്യം ചെയ്തവരെ അപഹാസ്യരാക്കും വിധമുള്ള തെളിവുകള്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ നിരത്തിയതും ഏറ്റവുമൊടുവില്‍ നടന്ന സംഭവം . ഭരണകൂടത്തിന്‍റെ മുസ്ലിം വേട്ടയാല്‍ നിര്‍ബന്ധിത തിരോധാനത്തിന് വിധേയമാകുന്ന മുസ്ലിം യുവാക്കളെ കുറിച്ചും അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാതെ അര്‍ദ്ധ വിധവകളായും നിര്‍ബന്ധിത വൈധവ്യത്തില്‍ ജീവിക്കേണ്ടി വരുന്ന മുസ്ലിം യുവതികളെ കുറിച്ചും തികഞ്ഞ മൗനം പാലിക്കുകയും മുത്വലാക്കിന് വിധേയമാകുന്ന മുസ്ലിം വനിതകളെ കുറിച്ച് വേവലാതി പെടുകയും ചെയ്യുന്ന മതേതര പൊതു സമൂഹത്തിന്‍റെ നിലപാടുകളെ ഈയവസരത്തില്‍ വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്

മുസ്ലിം സമുദായത്തെ പല തരത്തില്‍ ഭീതിയുടെ അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് നിലവിലെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത് .. ഇന്ത്യന്‍ സാമൂഹിക ബോധത്തില്‍ അന്തര്‍ലീനമായ മുസ്ലിം വിരുദ്ധ മനോഭാവത്തെ ചോദ്യം ചെയ്യുവാനും ഇവയെ മുസ്ലിം പ്രശ്നമായി തന്നെ മനസ്സിലാക്കുവാനും ഇവയെ മുസ്ലിം പ്രശനമായി കാണുന്നതിനെ വര്‍ഗീയം എന്ന്‍ മുദ്രകുത്തുന്ന ഇവിടുത്തെ മതേതര പൊതുബോധത്തെ ചോദ്യം ചെയ്ത് കൊണ്ട് പ്രതികരിക്കുവാനും മുസ്ലിം ജീവനുകള്‍ക്കും വിലയുണ്ട് (Muslim Lives Matters) എന്നുറക്കെ വിളിച്ചു പറയുവാനും നാം ആര്‍ജവം കാണിക്കേണ്ടതുണ്ട് .