രോഗികൾക്ക് കനിവേകി മൈത്രി ഭവനിൽ ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

ആലപ്പുഴ:   ജമാ അത്തെ ഇസ്‌ലാമിയുടെ ജില്ലാ സമ്മേളന ഉപഹാരമായി പ്രഖ്യാപിച്ച മൈത്രി ലൈഫ് കെയർ പദ്ധതിയുടെ ഭാഗമായുള്ള  കനിവ് പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റേയും ഫാർമസിയുടേയും  പ്രവർത്തനം ജില്ലാ ആസ്ഥാനമായ മൈത്രി ഭവനിൽ തുടങ്ങി.  എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണിമുതൽ ഏഴ് മണിവരെയാണ്  ക്ലിനിക്ക് പ്രവർത്തിക്കുക. വിദഗ്ദരായ നിരവധി ഡോക്ടറന്മാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. സൗജന്യമായി മരുന്ന് ലഭ്യമാക്കുന്നതിന് സുസജ്ജമായ ഫാർമസിയും ഒരുക്കിയിട്ടുണ്ട്.  നിരവധി രോഗികളാണ് ഇവിടെ ചികിൽസ തേടി എത്തുന്നത് . എല്ലാ ദിവസവും പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ലഭ്യമാണ്. ഡോ. അബ്ദുൽസലാം, ഡോ. ഒ. ബഷീർ , ഡോ. സുഹ്റ, ഡോ.അബ്ദുൽഖാദർ നൈന, ഡോ. പി.കെ അസ്‌ഹർ  തുടങ്ങിയ ഡോക്ടർമാർ  ഇവിടെ രോഗികളെ പരിശോധിക്കുന്നു. കൂടാതെ വിദഗ്ദരായ പാരാമെഡിക്കൽ സ്റ്റാഫുകളാണ് ഫാർമസിയിലുള്ളത്. ക്ലിനിക്കിൽ പ്രത്യേക വിഭാഗങ്ങളിൽ വിദഗ്ദരായ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കി ക്ലിനിക്ക് വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു.

ക്ലിനിക്കിനും ഫാർമസിക്കുമായി വിശാലമായ സൗകര്യങ്ങളാണ് മൈത്രി ഭവനിൽ ഒരുക്കിയിരിക്കുന്നത്.  മൈത്രി ലൈഫ് കെയർ പദ്ധതിയിലൂടെ നിരവധി പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതായി ജമാ അത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് എച്ച്. അബ്ദുൽ ഹക്കീം പാണാവള്ളി പറഞ്ഞു.റിനാഷ് മജീദാണ് പദ്ധതിയുടെ കോർഡിനേറ്റർ, അനീഷ് ബഷീർ, അനൂഷ് അബ്ദുള്ള, കെ.ബി.ഇഖ്ബാൽ തുടങ്ങിയവരാണ് ഇതിന്റെ പ്രധാന സംഘാടകരായി പ്രവർത്തിക്കുന്നത്.