ബഹുസ്വരത നിലനിർത്താൻ രാജ്യം ഒറ്റക്കെട്ടായി മുന്നേറണം: സാംസ്കാരിക സദസ്

പാലക്കാട്: രാജ്യത്തിന്റെ വലിയ സവിശേഷതയായ ജനാധിപത്വവും മതേതരത്വവും  ബഹുസ്വരതയും ഇന്ന് മുമ്പെന്നെത്തേക്കാളും വെല്ലുവിളി നേരിടുന്നതായും അതിനെ ഒറ്റക്കെട്ടായി ബുദ്ധിപരമായും ചിന്താപരമായും ചെറുത്തു തോൽപ്പിക്കാൻ സമൂഹം ഒറ്റ കെടായി മുന്നേറണമെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ആഹ്വാനം ചെയ്തു. ദേശീയത വൈകാരികപരമായി  മാറി അന്യനോടുളള അസഹിഷ്ണുത മൂലം സംഹാരാത്മകമാവരുതെന്ന് മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു.ദേശസ്നേഹം ഒരു വിഭാഗത്തിനു മാത്രമേയുളളൂ എന്ന രീതിയിലുളള കുത്തകവത്ക്കരണം നടത്താനുളള ശ്രമങ്ങൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാന നേതൃത്വത്തിനു കീഴിൽ നാം നേടിയെടുത്ത സ്വാതന്ത്രം പിൽക്കാലത്ത് പൂർണമായും അനുഭവിക്കാൻ കഴിയാതെ പോയത് രാജ്യത്ത് സംഭവിച്ച വർഗീയ ദ്രുവീകരണം മൂലമാണ്.  രാജ്യത്തെ വൈവിധ്യങ്ങൾ നിലനിർത്തി  രാജ്യപുരോഗതിക്കും നവനിർമ്മിതിക്കുമായി ഒരുമിച്ച് മുന്നേറേണ്ടതുണ്ടെന്നും  അദ്ദേഹം കൂട്ടിചേർത്തു.  2017 ജനുവരി 22ന് കോട്ടമൈതാനിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് ഫൈൻ സെൻററിൽ  "മതം,മതേതരത്വം,ബഹുസ്വരത" എന്ന തലക്കെട്ടിൽ സാംസ്കാരിക സദസ് സംഘടിപ്പിച്ചത് . സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സഹിഷ്ണുതയാണ് മതേതരത്വത്തിന്റെ അളവു കോലെന്നും അതു തകരുമ്പോഴാണ് ബഹുസ്വരതയും മതേതരത്വവും ഇല്ലാതാവുന്നതെന്നും പാലക്കാട് സൗഹൃദ വേദി ചെയർമാൻ മഹാദേവൻ പിളള പറഞ്ഞു.ജില്ലാ പ്രസി. അബ്ദുൾ ഹകീം നദ് വി അധ്യക്ഷത വഹിച്ചു. തെന്നിലാപുരം രാധാകൃഷ്ണൻ, പ്രൊഫ.മുരളി, അഡ്വ.ഗിരീഷ് നൊച്ചുളളി, പ്രൊഫ.ശോഭാ റാണി,പി.വി.വിജയ രാഘവൻ,അഡ്വ. അക്ബറലി, വിളയോടി വേണുഗോപാൽ, അഡ്വ. മാത്യു തോമസ്,വാസുദേവനുണ്ണി മാഷ് എന്നിവർ സംസാരിച്ചു.  പ്രൊഫ. അബൂബക്കർ,ചേറ്റൂർ രാധാകൃഷ്ണൻ, ഡോ.മന്നാർ ജി.രാധാകൃഷ്ണൻ, എഞ്ചി.ഫാറൂഖ്,  വി.പി.നിജാമുദ്ദീൻ,സിദ്ധീഖ്,  അഡ്വ.സുധീർ, അഡ്വ.പ്രംകുമാർ, അബൂ ഫൈസൽ , എം.സുലൈമാൻ, എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.ദിൽഷാദ് അലി സ്വാഗതവും ബഷീർ ഹസൻ നദ് വി നന്ദിയും പറഞ്ഞു.