അവറാന്‍ മൗലവിയെ ആദരിച്ചു.

ആറുപതിറ്റാണ്ടിലധികമായി മദ്രസാദ്യാപകനായി സേവനമനുഷ്‌ഠിച്ച മലപ്പുറം ജില്ലയിലെ മേപ്പാടം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ അവറാന്‍ മൗലവിയെ ആദരിക്കുന്ന ഇഹ്തിറാം 2016 പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചു. ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. കേരളീയ മുസ് ലിം നവോത്ഥാനത്തിന്‌ ചാലകശക്തിയായി മാറാന്‍ സാധിച്ചിട്ടുള്ള സ്ഥാപനങ്ങളാണ്‌ കേരളത്തിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍.  തലമുറകളെ വിശ്വസപരവും അനുഷ്ഠാനപരവുമായ അറിവ് കൈമാറിയതും മദ്രസകൾ തന്നെ. സമുദായമെന്ന നിലക്ക് മുസ് ലിം സ്വത്വ സാന്നിധ്യത്തെ സജീവമാക്കി നിർത്തുന്നതിലും മദ്റസകൾ വലിയ പങ്ക് വഹിച്ചു.  മാനവസാഹോദര്യത്തിന്റെ പാഠങ്ങളാണ്‌ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പകര്‍ന്നു നല്‍കിയത്‌. കേരളത്തിന്റെ സൗഹൃദാന്തരീക്ഷം പരസഹസ്രം വരുന്ന ഇത്തരം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ആ പാരമ്പര്യത്തെ മുറുകെ പിടിക്കാന്‍ മുസ്‌ലിം സമുദായത്തിനാവണം. കേരളത്തിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളും സമുദായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായേ പറ്റൂ. ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി ,വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുല്‍ കരീം, മജ്‌ലിസ്‌ മദ്രസാ എഡ്യൂക്കേഷന്‍ ബോര്‍ഡ്‌ ഡയറക്ടർ സുശീര്‍ ഹസന്‍, സി. അബ്‌ദുസലാം മാസ്‌റ്റര്‍( റിട്ട. പ്രിൻസിപ്പാൾ ഫറൂഖ് ബി.എസ് കോളേജ്),വാര്‍ഡ്‌ മെമ്പര്‍ റസിയ പുന്നപ്പാല, മദ്റസ പ്രസിഡന്റ് കെ.എം മുഹമ്മദ് മാസ്റ്റർ,സ്വദ്ർ മുഅലിം കെ.അബ്ദുസലാം, ജമാല്‍ മാസ്റ്റര്‍,  കെ.പി. മുഹമ്മദലി, കെ.പി. അബ്‌ദുറഹ്‌മാന്‍, പ്രൊഫ. കെ.പി. അബ്‌ദുല്ലത്തീഫ്‌, ഉമ്മര്‍ ടി.  എന്നിവരും ചടങ്ങിനെത്തി. പൂർവ്വ അദ്ധ്യാപകരേയും മേപ്പാടത്തെ മുതിർന്ന പൗരൻമാരേയും സംഘാടകർ ആദരിക്കുകയും ചെയ്തു.