സംവരണ അട്ടിമറി-വിവാദ യു.ജി.സി സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു

മഞ്ചേശ്വരം: രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ വര്‍ധിച്ചുവരുന്ന പിന്നാക്ക വിദ്യാര്‍ഥികളുടെ സാന്നിധ്യത്തെയും അവരുന്നയിക്കുന്ന സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെയും അധികാരമുപയോഗിച്ച് ഇല്ലാതാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എസ്.ഐ.ഒ കുമ്പള ഏരിയാ പ്രസിഡന്റ് അസ് ലം സൂരംബയൽ പറഞ്ഞു. എസ്.ഐ.ഒ കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  മഞ്ചേശ്വരത്ത്  വിവാദ യുജിസി സര്‍ക്കുലര്‍ കത്തിച്ച്  സായാഹ്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

വിദ്യാര്‍ഥി വിരുദ്ധവും പിന്നാക്ക  വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് തടയിടുന്നതുമായ തീരുമാനങ്ങളാണ് കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രവേശന പരീക്ഷക്ക് മിനിമം മാര്‍ക്ക് മാത്രം ബാധകമാക്കി ഈ വര്‍ഷം മുതല്‍ 100 ശതമാനം വൈവ മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി പ്രവേശനം നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. നിലവിലെ 30 ശതമാനം വൈവ മാര്‍ക്ക് പോലും പിന്നാക്ക വിദ്യാര്‍ഥികളെ തഴയപ്പെടുന്ന  സാഹചര്യം നില നിൽക്കേയാണ് തീർത്തും  വിദ്യാര്‍ഥി വിരുദ്ധമായ സർക്കുലർ പുറപ്പെടുവിക്കുന്നത്.  മുസ്‌ലീംകളും ദലിതരുമടക്കമുള്ള പാര്‍ശ്വവത്കൃത വിദ്യാര്‍ഥി സമൂത്തിന് മേല്‍ നടത്തുന്ന  സംഘ്പരിവാര്‍ സവർണ്ണാധിപത്യത്തിനെതിരെ കാംപസുകളിലും തെരുവുകളിലും ശക്തമായ  പ്രക്ഷോഭങ്ങൾ ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി തബ്ഷീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.  മുസഫർ , മസ്റൂർ സംസാരിച്ചു.എരിയ സമിതി അംഗങ്ങളായ ജമാലുദ്ധീൻ ആത്തിഫ്,  ഷർഹാൻ,അഫ്നാൻ, ഇബ്രാഹിം, മൻഷൂദ് തുടങ്ങിയവർ നേതൃത്വം നൽകി.