സാമൂഹിക പ്രശ്‌നങ്ങളോട് മൂര്‍ത്തമായി പ്രതികരിച്ച് തെരുവുനാടകം ശ്രദ്ധേയമാകുന്നു ‍

മലപ്പുറം: 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 10, 11 തിയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയോടനുബന്ധിച്ച് അരങ്ങേറുന്ന തെരുവുനാടകം ശ്രദ്ധേയമാകുന്നു. 'പേടി മണക്കുന്ന ഇടനാഴികള്‍' എന്ന നാടകമാണ് കാണികള്‍ക്ക് ചിന്തിക്കാനും ചിരിക്കാനും അവസരമൊരുക്കിയത്.
നോട്ടു നിരോധം മൂലം സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ പ്രതിനിധീകരിക്കുന്ന വീട്ടുജോലിക്കാരിയായ നഫീസയെ ബാങ്കിന്റെ ക്യൂവില്‍ കാണുമ്പോള്‍ 'ഈ നഫീസു കള്ളപ്പണക്കാരിയാണന്നത് നമ്മളറിഞ്ഞില്ലല്ലോ' എന്നു നാട്ടുകാര്‍ അടക്കം പറയുന്നു. രോഹിത് വെമുലയുടെ അമ്മയുടെ ദീനദു:ഖവും നജീബ് എന്ന മകനെ കാണാതായ ഫാത്തിമ നഫീസിന്റെ ദുരിതവും നാടകത്തില്‍ വരച്ചുകാട്ടുന്നു. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വാപ്പ വല്യുപ്പമാര്‍ മുമ്പ് പോയ രാജ്യത്തേക്ക് പോവാമെന്ന് സംഘ്പരിവാര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ നിലവിലുള്ള ഫാഷിസത്തിന്റെ മുഖം അനാവരണം ചെയ്യപ്പെടുന്നു.
അമീന്‍ കാരക്കുന്ന് രചിച്ച് മുനീബ് കാരക്കുന്ന് സംവിധാനം ചെയ്ത നാടകത്തില്‍ നുശൂര്‍ കരിങ്കല്ലത്താണി, മുന്‍ഷിദ് വലമ്പൂര്‍, തന്‍സീം മമ്പാട്, ഫായിസ് വാണിയമ്പലം, ഷാഹിദ് ഇസ്മായില്‍ ചട്ടിപ്പറമ്പ് എന്നിവര്‍ അഭിനയിക്കുന്നു.