വിശുദ്ധ ജീവിതം കൊണ്ട് ശ്രദ്ധേയനായ സി.കെ മുഹമ്മദ് 

മരണം അനിവാര്യവും സ്വാഭാവികവുമാണെങ്കിലും ചില മരണങ്ങള്‍ മനസ്സിനെ പിടിച്ചുകുലുക്കും. അത്തരത്തിലുള്ളതായിരുന്നു എന്നെ സംബന്ധിച്ചേടത്തോളം സി.കെ എന്ന് അടുത്തവരൊെക്കയും സ്‌നേഹത്തോടെ വിളിക്കുന്ന സി.കെ മുഹമ്മദ് സാഹിബിന്റെ മരണം. എല്ലാ വെള്ളിയാഴ്ചയും രാവിലെ വിളിച്ച് ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ആത്മമിത്രത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായാണ് സംഭവിച്ചത്. 

കഴിഞ്ഞ കുറേ കൊല്ലമായി സി.കെയുടെ ഫോണ്‍ വിളി കേള്‍ക്കാത്ത വെള്ളിയാഴ്ചകള്‍ വളരെ വിരളമായിരുന്നു. പരസ്പരമുള്ള ക്ഷേമാന്വേഷണങ്ങളിലും പ്രാര്‍ഥനകളിലും ഒതുങ്ങുന്നതായിരുന്നില്ല ആ സംഭാഷണം. ലേഖനങ്ങളിലെയും പുസ്തകങ്ങളിലെയും ഉള്ളടക്കത്തിലോ ശൈലിയിലോ പ്രയോഗങ്ങളിലോ തലക്കെട്ടുകളിലോ മറ്റോ തനിക്ക് വിയോജിപ്പുള്ള കാര്യങ്ങള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാണിക്കാനും ഗുണകാംക്ഷയോടെ ശ്രദ്ധയില്‍ പെടുത്താനും അതുപയോഗപ്പെടുത്തി. പ്രസംഗങ്ങളിലെ പദപ്രയോഗങ്ങള്‍ മാത്രമല്ല; ശരീരഭാഷയും വസ്ത്രത്തിന്റെ നിറം പോലും നിരീക്ഷിച്ച് ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. അതിനാല്‍ വ്യക്തിപരമായി ജീവിതത്തിന്റെ നേരെ ഉയര്‍ത്തിപ്പിടിച്ച കണ്ണാടിയാണ് സി.കെയുടെ വിയോഗത്തിലൂടെ വീണുടഞ്ഞത്. 

പ്രവാസ ജീവിതകാലത്ത് എല്ലാ ആഴ്ചയിലും കത്തയക്കും. മൂന്നു കത്തുകള്‍ക്ക് ഒരു മറുപടി അയച്ചാല്‍ മതിയെന്ന് ശഠിക്കും. എന്നാല്‍ കത്ത് ആരുടേതായാലും മറുപടി അയക്കാതിരിക്കാന്‍ കഴിയില്ല; പ്രത്യേകിച്ചും സി.കെയുടേത്. അതിനാല്‍ നാട്ടില്‍ സ്ഥിരതാമസമാക്കുന്നതുവരെ കത്തുകളിലൂടെയും പിന്നീട് ടെലഫോണ്‍ വിളികളിലൂടെയും ജീവിതാന്ത്യം വരെ ഊഷ്മളമായ ബന്ധം അവിരാമം തുടര്‍ന്നു. 

സി.കെയുടെ ജനനത്തിനു മുമ്പേ പിതാവ് പരലോകം പ്രാപിച്ചു. മാതാവ് പുനര്‍ വിവാഹിതയാവുകയും ചെയ്തു. അങ്ങനെ തീര്‍ത്തും അനാഥനായാണ് വളര്‍ന്നത്. സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അരീക്കോട് സുല്ലമുസ്സലാമില്‍ ചേര്‍ന്ന് പഠനമാരംഭിച്ചെങ്കിലും ഏറെ കഴിയും മുമ്പേ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലേക്കു മാറി. എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പിതൃനിര്‍വിശേഷമായ സ്‌നേഹവും പരിഗണനയും പരിലാളനയും സി.കെയെ അഗാധമായി സ്വാധീനിച്ചു. അതുകൊണ്ടുതന്നെ ശാന്തപുരം ഇസ്‌ലാമിയാ കോളേജ് സ്വന്തം വീടിനേക്കാള്‍ പ്രിയപ്പെട്ടതായി മാറി. മരണത്തിന്റെ തലേന്നാള്‍ ശാന്തപുരം സന്ദര്‍ശിക്കാനെത്തിയത് ഈ ആത്മബന്ധത്തോട് ചേര്‍ന്നുവന്ന ദൈവവിധിയായിരിക്കാം. ആ സന്ദര്‍ശനത്തില്‍ രോഗം കാരണം വീട്ടില്‍ വിശ്രമിക്കുന്ന ഹൈദരലി ശാന്തപുരവും ഉള്‍പ്പെട്ടതിലും ഇത്തരത്തിലുള്ള ഒരാത്മബന്ധത്തിന്റെ ചേരുവയുണ്ട്. 

പഠനം പൂര്‍ത്തീകരിച്ച ശേഷം മലപ്പുറം എം.എസ്.പി സ്‌കൂള്‍, കരുവാരകുണ്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, പുല്‍വെട്ട സ്‌കൂള്‍, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാമിയാ കോളേജ്, ശാന്തപുരം ഇസ്‌ലാമിയാ കോളേജ് എന്നിവിടങ്ങളിലെല്ലാം അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി. 

പിന്നീട് അബൂദബിയിലും ഖത്തറിലുമായി ദീര്‍ഘകാലം പ്രവാസജീവിതം നയിച്ചു. അപ്പോഴും എഴുത്തും വായനയും അവിരാമം തുടര്‍ന്നു. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസമാക്കിയതോടെ ഇസ്‌ലാമികപ്രവര്‍ത്തനങ്ങളിലും പൊതുകാര്യങ്ങളിലും വ്യാപൃതനായി. ഇടക്ക് വണ്ടൂര്‍ വനിതാ കോളേജില്‍ അധ്യാപനവൃത്തിയും നിര്‍വഹിച്ചു. 

സി.കെ നല്ല ഒരെഴുത്തുകാരനായിരുന്നു. സമര്‍ഥനായ വിവര്‍ത്തകനും. പ്രബോധനം വാരികയില്‍ ഇസ്‌ലാമിക ചരിത്രത്തിലെ മഹദ് വ്യക്തികളെ സംബന്ധിച്ച കുറിപ്പുകളും കുടുംബജീവിത്തെ സംബന്ധിച്ച ലേഖനങ്ങളും എഴുതുമായിരുന്നു. ആരാമം മാസികയില്‍ വനിതകള്‍ക്ക് ഏറെ ഉപകരിക്കുന്ന പല വിഷയങ്ങളെ സംബന്ധിച്ചും എഴുതിക്കൊണ്ടിരുന്നു. 

ഡോ. യൂസുഫുല്‍ ഖറദാവിയുടെ ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്തുകൊണ്ടിരുന്ന സി.കെയാണ് ഖറദാവിയുടെ ഫത്‌വകള്‍ ഒന്നാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്. മൂന്നാം ഭാഗത്തിന്റെ പരിഭാഷ പൂര്‍ത്തീകരിക്കുന്നതിനു മുമ്പാണ് പരലോകം പ്രാപിച്ചത്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍ എന്ന ശ്രദ്ധേയ ഗ്രന്ഥം വിവര്‍ത്തനം ചെയ്തതും അദ്ദേഹം തന്നെ. കൂടാതെ കര്‍മസരണി, പ്രവാചക കഥകള്‍, നൈജീരിയ എന്നീ കൃതികളും മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. 

അറബി, ഉര്‍ദു ഭാഷകളില്‍ അവഗാഹം നേടിയ സി.കെയുടെ മലയാള ഭാഷ അതീവ ലളിതവും ശൈലി ഏറെ ആസ്വാദ്യവുമത്രെ. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് വളരെ ഉപകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. 

കരുവാരകുണ്ട് തരിശ് സ്വദേശിയായ സി.കെ തരിശിലെ ഐഡിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപകാംഗമാണ്. തരിശ് ടൗണ്‍ മസ്ജിദ് കമ്മിറ്റി ട്രഷററായും ജമാഅത്തെ ഇസ്‌ലാമി തരിശ് ഘടകം നാസിമായും സേവനമനുഷ്ഠിച്ച അദ്ദേഹം ഇതര മുസ്‌ലിം സംഘടനാ നേതാക്കളുമായി ഉറ്റ സൗഹൃദം പുലര്‍ത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവ് കെ.ടി മാനു മുസ്‌ലിയാരുടെ അടുത്ത കൂട്ടുകാരനായിരുന്നു. 

വിപുലമായ സൗഹൃദ ബന്ധത്തിന്റെ ഉടമയായിരുന്ന സി.കെ ശാന്തപ്രകൃതനും സൗമ്യനുമായിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും അതീവ സൂക്ഷ്മതയും വിനയവും പുലര്‍ത്തി. വിശുദ്ധ ജീവിതത്തിന്റെ കാണപ്പെടുന്ന രൂപമെന്ന് ഒട്ടും അതിശയോക്തിയില്ലാതെ തന്നെ വിശേഷിപ്പിക്കാം. 

ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുതിയ പുസ്തകം പ്രസിദ്ധീകരിച്ചാലുടനെ വാങ്ങി വായിച്ച് അച്ചടിപ്പിശക് ഉള്‍പ്പെടെ എല്ലാം അടയാളപ്പെടുത്തി ഡയറക്ടറേറ്റില്‍ ഏല്‍പ്പിക്കും. പുതിയ പതിപ്പില്‍ പോരായ്മകള്‍ തീര്‍ക്കാന്‍ ഇത് എപ്പോഴും ഏറെ സഹായകമായിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനകോശത്തിന് കനപ്പെട്ട ലേഖനങ്ങള്‍ എഴുതി സഹായിച്ച സഹൃദയന്‍ കൂടിയാണ് സി.കെ. അതുകൊണ്ടുതന്നെ ഐ.പി.എച്ചിന് അദ്ദേഹത്തിന്റെ വിയോഗം വരുത്തിയ വിടവ് വളരെ വലുതാണ്; വ്യക്തിപരമായി എനിക്കേറ്റ വലിയ ആഘാതവും. 

പിതാവ് ചെമ്പ്രക്കുളയന്‍ മുഹമ്മദും മാതാവ് ഖദീജയുമാണ്. ഭാര്യ തസ്‌നി. നാലു പെണ്‍മക്കള്‍.