ജില്ലാ സമ്മേളനം: പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനം  ഫെബ്രുവരി 9  ന്

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സജ്ജീകരിക്കപ്പെടുന്ന പ്രദര്‍ശന പവലിയന്‍ 'സാക്ഷ്യം' ഇന്ന് (ഫെബ്രു. 9, വ്യാഴം) വൈകുന്നേരം 4.30ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും. 
കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ അടയാളപ്പെടുത്തലുകള്‍, ഒന്നാം ലോകയുദ്ധത്തിനു മുമ്പ് നടന്ന വിശ്രുതമായ കത്തിടപാടുകള്‍, അറബി-മലയാളത്തിലെ അത്യപൂര്‍വ വൈദ്യഗ്രന്ഥങ്ങള്‍, മുഖ്യധാരയില്‍ രേഖപ്പെടുത്താതെ പോയ മാപ്പിള-മുസ്‌ലിം ചരിത്രത്തിന്റെ അപൂര്‍വ ഡയറിക്കുറിപ്പുകള്‍, കേരള മുസ്‌ലിം ചരിത്രത്തിന് വിവിധ മതസംഘടനകള്‍ നല്‍കിയ സംഭാവനകളുടെ നഖചിത്രങ്ങള്‍, 80 വര്‍ഷം മുമ്പ് മമ്പുറം മഖാമിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ട ഏക ചരിത്ര ഡയറിക്കുറിപ്പ്, 94 വര്‍ഷം മുമ്പ് അറബി മലയാളത്തില്‍ നിലവിലുണ്ടായിരുന്ന പത്രമാസികകള്‍ എന്നിവയ്ക്കു പുറമെ ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക വിഭാഗങ്ങളുടെയും ചരിത്രം, സാമൂഹ്യ, സേവന മേഖലകളിലെ ഇടപെടലുകള്‍ മുതലായവ പ്രദര്‍ശന പവലിയനു പ്രസക്തിയേറ്റും. 
ചിന്തകനും ഗ്രന്ഥകാരനുമായ മര്‍ഹൂം ടി. മുഹമ്മദ് സാഹിബ് സ്വന്തം കൈപടയിലെഴുതിയ അമൂല്യ ഗ്രന്ഥങ്ങള്‍, കേരള ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനേതാവ് ഹാജി വി.പി. മുഹമ്മദലി സാഹിബ് നടത്തിയ എഴുത്തുകുത്തുകള്‍, പ്രബോധനം പത്രത്തിന്റെ ആറു പതിറ്റാണ്ടു മുമ്പ് മുതലുള്ള കോപ്പികള്‍ എന്നിവയും സോളിഡാരിറ്റി എസ്‌ഐഒ, ജിഐഒ, ജമാഅത്ത് വിനിതാ വിഭാഗം എന്നീ പോഷകവിഭാഗങ്ങളുടെ ഇടപെടലുകളെയും സംവിധാനങ്ങളെയും സൂചിപ്പിക്കുന്ന സ്റ്റില്‍ മോഡലുകള്‍, കാര്‍ട്ടൂണുകള്‍, ഫോട്ടോകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടാകും.