പ്രദര്‍ശന പവലിയന്‍ 'സാക്ഷ്യം' ഉദ്ഘാടനം ചെയ്തു

കോട്ടക്കല്‍: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സജ്ജീകരിച്ച പ്രദര്‍ശന പവലിയന്‍ 'സാക്ഷ്യം' സംസ്ഥാന കൂടിയാലോചനാസമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ബഷീര്‍, മുസ്തഫാ ഹുസൈന്‍, സി.എച്ച്. അബ്ദുല്‍ ഖാദിര്‍, എ.ടി. യൂസുഫ് അലി, ബാസിത് താനൂര്‍, മുന്‍ശിദ, സാജിദ എന്നിവര്‍ പവലിയന് നിയന്ത്രണത്തിന് നേതൃത്വം നല്‍കി. സമ്മേളന നഗരിയോട് ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുന്നത്. സമകാലിക വിഷയങ്ങളും ഇസ്‌ലാമിക ചരിത്രവും പറയുന്ന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മുസ്‌ലിം ചരിത്രം, മുസ്‌ലിം നവോത്ഥാനത്തിന്റെ അടയാളപ്പെടുത്തലുകള്‍, ഒന്നാം ലോകയുദ്ധത്തിന് മുമ്പ് നടന്ന കത്തിടപാടുകള്‍, ചരിത്രഗ്രന്ഥങ്ങള്‍, ജമാഅത്തെ ഇസ്‌ലാമിയുടെയും പോഷക സംഘടനകളുടെയും ചരിത്രം, സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, ഫോട്ടോകള്‍, കാര്‍ട്ടൂണുകള്‍ എന്നിവ പ്രദര്‍ശനത്തിനുണ്ട്. പൊതുജനങ്ങള്‍ക്ക് പകല്‍സമയങ്ങളില്‍ പ്രദര്‍ശനം കാണാന്‍ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് വരെ പ്രദര്‍ശനം ഉണ്ടാകും.