ജമാഅത്തെ ഇസ്‌ലാമി  ജില്ലാ സമ്മേളനം ഇന്ന്

കോട്ടക്കല്‍ : ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് (ഫെബ്രുവരി 11) വൈകീട്ട് നാലിന് കോട്ടക്കല്‍ പുത്തൂരില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം അഖിലേന്ത്യ ഉപാധ്യക്ഷന്‍ നുസ്‌റത്ത് അലി നിര്‍വഹിക്കും. കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, മുന്‍ അസി. അമീര്‍ പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍, ശൂറാ അംഗങ്ങളായ ടി.കെ അബ്ദുല്ല, വി.കെ അലി, മാധ്യമം - മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ വി.ടി അബ്ദുല്ലകോയ തങ്ങള്‍, വനിതാവിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ, സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സോളിഡാരിറ്റി പ്രസിഡന്റ് ടി. ശാക്കിര്‍, എസ്.ഐ.ഒ പ്രസിഡന്റ് സി.ടി ഷുഹൈബ്, ജി.ഐ.ഒ പ്രസിഡന്റ് പി. റുക്‌സാന എന്നിവര്‍ സംസാരിക്കും. 

വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് പി. ലൈല, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മിയാന്‍ദാദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്  ഡോ. സഫീര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഫഹ്മിദ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളവതരിപ്പിക്കും. 

ലക്ഷം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ വീഡിയോ വാളുകള്‍, തത്സമയ സംപ്രേഷണം എന്നിവയും ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്നവര്‍ക്ക് പ്രാര്‍ഥനാ സൗകര്യം നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. ആയിരം വനിതകള്‍ ഉള്‍പ്പെടെ മൂവായിരത്തോളം വളണ്ടിയര്‍മാരെയാണ് സമ്മേളന നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. കൂടാതെ ജമാഅത്തെ ഇസ്‌ലാമി സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിങ്ങിന്റെ സേവനവുമുണ്ടാവും.