കേരളീയ മുസ്‌ലിം ചരിത്രം പറഞ്ഞ് 'സാക്ഷ്യം'


കോട്ടക്കല്‍: കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ ചരിത്രം ഹ്രസ്വമായി  ചിത്രീകരിച്ച്  ജമാഅത്തെ ഇസ്‌ലാമി ജില്ലാ  സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രദര്‍ശന പവലിയന്‍ ശ്രദ്ധേയമാകുന്നു. 'സാക്ഷ്യം' എന്ന് പേരിട്ട പ്രദര്‍ശന പവലിയന്‍ കാണാന്‍ ആദ്യ ദിവസം തന്നെ  മൂവായിരത്തോളം പേരാണ് എത്തിയത്.

കേരള  മുസ്‌ലിം നവോത്ഥാനത്തിന്റെ അടയാളപ്പെടുത്തലുകള്‍, ഒന്നാം  ലോക മഹായുദ്ധത്തിന് മുമ്പ് നടന്ന വിശ്രുതമായ  കത്തിടപാടുകള്‍, അറബി-മലയാളത്തിലെ  അത്യപൂര്‍വ  വൈദ്യ ഗ്രന്ഥങ്ങള്‍, മുഖ്യധാരയില്‍ രേഖപ്പെടുത്താതെ പോയ മാപ്പിള മുസ്‌ലിം ചരിത്രത്തിന്റെ  അപൂര്‍വ ഡയറിക്കുറിപ്പുകള്‍ തുടങ്ങിയവയാണ് പവലിയനിലെ  ഏറ്റവും പ്രധാന ശേഖരങ്ങള്‍.

കേരളത്തിലെ മുസ്‌ലിം ചരിത്രത്തില്‍ വിവിധ മതസംഘടനകള്‍ നല്‍കിയ സംഭാവനകളുടെ നഖചിത്രങ്ങള്‍,  80 വര്‍ഷം  മുമ്പ് മമ്പുറം മഖാമിലുണ്ടായി തീപിടിത്തവുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ട ഏക ചരിത്ര ഡയറിക്കുറിപ്പ്, 94 വര്‍ഷം മുമ്പ്  അറബി-മലയാളത്തില്‍ നിലവിലുണ്ടായിരുന്ന പത്ര മാസികകള്‍, എന്നിവയും പവലിയനിലുണ്ട്.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സേവനജീവകാരുണ്യ മേഖലകളില്‍ സംഘടന നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ മാതൃകകള്‍, ജനകീയ ഇടപെടലുകള്‍, ജില്ലയുടെ വികസനത്തിനുള്ള ജനകീയ മാതൃകകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ട്.