കുഞ്ഞിമുഹമ്മദ് വളാഞ്ചേരി - അനുസ്മരണം

വളാഞ്ചേരിയിലെ പി. കുഞ്ഞിമുഹമ്മദ് മൗലവി (78) അല്ലാഹുവിങ്കലേക്ക് യാത്രയായി. കുഞ്ഞിമുഹമ്മദ് മൗലവിയുടെ നിര്യാണത്തോടെ ജമാഅത്തെ ഇസ്‌ലാമിക്ക് ഉന്നതശീര്‍ഷനായ ഒരു പണ്ഡിതനെയാണ് നഷ്ടപ്പെട്ടത്. ആലിയ അറബിക് കോളേജ്, ജാമിഅ ദാറുസ്സലാം ഉമറാബാദ്  എന്നീ സ്ഥാപനങ്ങളില്‍നിന്ന് വിദ്യയഭ്യസിച്ച മൗലവി സുഊദി അറേബ്യയിലെ മദീനാ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. ശൈഖ് ഇബ്‌നുബാസ്, മുഹമ്മദ് ശന്‍ഖീത്വി, നാസിറുദ്ദീന്‍ അല്‍ബാനി, ശൈഖ് സ്വാബൂനി, മുഹമ്മദ് അല്‍ മജ്ദൂബ് തുടങ്ങിയ വിശ്വപ്രസിദ്ധരായ പണ്ഡിതശ്രേഷ്ഠര്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്ന അനുഗൃഹീത കാലഘട്ടമായിരുന്നു അത്. അവരുടെയൊക്കെ ശിഷ്യത്വം നേടാനുള്ള അസുലഭ ഭാഗ്യം ലഭിച്ച വ്യക്തിത്വമായിരുന്നു കുഞ്ഞിമുഹമ്മദ് മൗലവി. 

ഹാജി സാഹിബ് ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഘട്ടത്തില്‍തന്നെ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരില്‍ പ്രമുഖനാണ് മൗലവിയുടെ പിതാവ് പാറമ്മല്‍ മരക്കാര്‍ ഹാജി. അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു പല അഖിലേന്ത്യാ നേതാക്കളും ക്യാമ്പ് ചെയ്തിരുന്നത്. അതിനാല്‍ ചെറുപ്പം മുതല്‍ക്കേ പ്രസ്ഥാന അന്തരീക്ഷത്തിലാണ് മൗലവി വളര്‍ന്നത്. ആലിയയിലെയും ഉമറാബാദിലെയും വിദ്യാഭ്യാസം അദ്ദേഹത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തകനെ ജ്വലിപ്പിച്ചു. നാട്ടില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ മൗലവി കേരളത്തിലെ ആദ്യകാല മദ്‌റസകളില്‍പെട്ട മൂച്ചിക്കല്‍ അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയുടെ സ്ഥാപകാംഗവും അവിടത്തെ അധ്യാപകനുമായിരുന്നു. അക്കാലത്ത് വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്താനും മദ്‌റസാ പഠനം ആകര്‍ഷകമാക്കാനും പര്യാപ്തമായ പരിപാടികള്‍ അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കുകയുണ്ടായി. 

കുഞ്ഞിമുഹമ്മദ് മൗലവിയുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം യു.എ.ഇയിലാണ് കഴിച്ചുകൂട്ടിയത്. സുഊദി അറേബ്യയുടെ കീഴിലുള്ള മര്‍കസുദ്ദഅ്‌വ വല്‍ഇര്‍ശാദില്‍ ഇരുപത്തിയാറു വര്‍ഷം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. കേരളത്തിന്റെ പലഭാഗത്തുനിന്നും യു.എ.ഇയിലെത്തിയ മലയാളി സഹോദരന്മാരെ ദീനീബോധമുള്ളവരാക്കാനും പ്രസ്ഥാനത്തോടടുപ്പിക്കാനും ഇക്കാലത്ത് അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മൗലവിയെ ഗുരുതുല്യനായി കാണുന്ന ധാരാളം യുവതീയുവാക്കളെ കേരളത്തിലങ്ങോളമിങ്ങോളം കാണാം. യു.എ.ഇയിലെ പ്രസ്ഥാനബന്ധുക്കളുടെ വേദിയായ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആദ്യകാലത്ത് അതിന്റെ ജനറല്‍ സെക്രട്ടറിയായി പരേതന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഉമ്മുല്‍ ഖുവീന്‍ റേഡിയോ ആരംഭിച്ചപ്പോള്‍ അതില്‍ മതവിഭാഗം തലവനായി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹം  അക്കാലത്ത് 'മൊഴിമുത്തുകള്‍' എന്ന പേരില്‍ അവതരിപ്പിച്ച പരിപാടി ഏറെ ജനപ്രീതി ആര്‍ജിക്കുകയുണ്ടായി. 

പണ്ഡിതന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം കുഞ്ഞിമുഹമ്മദ് മൗലവി ശോഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പാണ്ഡിത്യത്തിന്റെ 'തലക്കനം' അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറ്റുള്ളവരെല്ലാം തന്നേക്കാള്‍ എത്രയോ കഴിവും അറിവും ഉള്ളവരാണെന്ന ഭാവത്തിലാണ് അദ്ദേഹം പെരുമാറുക. സദാ പുഞ്ചിരിച്ചും വിനയാന്വിതനായും മാത്രമേ അദ്ദേഹത്തെ കാണുകയുള്ളൂ. ഖുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. 'വിശുദ്ധിയുടെ വഴി' എന്ന പേരില്‍ ഹദീസ് സമാഹാരം അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രബോധനം വാരികയിലെ ഹദീസ് പംക്തിയില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. കൂടാതെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കൊരു മതബോധന പദ്ധതി, ഹജ്ജ് ലഘുപഠനം, ഹജ്ജിന്റെ ആത്മാവ് എന്നീ കൃതികളും രചിച്ചിട്ടുണ്ട്. പ്രബോധനത്തിലും ചന്ദ്രികയിലും ധാരാളം ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. മദീനാ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം എഴുതാറുള്ള 'മദീനാ കത്ത്' പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. 

അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചു. ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക അമീറായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമാഅത്തംഗങ്ങളുടെ 'ഇഹ്തിസാബി' യോഗത്തിന് അദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. ഖുര്‍ആനും ഹദീസും പഠിക്കാന്‍ പ്രവര്‍ത്തകരെ എപ്പോഴും ഉപദേശിക്കുമായിരുന്നു. 

വലിയ ഉദാരമതിയും മനുഷ്യസ്‌നേഹിയുമായിരുന്നു മൗലവി. ജോലിയില്ലാതെ പ്രയാസപ്പെടുന്ന മലയാളി പ്രവാസികളെ സഹായിക്കാനും അറബികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് ജോലി കണ്ടെത്താനും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ മയ്യിത്ത് സംസ്‌കരണത്തിനുശേഷം നടന്ന അനുസ്മരണ യോഗത്തില്‍ ചിലര്‍ ഓര്‍ക്കുകയുണ്ടായി. തന്റെ വീട്ടിലേക്ക് പോകാനുള്ള വഴിക്കാവശ്യമായ സ്ഥലം മൗലവിയുടെ വളപ്പില്‍നിന്ന് കിട്ടുമോ എന്നന്വേഷിക്കാന്‍ മടിയോടുകൂടി മൗലവിയെ സമീപിച്ച അമുസ്‌ലിം സഹോദരനോട് 'വഴി കൊടുക്കാത്തവന്‍ മുസ്‌ലിമല്ലടോ' എന്നു പറഞ്ഞ് വഴി വിട്ടുകൊടുത്ത ഉദാരമനസ്‌കത പ്രസ്തുത സഹോദരന്‍ അനുസ്മരിച്ചു. വ്യാപാരി-വ്യവസായി പ്രതിനിധികളുമായി തന്റെ പീടികമുറികളുടെ വാടക വര്‍ധിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുമ്പോള്‍ 'അത്രയും വാടക ആ കച്ചവടക്കാരന് തരാന്‍ സാധിക്കുമോ' എന്ന് വേവലാതിപ്പെടുന്ന ആ വിശാല മനസ്സിനെക്കുറിച്ച് ഒരു വ്യാപാരി സുഹൃത്ത് വാചാലനായി. അദ്ദേഹം നിലകൊണ്ട പ്രസ്ഥാനത്തിന്റെ നന്മകളാണിതെന്നും അനുശോചനയോഗത്തില്‍ പ്രസംഗകര്‍ വിലയിരുത്തി. 

മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമെല്ലാം ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാനും അവരെ പ്രസ്ഥാനവുമായി ബന്ധിപ്പിക്കാനും മൗലവി പ്രത്യേകം ശ്രദ്ധിച്ചു. അവരില്‍ പലരും പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ്. അബ്ദുര്‍റഹ്മാന്‍, ഫാത്വിമത്തുസ്സുഹ്‌റ, അബുസ്സുബ്ഹാന്‍, യാസീന്‍ ഇബ്‌റാഹീം, ഫൈസല്‍, മുനവ്വര്‍, റഹ്മത്ത്, തൗഫീഖ്, സുമയ്യ, റജബ് എന്നിവരാണ് മക്കള്‍. പരേതനായ ഡോ. സഈദ് മരക്കാര്‍ സഹോദരനാണ്. 

സഹപാഠികള്‍, ശിഷ്യന്മാര്‍, സഹപ്രവര്‍ത്തകര്‍, പ്രസ്ഥാനബന്ധുക്കള്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന വലിയൊരു ജനാവലി പരേതന് യാത്രാമൊഴി നല്‍കുന്നതിനായി വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ നേതൃത്വത്തിലാണ് മയ്യിത്ത് നമസ്‌കാരം കാട്ടിപ്പരുത്തി ജുമുഅത്ത് പള്ളിയില്‍ നടന്നത്. 

വി.കെ അലി