ഓൺലൈൻ ഖുര്‍ആന്‍ വിജ്ഞാന മല്‍സരത്തിന് സഊദിയിൽ തുടക്കം

റിയാദ്: സൗദിയിലെ പ്രവാസി മലയാളികള്‍ക്കായി ഖുര്‍ആന്‍ സ്​റ്റഡി സെൻറര്‍ കേരള ഒരുക്കുന്ന ഓൺലൈന്‍ ഖുര്‍ആന്‍ വിജ്ഞാനമല്‍സരത്തി​െൻറ വെബ്സൈറ്റ് ഉദ്ഘാടനം വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 15 വരെ നീളുന്ന   മല്‍സരം മൂന്ന് തലങ്ങളിലായാണ് നടക്കുക.  മല്‍സരത്തിലെ മൂന്നാം ഘട്ട വിജയികള്‍ക്കായി ഏപ്രില്‍ പകുതിക്ക് ശേഷം നേരിട്ടുള്ള മല്‍സരവും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മല്‍സരത്തി​െൻറ ആദ്യദിവസം തന്നെ നല്ല പ്രതികരണമാണ് പ്രവാസി മലയാളികളില്‍ നിന്ന് ലഭിക്കുന്നതെന്നും ജാതി, മത, ലിംഗ, പ്രായ ഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ് എന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. www.qurancontestkerala.com എന്ന വെബ്പോര്‍ട്ടല്‍ മുഖേന പേരും വ്യക്തിവിവരങ്ങളും നല്‍കി ലളിതമായ റജിസ്ട്രേഷനിലൂടെ വിജ്ഞാനമല്‍സരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്. ആദ്യത്തെ രണ്ട് തലങ്ങളിലും കുറഞ്ഞ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട മാര്‍ക്ക് കരസ്ഥമാക്കാന്‍ ഓണ്‍ലൈന്‍ വഴി വീണ്ടും ശ്രമിക്കാനുള്ള അവസരവുമുണ്ടായിരിക്കും. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഖുര്‍ആന്‍ വിജ്ഞാനത്തി​െൻറ അളവ് ഓരോരുത്തര്‍ക്കും സ്വയം വിലയിരുത്താനുള്ള അവസരം കൂടിയാണ് ഈ മല്‍സരമെന്നും അതേസമയം അവസാന റൗണ്ടിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നിരവധി പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.