മജ്ലിസ് ഓൺലൈൻ മദ്രസ്സ ലോഞ്ചിങ് ഏപ്രിൽ 14 ന്

കോഴിക്കോട്: ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പിച്ചിട്ടുള്ള മജ്‌ലിസ് എജ്യുക്കേഷന്‍ ബോര്‍ഡ് ജി-25 പ്രൊജക്ടുമായി സഹകരിച്ച് ഓണ്‍ലൈന്‍ മദ്‌റസ ആരംഭിക്കുന്നു. 2017 ഏപ്രില്‍ 14ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ബിസിനസ് പാര്‍ക്കില്‍ നടക്കുന്ന ലോഞ്ചിംഗ് ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. ജീവിത തിരക്കുകളാലും മറ്റു പല കാരണങ്ങളാലും മത വിദ്യാഭ്യാസത്തിനു അവസരം ലഭിക്കാത്തവര്‍ക്കും പ്രവാസികളായ കുട്ടികള്‍ക്കും മതവിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കലാണ് പദ്ധതി കൊണ്ടുദ്ദേശ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പ്രൈമറി മുതല്‍ ഉന്നത പഠനം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എട്ട് ലെവലുകളിലായിട്ടാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കന്നത്. ആനിമേഷനുകള്‍, ഗെയ്മുകള്‍, ക്വിസ്സ് മത്സരങ്ങള്‍, ഓഡിയോ വീഡിയോ ടൂളുകള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആസ്വാദ്യകരമായ സ്റ്റഡിമെറ്റീരിയലുകളാണ് ഇതിന് വേണ്ടി തയ്യാറാക്കുന്നത്. സംഘടനാ പക്ഷപാതങ്ങളില്ലാതെ ഇസ്‌ലാമിക പ്രമാണങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് സിലബസ്. 30 പേരടങ്ങിയ ക്ലാസ് റൂമുകളുടെ അനേകം ഡിവിഷനുകളും  ഓരോ ഡിവിഷനും പ്രത്യേകം അധ്യാപകരും കാണും. യൂസര്‍നെയ്മും പാസ്‌വേര്‍ഡും ഉപയോഗിച്ച് പഠിതാവിന്റെ ഹാജര്‍, പാഠങ്ങള്‍, ആക്ടിവിറ്റികള്‍ തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കള്‍ക്ക് പാരന്റ് ലോഗിന്‍ ഉപയോഗപ്പെടുത്തി കുട്ടിയുടെ പഠന നിലവാരം അറിയാനും അധ്യാപകരുമായി സംവദിക്കാനുമുള്ള പ്രത്യേകം സംവിധാനങ്ങളും ഇതില്‍ ഉണ്ടാവും. ചിട്ടയോടെയുള്ള പഠനത്തോടൊപ്പം ഗ്രൂപ്പ് അസൈന്‍മെന്റുകള്‍, ഓണ്‍ലൈന്‍ സെമിനാറുകള്‍, ഡിസ്‌കഷനുകള്‍ തുടങ്ങി പഠിതാവിന്റെ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനുള്ള നിരവധി പ്രവര്‍ത്തനങ്ങളും ഉണ്ടാവും. 1439 മുഹര്‍റം 1 (2017 സെപ്തംബര്‍ 23) ന് പൈലറ്റ് കോഴ്‌സ് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

jih