കര്‍മ്മ ശേഷി സമൂഹ പുരോഗതിക്കായി ചെലവഴിക്കുക-യൂത്ത്‌ ഫോറം പ്രൊഫഷനൽസ്‌ മീറ്റ്‌

ദോഹ: ജീവിക്കുന്ന കാലഘട്ടത്തോട് ചില ബാധ്യതകളുണ്ടെന്നും പ്രൊഫഷണല്‍സ് എന്ന നിലയില്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം വര്‍ദ്ധിച്ചതാണെന്നും അതിനാല്‍ തന്നെ ബൗദ്ധികമായ കഴിവുകളും കര്‍മ്മ ശേഷിയും സമൂഹത്തിന്റെ പുരോഗതിക്കായി സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും യൂത്ത്ഫോറം സംഘടിപ്പിച്ച പ്രൊഫഷണല്‍സ് മീറ്റ് അഭിപ്രായപ്പെട്ടു. 
പ്രൊഫഷണല്‍സ്, കര്‍മ്മ ശേഷി സമൂഹ പുരോഗതിക്കായി ചെലവഴിക്കുക.

നാം ജീവിക്കുന്ന കാലഘട്ടത്തോട് നമുക്ക് ചില ദൗത്യങ്ങളുണ്ട്. പ്രൊഫഷണല്‍സ് എന്ന നിലയില്‍ സമൂഹത്തില്‍ നമ്മുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചതാണ്‌. അതിനാല്‍ തന്നെ ബൗദ്ധികമായ കഴിവുകളും കര്‍മ്മ ശേഷിയും സമൂഹത്തിന്റെ പുരോഗതിക്കായി സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും യൂത്ത്ഫോറം സംഘടിപ്പിച്ച പ്രൊഫഷണല്‍സ് മീറ്റ് അഭിപ്രായപ്പെട്ടു. 

സ്നേഹത്തിന്‌ സൗഹാര്‍ദ്ദത്തിന്‌ യുവതയുടെ കര്‍മ്മസാക്ഷ്യം എന്ന തലക്കെട്ടില്‍ യൂത്ത്ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായാണ്‌ പ്രൊഫഷണല്‍സ് മീറ്റ് സംഘടിപ്പിക്കപ്പെട്ടത്. ശാന്തപുരം അല്‍ ജാമിഅ റെക്റ്റര്‍ ഡോ: അബ്ദുസ്സലാം വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഗുണകരമായ പ്രവര്‍ത്തങ്ങള്‍ സമൂഹത്തില്‍ നടത്തുന്നതില്‍ പ്രൊഫഷണലുകളാണ്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നത് സന്തോഷം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

പെരുമ്പാവൂര്‍ മക്കാ മസ്ജിദ് ഇമാം യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. നവോത്ഥാന നായകരൊക്കെ അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് വ്യവസ്ഥിതിയോട് കലഹിച്ചവര്‍ ആയിരുന്നെന്നും മൂല്യാധിഷ്ഠിത ജീവിതം നയിക്കുന്ന ഒരാള്‍ക്കും നടപ്പ് ശീലങ്ങളോട് സമരസപ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യം കൊടുക്കുന്നവരാകണം പ്രൊഫഷണലുകള്‍. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന  വിഭാഗീയതകള്‍ക്കെതിരെയും ഓണ്‍ ലൈനിലൂടെയും മറ്റുമുള്ള അപരനെ അംഗീകരിക്കാത്ത വിദ്വേഷം പുലര്‍ത്തുന്ന രീതിയിലുള്ള വികലമായ മത പഠനങ്ങള്‍ക്കെതിരിലും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

യൂത്ത്ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം, സെക്രട്ടറി അസ്‌ലം ഈരാറ്റുപേട്ട തുടങ്ങിയവര്‍ സംസാരിച്ചു.  ചോദ്യോത്തര സെഷന്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഗാനാലാപനം തുടങ്ങിയവയും നടന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, ഐ.ടി. മേഖലകളിലെ ബിരുദ ധാരികളായവര്‍ക്ക് വേണ്ടിയാണ്‌ മീറ്റ് സംഘടിപ്പിച്ചത്.