കലാലയങ്ങളില്‍ കലാപമുണ്ടാക്കാനാണ് സംഘ്പരിവാര്‍ നീക്കം: പ്രഫ. അപൂര്‍വാനന്ദ്

കാഞ്ഞങ്ങാട്: രാജ്യത്തെ കലാലയങ്ങളില്‍ കലാപം ഉണ്ടാക്കാനുള്ള നീക്കമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് ഡല്‍ഹി യൂനിവേഴ്‌സിറ്റി പ്രഫ. അപൂര്‍വാനന്ദ് പറഞ്ഞു. രണ്ട് ദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് നടന്ന സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിെന്റ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കലാലയങ്ങളില്‍ കലാപമുണ്ടാക്കാനുള്ള നീക്കമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാപമുണ്ടാക്കി രാഷ്ട്രീയലാഭം ഉണ്ടാക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്.
ജനങ്ങളെ സസ്യാഹാരിയും മാംസാഹാരിയും എന്ന് വേര്‍തിരിച്ച്   വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി  നടപ്പാക്കുന്നത്. പ്രസംഗത്തിെന്റ മാസ്മരികതകൊണ്ട്  ചിന്താശക്തിയെ ഇല്ലാതാക്കുകയാണ് പ്രധാനമന്ത്രി.  ഭൂരിപക്ഷത്തിെന്റ താല്‍പര്യങ്ങള്‍ ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് വിളിച്ചുപറയാനും ചെറുത്തുതോല്‍പിക്കാനും ജനാധിപത്യ പാര്‍ട്ടികള്‍ക്ക് കഴിയണം. ബുദ്ധിയും മസ്തിഷ്‌കവും പണയംവെച്ചിട്ടില്ലാത്ത യുവാക്കളിലാണ് രാജ്യത്തിന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ അധ്യക്ഷതവഹിച്ചു. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ് ശൈഖിെന്റ പിതാവ് ഗോപിനാഥ് പിള്ള, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്മാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബ്‌റഹ്മാന്‍, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, ജി.ഐ.ഒ സംസ്ഥാന അധ്യക്ഷ അഫീദ അഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സി.എ. യൂസുഫ് എന്നിവര്‍ സംസാരിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ സ്വാഗതം പറഞ്ഞു. ആയിരക്കണക്കിന് യുവജനങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയും ബഹുജന സമ്മേളനത്തോടെയുമാണ് പ്രതിനിധിസമ്മേളനം സമാപിച്ചത്. സംസ്ഥാന സെക്രട്ടറിമാരായ സമദ് കുന്നക്കാവ്, മിര്‍സാദ് റഹ്മാന്‍, ഹമീദ് സാലിം, ഫവാസ്, സംസ്ഥാന സമിതി അംഗങ്ങളായ പി.എം. സ്വാലിഹ്, പി.കെ. മുഹമ്മദ് സാദിഖ്, സി.എ. നൗഷാദ്, വി.എം. നിഷാദ്, എസ്.എം. സൈനുദ്ദീന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.