വ്യക്തിനിയമങ്ങള്‍ ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികള്‍ നേരിടുന്നു: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമങ്ങള്‍ ബാഹ്യവും ആന്തരികവുമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍. സര്‍ക്കാറുകള്‍, ജുഡീഷ്യറി, ഇസ്‌ലാം വിരുദ്ധ വികാരം കൊണ്ടു നടക്കുകയും തങ്ങള്‍ നിശ്ചയിച്ച അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ആളുകളുടെയും ഭാഗത്തു നിന്നാണ് ബാഹ്യവെല്ലുവിളികള്‍ നാം അഭിമുഖീകരിക്കുന്നത്. ഖുര്‍ആന്‍ സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വകവെച്ചു കൊടുത്തിട്ടുണ്ടെങ്കിലും ഖുര്‍ആനിനും പ്രവാചകചര്യക്കും അനുസരിച്ച് അവരര്‍ഹിക്കുന്ന രീതിയില്‍ അത് നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ലെന്നതാണ് നാം നേരിടുന്ന ആഭ്യന്തര വെല്ലുവിളി. എന്ന് ജമാഅത്ത് കേന്ദ്ര ആസ്ഥാനത്ത് ലിംഗനീതിയും കുടുംബ നിയമങ്ങളും എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട സിമ്പോസിയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വ്യക്തിനിയമങ്ങള്‍, ലിംഗനീതി, കുടുംബ നിയമങ്ങള്‍ എന്നീ വിഷയങ്ങള്‍ അവയിലുള്ള നമ്മുടെ നിലപാട് വ്യക്തമാക്കാന്‍ സഹായിക്കുന്ന പദാവലികള്‍ ഉപയോഗിച്ച് വിശദീകരിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അത് സഹായിക്കും. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മുസ്‌ലിം വ്യക്തിനിയമ ബോധവല്‍കരണ കാമ്പയിന്റെ മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി, ഹരിയാന ഘടകങ്ങളാണ് സിമ്പോസിയം സംഘടിപ്പിച്ചത്. ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെയാണ് കാമ്പയിന്‍ നടക്കുന്നത്. ഡല്‍ഹി&ഹരിയാന ഘടകങ്ങളുടെ കാമ്പയിന്‍ അസിസ്റ്റന്റ് കണ്‍വീനര്‍ ആസിഫ് ഇഖ്ബാല്‍ പരിപാടിക്ക് നേതൃത്വം നല്‍കി.