യു.എ.പി.എ: പോലീസ് കണ്ടെത്തല്‍ സ്വാഗതാര്‍ഹം - സോളിഡാരിറ്റി

കേരളത്തിലെ യു.എ.പി.എ കേസുകളില്‍ 42 എണ്ണം നിലനില്‍ക്കുന്നതല്ലെന്ന സംസ്ഥാന പോലീസ് മേധാവി അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. പൗരാവകാശങ്ങളുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി നിരന്തരം പറഞ്ഞു കൊണ്ടിരുന്ന ഒരു വസ്തുതയാണിത്. കസ്റ്റഡിയിലകപ്പെടുന്ന ഏതൊരു വ്യക്തിക്ക് നേരെയും നിര്‍ദയം പ്രയോഗിക്കപ്പെടുന്ന കാടന്‍ നിയമമായി യു.എ.പി.എ മാറിയിരിക്കുന്നു. ഭരണകൂടത്തിനും പോലീസിനും തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ നടപ്പാക്കാനുള്ള വഴിയായും ഈ നിയമം മാറുന്നുണ്ട്. ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യത്തുടലെടുക്കുന്ന ഇനകീയ സമരങ്ങളെയും അവരുടെ ശബ്ദങ്ങളെയും അമര്‍ച്ച ചെയ്യാനും അധികാരികള്‍ പ്രയോഗിക്കുന്നത് യു.എ.പി.എ യാണ്. ഭരണകൂടത്തിന്റെ ഇത്തരം കിരാതവാഴ്ചകളുടെ ദുരന്തഫലമാണ് അന്യായമായി യു.എ.പി.എ ചാര്‍ത്തപ്പെട്ടു എന്ന് ഇപ്പോള്‍ പോലീസ് തന്നെ കണ്ടെത്തിയ കേസുകള്‍. ഇത്തരം യാഥാര്‍ഥ്യം മുന്നില്‍ വെച്ചു കൊണ്ട് കേരളത്തില്‍ യു.എ.പി.എ ചാര്‍ത്തില്ലെന്ന ഉറച്ച നിലപാടെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.