ജമാഅത്തെ ഇസ്‌ലാമി ഭരണഘടന ദേശീയവിരുദ്ധം?

ചോദ്യം: ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ദേശവിരുദ്ധ ചിന്തകള്‍ പ്രോത്സാഹിപ്പിക്കുന്നതും രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും അവഹേളിക്കുന്നതുമാണെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതയില്‍ ബോധിപ്പിച്ചതായി 2014 ജനുവരി 30-ന് വിവിധ പത്രങ്ങളില്‍ വായിക്കാനിടയായി. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും അവ രാജ്യദ്രോഹപരമാണെന്ന് കണ്ടെത്തിയാല്‍ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയതായി അതിലുണ്ട്. യഥാര്‍ഥത്തില്‍ എന്താണ്  സംഭവിച്ചത്?
 
ഉത്തരം:  ജമാഅത്തെ ഇസ്ലാമി രാജ്യദ്രോഹപരവും ദേശീയവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടനയാണെന്നും അതിന്റെ പ്രസിദ്ധീകരണങ്ങള്‍ ദേശദ്രോഹപരമായ ഉള്ളടക്കമടങ്ങിയതാണെന്നും ആരോപിച്ച് ജമാഅത്തിനെയും ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിനെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് അബ്ദുസ്സമദ് വാഴക്കാല എന്നയാള്‍ കൊടുത്ത ഹരജി ഫയലില്‍ സ്വീകരിച്ച കേരള ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് സംഭവം. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാറിന്റെ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചപ്പോള്‍ ദേശീയവിരുദ്ധമോ നിയമവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ജമാഅത്തെ ഇസ്ലാമി ഏര്‍പ്പെട്ടതായി തെളിവില്ലെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം വീണ്ടും ഹരജി പരിഗണനക്കെടുത്ത ഹൈക്കോടതി കൂടുതലായി വല്ലതും ബോധിപ്പിക്കാനുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാറിനോടാരാഞ്ഞു. അതിന് മറുപടിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണീ വിവാദ പരാമര്‍ശമുള്ളത്. ജമാഅത്ത് ദേശവിരുദ്ധമോ നിയമവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് പുതിയ അഫിഡവിറ്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമുദായിക സൗഹാര്‍ദത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളിലും സംഘടന ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍, സംഘടനയുടെ പ്രസിദ്ധീകരണാലയമായ ഐ.പി.എച്ച് പുറത്തിറക്കിയ 97 പുസ്തകങ്ങള്‍ പരിശോധിച്ചതില്‍ 14 എണ്ണത്തില്‍ ദേശീയ വിരുദ്ധമായ പരാമര്‍ശങ്ങള്‍ കണ്ടെത്തി എന്നാണാരോപണം.
 
സര്‍ക്കാറിന്റെ അഫിഡവിറ്റില്‍ അങ്ങേയറ്റം നിരുത്തരവാദപരവും പരിഹാസ്യവും പ്രതിഷേധാര്‍ഹവുമായ പലതുമാണ് രേഖപ്പെടുത്തിവെച്ചിരിക്കുന്നതെന്ന് കാണാന്‍ കഴിഞ്ഞു. ഉദാഹരണത്തിന്, ഇസ്ലാമിന്റെ ശത്രുക്കള്‍ സ്ഥിരമായി വിമര്‍ശിക്കുന്ന, യുദ്ധത്തെക്കുറിച്ച വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ സയ്യിദ് മൗദൂദിയുടെ 'ജിഹാദി'ല്‍ ഉദ്ധരിച്ച്, അവ അവതരിച്ച പശ്ചാത്തലം വിവരിച്ചിരിക്കുന്നു. എന്നാല്‍, ഖുര്‍ആന്‍ സൂക്തങ്ങളൊക്കെ മൗദൂദിയുടെ സ്വന്തം പ്രസ്താവനകളാണ് സത്യവാങ്മൂലത്തില്‍! രാംപുനിയാനിയുടെ പുസ്തകത്തിലെ ഒരധ്യായം ഫാഷിസ്റ്റുകളുടെ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി പറയുന്നതാണ്. ആരോപണങ്ങളിലോരോന്നും മിത്ത് എന്ന തലക്കെട്ടിലാണ് ചേര്‍ത്തിരിക്കുന്നത്. തുടര്‍ന്ന് അതിന്റെ മറുപടിയുമുണ്ട്. ഈ മിത്തുകളിലൊന്ന് കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റേതാണ്. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവല്ല എന്ന മഹാജന്റെ പ്രസ്താവനയാണത്. പുനിയാനി അതിന് നല്‍കിയ വിശദമായ മറുപടിയില്‍ ഗാന്ധിജി രാഷ്ട്രപിതാവാകാന്‍ അര്‍ഹനാണെന്നാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, മഹാജന്റെ പ്രസ്താവന സര്‍ക്കാര്‍ അഫിഡിവിറ്റില്‍ രാം പുനിയാനിയുടേതാണ്. എന്നിട്ട് ഗാന്ധി രാഷ്ട്രപിതാവാകാന്‍ കൊള്ളില്ല എന്ന് ഐ.പി.എച്ച് പുസ്തകത്തില്‍ പറയുന്നതായി തട്ടി മൂളിക്കുകയും! ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'ജമാഅത്തെ ഇസ്ലാമി ഒരു ലഘു പരിചയം' എന്ന പുസ്തകവുമുണ്ട് പട്ടികയില്‍. അതില്‍ അരബിന്ദോയുടെ ഒരു വചനം സാന്ദര്‍ഭികമായി ഉദ്ധരിച്ചിട്ടുണ്ട്. ഹിന്ദു മുസ്ലിം സൗഹൃദം പ്രായോഗികമല്ലെന്നും മുസ്ലിംകള്‍ക്കെതിരെ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നുമാണ് പ്രസ്തുത വചനം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ സൂത്രം എത്ര അപകടകരമായാണ് പ്രവര്‍ത്തിച്ചത് എന്ന് വിവരിക്കാനാണ് ഗ്രന്ഥകാരന്‍ മഹര്‍ഷി അരബിന്ദോയുടെ വാക്യം എടുത്തുദ്ധരിച്ചത്. പക്ഷേ, സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അത് ഗ്രന്ഥകാരന്‍ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ സ്വന്തം വാചകമാണ്!
 
നിലവില്‍ വന്ന ഒന്നാം തീയതി മുതല്‍ ഭരണഘടനാനുസൃതമായും നിയമവിധേയമായും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. രണ്ട് മുഖ്യ കാരണങ്ങളാലാണത്. ഒന്ന്, അരാജകത്വമോ അസമാധാനമോ അല്ലാഹു ഇഷ്ടപ്പെടുന്നില്ല, അനുവദിക്കുന്നുമില്ല. എത്ര പരിശുദ്ധമായ ലക്ഷ്യത്തിന് വേണ്ടിയായാലും അശാന്തിയുടെയും നിയമലംഘനത്തിന്റെയും മാര്‍ഗം സ്വീകരിച്ചുകൂടാ. രണ്ട്, നിയമവിരുദ്ധമായ മാര്‍ഗേണ ലക്ഷ്യം നേടി എന്നു തന്നെ സങ്കല്‍പിക്കുക. നിലനിര്‍ത്തണമെങ്കില്‍ നിയമവാഴ്ചയുടെ വഴി മാത്രമേയുള്ളൂ. വാളെടുത്തവന്‍ വാളാല്‍ എന്നത് പ്രകൃതി നിശ്ചയമാണ്. തികഞ്ഞ മുന്‍വിധികളും അബദ്ധധാരണകളും നിമിത്തം രണ്ടുതവണ ഇന്ത്യാ ഗവണ്‍മെന്റ് ജമാഅത്തിനെ നിയമവിരുദ്ധമാക്കി. ആദ്യത്തെ തവണ സര്‍ക്കാര്‍ തന്നെ നിരോധം റദ്ദാക്കി. രണ്ടാം തവണ, സുപ്രീംകോടതി നിരോധം അസാധുവാക്കി. നിരോധിക്കാന്‍ സര്‍ക്കാര്‍ ബോധിപ്പിച്ച എല്ലാ ന്യായങ്ങളും തള്ളുകയായിരുന്നു കോടതി. ഭരണഘടനാ വിരുദ്ധമോ ദേശവിരുദ്ധമോ ആയി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നിരോധം പരമോന്നത കോടതി റദ്ദാക്കുമോ? ഇത്തവണയും ചില കുത്സിത ശക്തികള്‍ കോടതിയോട് നിരോധം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംഘടന ദേശീയവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്, സൂക്ഷ്മ നിരീക്ഷണം നടത്തിയിട്ടും ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് തന്നെയാണ് ബോധിപ്പിച്ചിരിക്കുന്നത്. പിന്നെ ആരെയോ തൃപ്തിപ്പെടുത്താനോ ആരുടെയോ വികാരശമനത്തിനോ ആണ് യു.ഡി.എഫ് സര്‍ക്കാറിന്റെ ആഭ്യന്തരവകുപ്പ് വികൃതവും വിലക്ഷണവുമായ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പുറത്താണ് ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും പുറത്തിറക്കുന്നത്. അത് ജനങ്ങളെ വഴിതെറ്റിക്കാനുള്ളതല്ല, നേര്‍വഴിക്ക് നയിക്കാനുള്ളതാണ്. തീവ്രവാദത്തെയും ഭീകരതയെയും ഹിംസയെയും തീര്‍ത്തും തള്ളിപ്പറയുന്നതാണ് ജമാഅത്തിന്റെ സാഹിത്യങ്ങള്‍. ഇതൊക്കെ സ്വന്തം സത്യവാങ്മൂലത്തില്‍ സംഘടന വിശദമായി കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. നിയമയുദ്ധം വേണ്ടിവന്നാല്‍ ഏതറ്റം വരെയും പോവാന്‍ സംഘടന സന്നദ്ധമാണെന്ന് മുമ്പേ തെളിയിച്ചിട്ടുള്ളതാണ്.

കടപ്പാട്: പ്രബോധനം വാരിക - 21.2.2014