ഈ സത്യവാങ്മൂലം പ്രതിക്കൂട്ടില്‍ കയറ്റുന്നത് ജമാഅത്തെ ഇസ്‌ലാമിയെ മാത്രമല്ല

റണാകുളം ജില്ലയിലെ അബ്ദുസ്സമദ് എന്നൊരാള്‍, ഇസ്‌ലാം മതപ്രബോധക സംഘം എന്ന സംഘടനയുടെ പ്രചാരകന്‍ എന്ന നിലയില്‍ കേരള ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ 2009-ല്‍ ഒരു ഹരജി ഫയല്‍ ചെയ്തിരുന്നു. ജമാഅത്തെ ഇസ്‌ലാമി ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് എന്നായിരുന്നു ഹരജിക്കാരന്റെ വാദം. അതുകൊണ്ട് അതിനെ നിരോധിക്കണം. ഇതാണാവശ്യം. ഇതിലെ ഒന്നാം എതിര്‍കക്ഷി കേന്ദ്ര സര്‍ക്കാറും രണ്ടാമത്തേത് കേരള സര്‍ക്കാറും മൂന്നാമത്തേത് ജമാഅത്തെ ഇസ്‌ലാമി കേരള അമീറുമാണ്. ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന പരാതിക്കാരന്റെ വാദത്തിന് പിന്‍ബലമായി ധാരാളം തെളിവുകള്‍ നിരത്തുകയും ചെയ്യുന്നുണ്ട്. അന്നു തന്നെ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തെ കോടതികളുടെ കീഴ്‌വഴക്കങ്ങളും മുമ്പില്‍ വെച്ചുകൊണ്ട് ശക്തവും ഏറെ ഭദ്രവുമായ മറുപടി നല്‍കുകയുണ്ടായി. ആ മറുപടി കോടതിയുടെ ഫയലില്‍ ഇപ്പോഴുമുണ്ട്. കോടതി കേസിലെ മൂന്നാം കക്ഷിയായ ജമാഅത്തെ ഇസ്‌ലാമിക്ക് നോട്ടീസ് അയച്ചപ്പോള്‍ തന്നെ ഒന്നാം കക്ഷിയായ കേന്ദ്ര സര്‍ക്കാറിനും രണ്ടാം കക്ഷിയായ കേരള സര്‍ക്കാറിനും നോട്ടീസ് അയക്കുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേകിച്ച് അതിനോട് പ്രതികരിച്ചതായി അറിയില്ല. അതൊരു കേരളീയ വിഷയമായി കാണുകയാണ് അവര്‍ ചെയ്തത്. അന്നത്തെ കേരള സര്‍ക്കാരാവട്ടെ, ജമാഅത്തെ ഇസ്‌ലാമി എന്തെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി തെളിവില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്‌ലാമിയെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നിരോധിക്കേണ്ടുന്ന എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച സൂക്ഷ്മ പഠനങ്ങള്‍ ആവശ്യമാണെങ്കില്‍ അതും, പ്രസിദ്ധീകരണങ്ങളിലോ സാഹിത്യങ്ങളിലോ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനെക്കുറിച്ച റിപ്പോര്‍ട്ടും പിന്നീട് സമര്‍പ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. യഥാര്‍ഥത്തില്‍ ഇപ്പോള്‍ വിവാദമായ ഈ സത്യവാങ്മൂലം ഈ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന മൂന്നാമത്തെ സത്യവാങ്മൂലമാണ്. ഈ മൂന്ന് സത്യവാങ്മൂലങ്ങളിലും ആവര്‍ത്തിച്ച് പറയുന്ന കാര്യം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ബന്ധവുമില്ലെന്നാണ്. ഈ സത്യവാങ്മൂലത്തില്‍ മൂന്ന് തവണ അത് ആവര്‍ത്തിച്ച് പറയുന്നുണ്ട്. അഥവാ ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നില്ല എന്ന ചിത്രം സര്‍ക്കാറിന്റെ മുമ്പില്‍ വ്യക്തമാണ് എന്നര്‍ഥം. 

 

മറ്റൊരു വിഷയം ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയുമായി ബന്ധപ്പെട്ടതാണ്. ഭരണഘടന മുന്നോട്ട് വെക്കുന്ന ചില ആശയങ്ങളും കാഴ്ച്ചപ്പാടുകളും നമ്മുടെ രാജ്യത്തിന്റെ താത്പര്യത്തിന് എതിരാണ് എന്നതാണ് ഈ സത്യവാങ്മൂലത്തിലെ ഒരു വാദം. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പരാതി നല്‍കിയ കക്ഷിയുടെ ആരോപണത്തെ ഒരു സത്യവാങ്മൂലമായി സര്‍ക്കാര്‍ ഏറ്റു ചൊല്ലുകയാണ് യഥാര്‍ഥത്തില്‍ ഇവിടെ ചെയ്തിട്ടുള്ളത്. കാരണം, സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തിന്റെ ഭരണഘടനയോ പൗരാവകാശ കാഴ്ചപ്പാടോ മുന്നില്‍ വെച്ചുകൊണ്ട് ഒരു നിമിഷംപോലും ആലോചിക്കാതെയാണ് ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയെ സംബന്ധിച്ച ഈ വാദഗതി സമര്‍പ്പിച്ചത്. നമുക്കിതിന്റെ വിശദാംശങ്ങളിലേക്ക് വരാം. ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹില്ല) എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മൗലികമായ ആദര്‍ശാടിത്തറ. ഭരണഘടനയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ വാക്യമായി ഇത് എഴുതിവെച്ചിട്ടുമുണ്ട്. ഈ ആശയത്തെത്തന്നെ വലിയൊരു ആക്ഷേപമായാണ് ഈ സത്യവാങ്മൂലം ഉന്നയിക്കുന്നത്. ഇത് ആദര്‍ശ വാക്യമായി അംഗീകരിക്കുന്ന ഒരു വ്യക്തിക്കോ ഒരു സംഘത്തിനോ ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടന വകവെച്ച് നല്‍കുന്നുണ്ടോ എന്നതാണ് അപ്പോള്‍ മൗലികമായ ചോദ്യം. രാജ്യ ഭരണഘടനയെ മുന്‍നിര്‍ത്തി ഇതൊരു സുപ്രധാനമായ ചോദ്യം തന്നെയാണ്. കാരണം ഇത് ഏതെങ്കിലും ഒരു സംഘടനയുമായി മാത്രം ബന്ധപ്പെട്ടതല്ല. ലക്ഷക്കണക്കിന് പൗരന്മാരുടെ വിശ്വാസവും ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ്. ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്ന ഈ ആദര്‍ശം ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധമല്ലെന്ന് കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമി ബോധിപ്പിച്ചിട്ടുണ്ട്. സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉന്നയിച്ച ഈ ആരോപണത്തില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിയമ പോരാട്ടം നടത്തി ചെറുത്ത് തോല്‍പ്പിക്കേണ്ട വിഷയമാണിത്. ഒന്നാമതായി,  ജമാഅത്തെ ഇസ്‌ലാമിയുമായി മാത്രം ബന്ധപ്പെട്ട ഒരു വിഷയമല്ല ഇത്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന  ആദര്‍ശത്തില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണ്. രണ്ടാമതായി, രാജ്യത്തെ മുഴുവന്‍ മത വിശ്വാസികളുമായും ഇത് ബന്ധപ്പെട്ടു നില്‍ക്കുന്നു. കാരണം, സര്‍ക്കാര്‍ സവിശേഷമായ ഒരു മതവീക്ഷണത്തെയോ സംസ്‌കാരത്തെയോ പ്രമോട്ട് ചെയ്യുകയും അതല്ലാത്തതിനെ ദേശവിരുദ്ധം എന്ന് മുദ്രയടിക്കുകയുമാണെങ്കില്‍ അത് രാജ്യത്തിന്റെ മത നിരപേക്ഷ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്. അപ്പോള്‍ രാജ്യത്തെ മുഴുവന്‍ മതവിശ്വാസികള്‍ക്കും വേണ്ടിയുള്ള നിയമ പോരാട്ടമാണ് ജമാഅത്തെ ഇസ്‌ലാമിയുടേത്. അതുകൊണ്ടുതന്നെ ഈ നിയമപോരാട്ടത്തില്‍ മുഴുവന്‍ ആളുകളുടെയും പിന്തുണ ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെടുന്നു. 

 

കേസുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്ക് നേരത്തെയും അനുഭവമുണ്ട്. 1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഹിന്ദുവര്‍ഗീയ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സമയത്ത് തൂക്കമൊപ്പിക്കാന്‍ വേണ്ടി ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിക്കുകയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി സുപ്രീം കോടതിയെ സമീപിച്ചു. ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ല എന്ന് പറഞ്ഞ് നിരോധം റദ്ദ് ചെയ്യുകയായിരുന്നു കോടതി.  1994-ലാണ് ഈ വിധി വരുന്നത്. ഇരുപത് വര്‍ഷത്തിന് ശേഷവും സത്യവാങ്മൂലത്തില്‍ ഈ വാദം ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍.

 

ഇന്ത്യന്‍ ഭരണഘടനക്ക് ആ ഭരണഘടനയോടുള്ള നിലപാട് അത് ലിഖിതമാണ്, ഭേദഗതി ചെയ്യപ്പെടാവുന്നതുമാണ് എന്നതാണ്. ഭൂരിപക്ഷാഭിപ്രായ പ്രകാരം ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യപ്പെടാവുന്നതാണ് എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്. ഭേദഗതിയെക്കുറിച്ച ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നു. ജനം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു. ശേഷം ജനപ്രതിനിധികളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം ഭേദഗതി നിലവില്‍ വരുന്നു. ഇതാണ് ഭേദഗതി സംബന്ധമായ ജനാധിപത്യ പ്രക്രിയ. അതുകൊണ്ട് തന്നെ ഭരണഘടനക്ക് ചോദ്യങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ വിധേയമാക്കപ്പെടാന്‍ പാടില്ലാത്ത വിധം അപ്രമാദിത്വമുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കരുതുന്നില്ല. അതേസമയം, ഭരണഘടന മുന്നോട്ട് വെക്കുന്ന നിയമങ്ങളെയും അതിന്റെ വിശദാംശങ്ങളെയും ജമാഅത്തെ ഇസ്‌ലാമി മാനിക്കുകയും ചെയ്യുന്നു. രാജ്യത്തെ പല സംഘടനകളും പലതരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരാണ്. അത് നമ്മുടെ രാജ്യെത്ത പൊതുപ്രവര്‍ത്തനത്തിന്റെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും നാട്ടുനടപ്പ് കൂടിയാണ്. ഒരു പ്രസ്ഥാനമെന്ന നിലയില്‍ അത്തരം നിയമ ലംഘനമൊന്നും ജമാഅത്തെ ഇസ്‌ലാമി നടത്തിയിട്ടില്ല. ഭരണഘടനയും ഭരണഘടനാനുസൃത നിയമങ്ങളും അനുസരിച്ചുകൊണ്ടാണ് ഒരാള്‍ ഭരണഘടനയോട് കൂറ് പ്രകടിപ്പിക്കേണ്ടത്. അപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. ഒരു വ്യക്തിയോ സംഘടനയോ ഭരണഘടനയെ മാനിക്കുന്നുവെന്നിരിക്കട്ടെ, അദ്ദേഹത്തിന്റെ/അവരുടെ മത വിശ്വാസത്തെയും സങ്കല്‍പങ്ങളെയും ചോദ്യം ചെയ്യാന്‍ ഭരണഘടനയുടെ ഏത് വകുപ്പാണ് സര്‍ക്കാറിന് അധികാരം നല്‍കുന്നത്?

 

ഇനി നമുക്ക് സത്യവാങ്മൂലത്തില്‍ അക്കമിട്ട് നിരത്തിയ പുസ്തകങ്ങളിലേക്ക് വരാം. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്(ഐ.പി.എച്ച്) പ്രസിദ്ധീകരിച്ച പതിനാല് പുസ്തകങ്ങളിലെ ചില ആശയങ്ങളെയും ചില ഉദ്ധരണികളെയുമാണ് കൊടുംപാപം എന്ന ഭാവത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ പുസ്തകങ്ങള്‍ നിരോധിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ വാദം. ഇവിടെ ഒരു കാര്യം പ്രത്യേകം  മനസ്സിലാക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ എന്താണെന്ന് സംഘടന മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ ഭരണഘടന, പോളിസി പ്രോഗ്രാം, ജമാഅത്തെ ഇസ്‌ലാമി സംഘടനാ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍, അതത് സമയത്തെ പ്രമേയങ്ങള്‍ തുടങ്ങിയവയാണ് ജമാഅത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍. അതേസമയം ജമാഅത്ത് പ്രവര്‍ത്തകരാലോ അനുഭാവികളാലോ നടത്തപ്പെടുന്ന ധാരാളം പ്രസിദ്ധീകരണാലയങ്ങള്‍ രാജ്യത്തുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി ആശയപരമായി യോജിപ്പും വിയോജിപ്പുമുള്ള പലതരം പുസ്തകങ്ങള്‍ ഇവര്‍ പ്രസിദ്ധീകരിക്കാറുമുണ്ട്. ഈയര്‍ഥത്തില്‍ ഐ.പി.എച്ചും ധാരാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊരു വൈജ്ഞാനിക സംഭാവനയാണ്. ഇത്തരം പുസ്തകങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി സമ്പൂര്‍ണമായും ജമാഅത്തെ ഇസ്‌ലാമി യോജിച്ച് കൊള്ളണമെന്നില്ല. അതുകൊണ്ട് അതിന് മറുപടി പറയാന്‍ ജമാഅത്തെ ഇസ്‌ലാമി ബാധ്യസ്ഥവുമല്ല. ഉദാഹരണത്തിന്, ലോക പ്രശസ്തനായ മാല്‍ക്കം എക്‌സിന്റെ ആത്മകഥ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജെഫ്രി ലാംഗിന്റെ മാലാഖമാര്‍ പോലും ചോദിക്കുന്നു എന്ന പുസ്തകം ഐ.പി.എച്ച് തന്നെയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം ഇത്തരം പുസ്തകങ്ങള്‍ മുന്നോട്ട് വെക്കുന്ന മുഴുവന്‍ ആശയങ്ങളും ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളല്ല. അപ്പോള്‍ വിശാലമായ വൈജ്ഞാനിക പ്രവര്‍ത്തനം നടത്തുന്ന പ്രസാധനാലയത്തിന്റെ ചില പുസ്തകങ്ങളുടെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ ക്രൂശിക്കാനിറങ്ങുന്നത് അല്‍പ്പത്തമാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക ദര്‍ശനം എന്ന ബൃഹത്തായ ഒരു പഠന ഗ്രന്ഥമുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് സമഗ്രവും ആധികാരികവുമായ പഠനമാണത്. ഈ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന പല ആരോപണങ്ങളും ആ പുസ്തകത്തിന് കൂടി ബാധകമാണ്. അതിന്റെ പേരില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുമോ?

 

സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച പതിനാല് പുസ്തകങ്ങളെക്കുറിച്ച സര്‍ക്കാര്‍ ആരോപണം ഏറെ രസാവഹവും തികച്ചും നിരുത്തരവാദപരവുമാണ്. ഇതില്‍ ഒരു ക്രൈസ്തവ വംശീയ മനസ്സ് പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് നിഷ്പക്ഷമതിയായ ഏതൊരാള്‍ക്കും തോന്നിപ്പോകുന്ന തരത്തിലുള്ളതാണ് ആരോപണങ്ങള്‍. നമ്മുടേതുപോലുള്ള ഒരു ബഹുമത സമൂഹത്തില്‍ ആഭ്യന്തര വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി കൂടുതല്‍ ഉത്തരവാദിത്ത ബോധവും സൂക്ഷ്മതയും കാണിക്കേണ്ടതായിരുന്നു. ഇനി നമുക്ക് പുസ്തകങ്ങളുടെ വിശദാംശങ്ങളിലേക്ക് വരാം. പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ ടി. മുഹമ്മദിന്റെ ഒരു ജാതി ഒരു ദൈവം എന്ന പുസ്തകമാണ് അതിലൊന്ന്. യഥാര്‍ഥത്തില്‍ ഈ പുസ്തകം എഴുതപ്പെട്ടത് ഇന്ത്യന്‍ ദേശീയ ധാരയോട് മുസ്‌ലിം സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തുന്നതിന് വേണ്ടിയുള്ള വൈജ്ഞാനികമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ഹൈന്ദവ ദര്‍ശനവും ഇസ്‌ലാമിക ദര്‍ശനവും ചരിത്രപരമായി ഒരേ ധാരയില്‍ നിന്ന് രൂപപ്പെട്ട് വന്നതാണെന്നാണ് ലേഖകന്‍ സമര്‍ഥിക്കുന്നത്. ഭാരതിയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ എന്ന പേരില്‍ ഈ വിഷയത്തില്‍ വളരെ സമഗ്രവും ആധികാരികവുമായ രണ്ട് ഭാഗങ്ങളുള്ള പഠന ഗ്രന്ഥം രചയിതാവിന്റേതായിട്ടുണ്ട്. ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് കേരള സാഹിത്യ അക്കാദമിയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഐ.പി.എച്ച് തന്നെയാണ് അത് പുറത്തിറക്കിയത്. ഒരര്‍ഥത്തില്‍ ആ പഠന ഗ്രന്ഥത്തിന്റെ സംക്ഷിപ്തമാണ് ഒരു ജാതി ഒരു ദൈവം എന്ന പുസ്തകം. പുസ്തകം ഇസ്‌ലാമിനെ പ്രഥമവും പ്രധാനവുമായ മതമായി പുകഴ്ത്തുകയും ഹിന്ദുമതം ഒരു മതമല്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു എന്നതാണ് പുസ്തകത്തിനെതിരായ ആരോപണം. ഇസ്‌ലാമിനെ എല്ലാ മതങ്ങളുടെയും അന്തര്‍ധാരയായി പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഹിന്ദുമതം മതമല്ലെന്നത് സുപ്രിംകോടതി പോലും നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ഈ കാര്യം പറയുന്നുണ്ട്. മുഹമ്മദ് ശമീം രചിച്ച ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന പുസ്തകവും പ്രഫ. പി.പി ഷാഹുല്‍ ഹമീദിന്റെ യേശുവിന്റെ പാത മുഹമ്മദിന്റെയും എന്ന പുസ്തകവും ലിസ്റ്റിലുണ്ട്. യേശുവിനെക്കുറിച്ച് ഈ പുസ്തകങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയം ക്രൈസ്തവ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ അദൃശ്യനും അരൂപിയും പുത്ര-കുടുംബ ബന്ധങ്ങളേതുമില്ലാത്തവനുമായ അസ്തിത്വം എന്ന മുസ്‌ലിംകളുടെ ദൈവസങ്കല്‍പ്പത്തെ, പിതാവും പുത്രനും എന്ന ക്രൈസ്തവ ദൈവസങ്കല്‍പ്പം വ്രണപ്പെടുത്തുന്നു എന്ന് ഒരാള്‍ക്ക് തിരിച്ചും വാദിക്കാമല്ലോ. ദൈവസങ്കല്‍പ്പത്തില്‍ യേശു എന്നത് ഒരു പരിഗണനാ വിഷയം പോലുമല്ലാത്ത ഹൈന്ദവ വിശ്വാസികളുടെ മതവിശ്വാസത്തെയും ഇത് വ്രണപ്പെടുത്തുന്നുവെന്നും വാദിക്കാം. 

 

ഇന്ന് ലോകാടിസ്ഥാനത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനമാണ് ഇസ്‌ലാം-ക്രൈസ്തവ സംവാദങ്ങള്‍. അത്തരമൊരന്തരീക്ഷം ഏതെങ്കിലും ഒരു നാട്ടിലും സമൂഹത്തിലും നിലനില്‍ക്കുന്നുവെങ്കില്‍ അവരുടെ സാംസ്‌കാരിക ഔന്നത്യമാണ് അത് പ്രകടമാക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍കൈയില്‍ തന്നെ കേരളത്തില്‍ ഇരുമതവിഭാഗങ്ങള്‍ക്കുമിടയില്‍ ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും ഏറെ നടന്നിട്ടുണ്ട്.  യേശു, മറിയം, ത്രിയേകത്വം തുടങ്ങിയ വിഷയങ്ങളില്‍ ഖുര്‍ആനിന്റെയും ബൈബിളിന്റെയും വീക്ഷണങ്ങളാണ് ഇത്തരം സംവാദങ്ങളുടെ ഇതിവൃത്തം. ഇതില്‍ ഏതെങ്കിലും ഒരുവിഭാഗത്തിന് അസ്വസ്ഥതയോ അലോസരമോ ഉള്ളതായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. എന്നല്ല, ഇത്തരം തുറന്ന ചര്‍ച്ചകളും സംവാദങ്ങളും ഇരുവിഭാഗത്തിനുമിടയിലെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മതവിശ്വാസത്തെക്കുറിച്ചും ജീവിത കാഴ്ച്ചപ്പാടിനെക്കുറിച്ചും അന്വേഷണങ്ങളും ചര്‍ച്ചകളും പാടില്ല എന്നാണോ സര്‍ക്കാര്‍ വാദിക്കുന്നത്? യഥാര്‍ഥത്തില്‍ ഈ പുസ്തകങ്ങള്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതുകൊണ്ടല്ല, മതവികാരം വ്രണപ്പെടുത്തുന്നത് എന്നാരോപിക്കാവുന്ന വല്ലതും ഈ പുസ്തകങ്ങളില്‍ നിന്ന് കണ്ടെടുത്തേ പറ്റൂ എന്ന കുബുദ്ധിയാല്‍ പുസ്തകത്തെ സമീപിച്ചതുകൊണ്ടാണ് ഇത്തരം വിഡ്ഢിത്തങ്ങളില്‍ സര്‍ക്കാര്‍ ചെന്നുപതിച്ചത്. സത്യവാങ്മൂലത്തിലെ സര്‍ക്കാര്‍ വാദം ഇന്ത്യയിലെ ഏതെങ്കിലും ഒരു കോടതി ശരിവെച്ചാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതവിശ്വാസ വൈവിധ്യത്തെയും അവയ്ക്കിടയിലെ സംവാദ സ്വാതന്ത്ര്യത്തെയും അത് പ്രതികൂലമായി ബാധിക്കുമെന്നതാണ് പ്രശ്‌നം. 

 

സത്യവാങ്മൂലത്തില്‍ പറയുന്ന മറ്റൊരു പുസ്തകമാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ ജമാഅത്തെ ഇസ്‌ലാമി ലഘുപരിചയം. 'ഹിന്ദു-മുസ്‌ലിം മൈത്രി എന്ന് പറയുന്നത് വിഡ്ഢിത്തമാണ് എന്ന് പ്രഖ്യാപിക്കുന്നതില്‍ എന്നോട് ക്ഷമിക്കണം. ഒരുനാള്‍ ഹിന്ദുക്കള്‍ക്ക് മുസ്‌ലിംകള്‍ക്കെതിരായി പൊരുതേണ്ടിവരും. അതിന് തയാറാവുക' (പേജ് 20) എന്ന ഉദ്ധരണിയാണ് പ്രകോപനപരമായ പരാമര്‍ശമായി ഉദ്ധരിച്ചിരിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് ലേഖകന്റേതല്ല. ഇന്ത്യാ വിഭജന കാലത്ത് രാജ്യത്തെ സാമുദായിക ധ്രുവീകരണത്തിന്റെ ആഴം വ്യക്തമാക്കാന്‍ വേണ്ടി അരബിന്ദോയുടെ പ്രസ്താവന ഉദ്ധരിക്കുക മാത്രമാണ് ഗ്രന്ഥകാരന്‍ ചെയ്തത്. അപ്പോഴിത് ബോധപൂര്‍വമായ തെറ്റിദ്ധരിപ്പിക്കല്‍ മാത്രമല്ല; ഇരു സമുദായങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനുള്ള ഹീന ശ്രമവും ഇതിന് പിന്നിലുണ്ട്. ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ അതിന്റെ പൗരന്മാരോട് ഒരിക്കലും കാണിക്കാന്‍ പാടില്ലാത്തതാണിത്. കല്ല്, മരം, എല്ല്, വിഗ്രഹം, സ്വര്‍ണം, സ്ത്രീ, രാജ്യം, ഭാഷ, ഗോത്രം, നിറം, പണ്ഡിതന്‍, പുരോഹിതന്‍, നേതാവ്, ഭരണാധികാരി, സന്യാസി, പ്രവാചകന്‍ എന്നിവരൊന്നും ദൈവങ്ങളല്ല. എല്ലാവരെയും അല്ലാഹുവാണ് സൃഷ്ടിച്ചത്. അവര്‍ക്കൊന്നും സൃഷ്ടാവാകുക സാധ്യമല്ല. (പേജ്: 52). സത്യവാങ്മൂലം അപരാധമായി ഉന്നയിച്ച ഈ കാര്യം ഇസ്‌ലാമിന്റെ മൗലിക വിശ്വാസ ആദര്‍ശമാണ്. 

 

അബുല്‍ അഅ്‌ലാ മൗദൂദിയുടെതാണ് ഇതിലെ മറ്റു ചില പുസ്തകങ്ങള്‍. ലോക പ്രശസ്ത ചിന്തകനും ഗവേഷകനുമാണ് മൗദൂദി. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. ഒരു വൈജ്ഞാനിക വ്യക്തിത്വമെന്ന നിലയില്‍ അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളോടും ജമാഅത്തെ ഇസ്‌ലാമി യോജിച്ച് കൊള്ളണമെന്നില്ല. അത്തരമൊരു ബാധ്യത അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുമില്ല. അപ്പോള്‍ ലോകത്തെ മറ്റൊരുപാട് ഇസ്‌ലാമിക നവോത്ഥാന നായകന്മാരെയും ചിന്തകന്മാരെയും പോലെ ഒരു റഫറന്‍സ് ആണ് ജമാഅത്തെ ഇസ്‌ലാമിക്ക് മൗദൂദിയും. കൂടാതെ, 1948-ല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന പേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ഈ സംഘടനക്ക് മൗദൂദിയുമായി നേര്‍ക്കുനേരെ ബാധ്യതകളൊന്നുമില്ല. കാരണം, ജമാഅത്തെ ഇസ്‌ലാമി തന്നെ പ്രഖ്യാപിച്ചത് പ്രകാരം അതിന്റെ ആശയങ്ങളും നയനിലപാടുകളും രൂപപ്പെടുത്തുന്നത് കേന്ദ്ര പ്രതിനിധിസഭ(മജ്‌ലിസെ നുമാഇന്തഗാന്‍)യും കൂടിയാലോചനാ സമിതി(ശൂറ)യുമാണ്. അത് കടപ്പെട്ടിരിക്കുന്നതാകട്ടെ വിശുദ്ധ ഖുര്‍ആനിനോടും തിരുസുന്നത്തിനോടുമാണ്. ഇതല്ലാത്ത ഒന്നിനും അപ്രമാദിത്വം ജമാഅത്തെ ഇസ്‌ലാമി കല്‍പ്പിക്കുന്നില്ല. മൗദൂദിയുടെ ആശയങ്ങളെയും ചിന്തകളെയും പോലും ഒരു വൈജ്ഞാനിക സംവാദത്തിന് വിധേയമാക്കുകയാണ് ജനാധിപത്യ സമൂഹം ചെയ്യേണ്ടത്. കാരണം, തന്റെ വൈജ്ഞാനിക പ്രവര്‍ത്തനത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും അങ്ങേയറ്റത്തെ ജനാധിപത്യ ബോധം കൊണ്ടു നടന്ന ആളായിരുന്നു മൗദൂദി. അദ്ദേഹത്തിന്റെ ആശയങ്ങളുമായി സംവാദം നടത്താന്‍ വൈജ്ഞാനിക കരുത്തില്ലാത്തവരാണ് അതിനെ രാക്ഷസവത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും മൗദൂദിയെന്ന ചിന്തകന്റെ വൈജ്ഞാനിക കരുത്തിന് അടിവരയിടുന്നതാണ് ഇത്തരം സംഭവങ്ങള്‍. 

 

സത്യവാങ്മൂലത്തിലെ മറ്റൊരു വിഷയം ജനകീയ പ്രശ്‌നങ്ങളില്‍ തീവ്ര ഇടതുസംഘടനകളുമായും ദലിത് സംഘടനകളുമായും വേദി പങ്കിടുന്നുവെന്നതാണ്. രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയുമായും ജമാഅത്തെ ഇസ്‌ലാമി വേദി പങ്കിട്ടിട്ടില്ല. അതേസമയം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡി.എച്ച്.എം.ആര്‍ പോലുള്ള ദലിത് സംഘടനകളും ജനകീയ സംഘടനകളും നടത്തുന്ന സമരങ്ങളിലും പ്രക്ഷോഭങ്ങളിലും ജമാഅത്തെ ഇസ്‌ലാമി ഭാഗഭാക്കാവാറുണ്ട്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരം പോലും രാജ്യദ്രോഹപരമാണ് എന്നാണ് സര്‍ക്കാര്‍ വാദമെങ്കില്‍ അത് ജനാധിപത്യ വിശ്വാസികള്‍ കാര്യഗൗരവത്തില്‍ കാണേണ്ടുന്ന ഒന്നാണ്. കടുത്ത ഏകാധിപത്യ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന സമീപനമാണിത്. സര്‍ക്കാര്‍ നയങ്ങളെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവി നല്‍കി ആദരിച്ച ജനാധിപത്യ സംവിധാനമാണ് നമ്മുടെ രാജ്യത്തിന്റേതെന്ന് ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ ഈ സത്യവാങ്മൂലം ജമാഅത്തെ ഇസ്‌ലാമിയെ മാത്രമല്ല, സിവില്‍ സമൂഹത്തെയും പോരാട്ട സംഘടനകളെയും കൂടി ബാധിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ ആരൊക്കെയാണ് ടാര്‍ഗറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന വെളിപ്പെടുത്തലാണ് മറ്റൊരര്‍ഥത്തില്‍ ഈ സത്യവാങ്മൂലം.

 

പരാമര്‍ശിക്കപ്പെട്ട മറ്റൊരു പുസ്തകമാണ് മാധ്യമ പ്രവര്‍ത്തകന്‍ എ. റശീദുദ്ദീനെഴുതിയ ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. ഇന്ത്യയിലെ ബോംബു സ്‌ഫോടനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ഭരണകൂടം, ഇന്റലിജന്‍സ് ബ്യൂറോ, സംഘ്പരിവാര്‍ എന്നിവരുടെ അറിവും പങ്കാളിത്തവുമുണ്ട് എന്നാണ് ഈ പുസ്തകം തെളിവുകളും ന്യായങ്ങളും വെച്ച് സമര്‍ഥിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണത്തിന് പിന്നില്‍ അമേരിക്ക തന്നെയായിരുന്നു എന്ന് സമര്‍ഥിക്കുന്ന ധാരാളം പഠനങ്ങള്‍ ലോകത്ത് ഇന്ന് ലഭ്യമാണ്. അതുപോലുള്ള ഒരു പഠനമാണിത്. ഇന്ത്യയിലെ ഭീകരാക്രമണങ്ങളെക്കുറിച്ച ഭരണകൂട-പോലീസ് ഭാഷ്യങ്ങള്‍ക്ക് വിരുദ്ധമായ കണ്ടെത്തലുകളാണ് ഇത്. ഇത്തരം പഠനങ്ങള്‍ ഇന്ത്യയില്‍ വേറെയും പുറത്തിറങ്ങിയിട്ടുണ്ട്. ഹേമന്ദ് കര്‍ക്കരെയുടെ ദുരൂഹ മരണത്തെക്കുറിച്ച് പുറത്തിറങ്ങിയ പഠനം, അരുന്ധതി റോയ് ഭരണകൂട ഭീകരതയെക്കുറിച്ച് നടത്തിയ പ്രസ്താവനകള്‍, ഭീകരാക്രമണങ്ങളില്‍ പങ്കെടുത്ത സംഘ്പരിവാര്‍ പ്രതിനിധികളുടെ  കുറ്റസമ്മത മൊഴികള്‍, ഇതെല്ലാം ഇന്ന് രാജ്യത്തിന് മുമ്പാകെയുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ ജനാധിപത്യവും പൗരാവകാശവും അസ്ഥിരപ്പെടാതിരിക്കാനുള്ള പൗരസമൂഹത്തിന്റെ ജാഗ്രതയുടെ ഭാഗമാണ് ഇത്തരം പുസ്തകങ്ങള്‍. ഇതില്‍ വസ്തുതാപരമായ പിശകുകളുണ്ടെങ്കില്‍ സര്‍ക്കാറിനത് ചൂണ്ടിക്കാണിക്കാം. സര്‍ക്കാര്‍ ഭാഷ്യത്തെ ചോദ്യം ചെയ്യാനേ പാടില്ല എന്നാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ ഭീകരാക്രമണങ്ങളെക്കുറിച്ച ദുരൂഹതകളുടെ ആഴം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 

 

ഇന്ത്യയുടെ ചാര സംഘടനയായ 'റോ'യില്‍ മുസ്‌ലിം പ്രാതിനിധ്യമില്ല എന്നതും ഇന്റലിജന്‍സിലെ പ്രാതിനിധ്യം നാമമാത്രമാണെന്നതും പുസ്തകം ചൂണ്ടിക്കാണിച്ചത് ഇസ്‌ലാമിക ഭീകരതയെ ന്യായീകരിക്കുന്നതിനുള്ള തെളിവായിട്ടാണ് സത്യവാങ്മൂലം സമര്‍ഥിക്കുന്നത്. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടി പ്രധാനമന്ത്രി നിയോഗിച്ച സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തലാണിത്. അപ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം അത് ചൂണ്ടിക്കാണിക്കാനേ പാടില്ല എന്നാണോ സര്‍ക്കാര്‍ വാദിക്കുന്നത്? രാജ്യത്തിന്റെ മര്‍മ പ്രധാനമായ ഇത്തരം സംവിധാനങ്ങളില്‍ ന്യൂനപക്ഷത്തിന് അര്‍ഹമായ പ്രാതിനിധ്യമില്ല എന്ന് വരുന്നത് അവരുടെ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് കണ്ടറിഞ്ഞ് പരിഹരിക്കേണ്ട ഗവണ്‍മെന്റ് ഇത് ചൂണ്ടിക്കാണിക്കുന്നവരെ തീവ്രവാദികളാക്കുന്നത് വിചിത്രമാണ്. 

 

പ്രശസ്ത ആക്റ്റിവിസ്റ്റും എഴുത്തുകാരനും ഗ്രന്ഥകര്‍ത്താവുമായ രാം പുനിയാനിയുടെ വര്‍ഗീയ രാഷ്ട്രീയം മിത്തും യാഥാര്‍ഥ്യവും എന്ന പുസ്തകമാണ് സത്യവാങ്മൂലം പരാമര്‍ശിക്കുന്ന മറ്റൊന്ന്. മഹാത്മാ ഗാന്ധി രാഷ്ട്രപിതാവാകാന്‍ യോഗ്യനല്ല എന്നെഴുതി എന്നാണ് ഒരാരോപണം. രാം പുനിയാനി ജമാഅത്ത് പ്രവര്‍ത്തകനല്ല.  ആ പുസ്തകം ഇന്ത്യന്‍ സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ധാരാളം വീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതെല്ലാം ഗ്രന്ഥകര്‍ത്താവിന്റെ നിലപാടുകളാണ്. ഗാന്ധിജിയെ പ്രശ്‌നവല്‍ക്കരിച്ച അനവധി പുസ്തകങ്ങള്‍ ഇന്ന് ഇന്ത്യയില്‍ ലഭ്യമാണെന്നിരിക്കെ ഒരു പ്രസാധനാലയത്തിന്റെ മാത്രം പുസ്തകത്തെ ടാര്‍ഗറ്റ് ചെയ്യുന്നത് ദുരുദ്ദേശ്യപരമാണ്. 

 

1990-കള്‍ക്ക് ശേഷമാണ് കേരളീയ പൊതുമണ്ഡലത്തില്‍ ജമാഅത്തെ ഇസ്‌ലാമി സജീവ ചര്‍ച്ചാ വിഷയമാവുന്നത്. അതേ കാലത്ത് തന്നെയാണ് സോവിയറ്റ് യൂനിയന്റെ തിരോധാനം സംഭവിക്കുന്നത്. ഇതിന് ശേഷം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പ്രധാന ടാര്‍ഗറ്റ് ഇസ്‌ലാമായി മാറി. ഇസ്‌ലാമിനെയും ഇസ്‌ലാമുമായി ബന്ധപ്പെട്ടതിനെയും കുറിച്ചെല്ലാമുള്ള ഭീതി ജനങ്ങളില്‍ ജനിപ്പിക്കുക എന്നതായിരുന്നു സാമ്രാജ്യത്വത്തിന്റെ രീതി. ഇസ്‌ലാമിനെ നേര്‍ക്കുനേരെ അക്രമിക്കുന്നതിന് പകരം സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ഇസ്‌ലാമിക സംഘടനകളെ രാക്ഷസവത്കരിക്കുക എന്നതാണ് ഇസ്‌ലാം ഭീതി ജനിപ്പിക്കുന്നതിന് സ്വീകരിച്ച ഒരു മാര്‍ഗം. ഈ ഇസ്‌ലാം പേടി ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. അതിന്റെ ഇരയാണ് ഒരര്‍ഥത്തില്‍ ജമാഅത്തെ ഇസ്‌ലാമി. കേരളത്തിലാകട്ടെ, സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. വിദ്യാഭ്യാസം, സേവനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ ജമാഅത്തെ ഇസ്‌ലാമിക്കിവിടെ പ്രത്യക്ഷമായ മുന്‍കൈ തന്നെയുണ്ട്. അതോടൊപ്പം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കും അതിന്റെ പോഷക സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേതൃപരമായ പങ്കുണ്ട്. ഇത്തരം പോരാട്ടങ്ങളുടെ മര്‍മ്മം പലപ്പോഴും സാമ്രാജ്യത്വ വിരുദ്ധവും മുതലാളിത്ത വിരുദ്ധവുമാണ് എന്നത് സാമ്രാജ്യത്വത്തെ അലോസരപ്പെടുത്തുന്ന ഒരു ഘടകം തന്നെയാണ്. അഥവാ,   കേവല മതസംഘടനയുടെ അജണ്ടയിലും ചിട്ട വട്ടങ്ങളിലും പരിമിതപ്പെടുന്ന ഒരു പ്രസ്ഥാനമല്ല ജമാഅത്തെ ഇസ്‌ലാമി. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്‌ലാമി അനേകായിരം പേര്‍ക്ക് പ്രതീക്ഷയും ആശ്വാസവുമാണ് എന്നത് പോലെതന്നെ സാമ്രാജ്യത്വത്തിന്റെയും ഫാഷിസ്റ്റുകളുടെയും ജനവിരുദ്ധ ഭരണകൂടങ്ങളുടെയും അലോസരം കൂടിയാണ്. അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി വേട്ടക്ക് അങ്ങനെയൊരു രാഷ്ട്രീയം കൂടിയുണ്ട്. 

 

കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം വോട്ട് ബാങ്ക് മുസ്‌ലിം ലീഗാണ്. ക്രൈസ്തവ വോട്ട് ബാങ്ക് കേരള കോണ്‍ഗ്രസ്സും. ഈ രണ്ട് പാര്‍ട്ടികളും മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. പിന്നെ അവശേഷിക്കുന്ന പ്രധാന വോട്ട് ബാങ്ക് ഭൂരിപക്ഷ സമുദായത്തിന്റേതാണ്. അപ്പോള്‍ അധികാര രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് എങ്ങോട്ട് മറിയുന്നുവെന്നത് വളരെ നിര്‍ണായകമായി തീരുന്നു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാംപേടിയുടെ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച ഭീതി ജനിപ്പിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബാങ്കിനെ സ്വാധീനിക്കുക എന്നത് കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും മുറപോലെ ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിന്റെ ഗുണഫലം ഒരുവേള അവര്‍ അനുഭവിക്കുന്നുമുണ്ടാവാം. ജമാഅത്ത് വേട്ടക്ക് പിന്നില്‍ പലപ്പോഴും ഇതും ഒരു ഘടകമാണ്. അതേസമയം മറ്റൊരു കാര്യം കൂടി നാം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. അധികാര രാഷ്ട്രീയവുമായി ബന്ധങ്ങളില്ലാത്ത ആക്റ്റിവിസ്റ്റുകള്‍, എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സെക്കുലര്‍ ബുദ്ധിജീവികള്‍, മതപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ 90-കള്‍ക്ക് ശേഷം ജമാഅത്തെ ഇസ്‌ലാമിയുമായി കൂടുതല്‍ ഐക്യപ്പെടുകയും സൗഹൃദപ്പെടുകയുമാണ് ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി പറയുന്നതെന്താണെന്ന് അവര്‍ക്കും അവര്‍ പറയുന്നതെന്താണെന്ന് ജമാഅത്തെ ഇസ്‌ലാമിക്കും നല്ലപോലെ മനസ്സിലാവുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെയും ആശയങ്ങളുടെയും രാഷ്ട്രീയവും സമകാലിക പ്രസക്തിയും ലളിത യുക്തികള്‍ക്കപ്പുറം മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നുവെന്നതാണ് അവരെയും ജമാഅത്തെ ഇസ്‌ലാമിയെയും ഇത്രമേല്‍ കണ്ണി ചേര്‍ക്കുന്നത്. സാമ്രാജ്യത്വം ലോകത്തിനു മേല്‍ ശക്തമായി പിടിമുറുക്കുകയും വര്‍ഗീയ ഫാഷിസം രാജ്യത്തിന്റെ നാഡി ഞരമ്പുകളെ ഗ്രസിക്കുകയും ചെയ്ത '90-കളില്‍ തന്നെ ഇത്തരമൊരു സൗഹൃദം ശക്തിപ്പെട്ടുവെന്നത് ആഴത്തില്‍ വിശകലനമര്‍ഹിക്കുന്ന കാര്യമാണ്.   

 

തയാറാക്കിയത്:  ടി. ശാക്കിര്‍/ശിഹാബ് പൂക്കോട്ടൂര്‍