ശരീഅത്തിന്റെ ശക്തിയും സൗന്ദര്യവും

ഇസ്‌ലാം ദീനും ശരീഅത്തുമാണ്, തത്ത്വശാസ്ത്രവും കര്‍മപദ്ധതിയുമാണ്, വിശ്വാസവും സല്‍ക്കര്‍മവുമാണ്, ആത്മാവും ശരീരവുമാണ്. നിയമം പ്രധാനമല്ലാത്ത 'ഈശ്വരീയമായ' കാര്യങ്ങളെക്കുറിച്ച് മാത്രമല്ല ഇസ്‌ലാം, മതം എന്നു പറയുന്നത്. ആനി ബസന്റ് നിരീക്ഷിച്ചതുപോലെ ഇസ്‌ലാം പ്രായോഗിക മതമാണ്. പ്രയോഗക്ഷമമല്ലാത്ത, മൊഴിസൗന്ദര്യം മാത്രമുള്ള തത്ത്വങ്ങള്‍ പറയുക ഇസ്‌ലാമിന്റെ സ്വഭാവമല്ല. തത്ത്വം ഉദാത്തമാവുന്നതിന് ആനുപാതികമായി അതിന്റെ പ്രായോഗികത കുറഞ്ഞുവരും എന്നു പറയാറുണ്ട്. ഇസ്‌ലാം തത്ത്വത്തിന്റെ ഔന്നത്യത്തെയും പ്രയോഗത്തിന്റെ സാധ്യതയെയും സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്. 'ദൈവം ഒന്നിപ്പിച്ചതിനെ മനുഷ്യന്‍ ഭിന്നിപ്പിക്കരുത്' എന്നത് കാവ്യസൗന്ദര്യമുള്ള ഉദാത്ത തത്ത്വമാണ്. പരുപരുത്ത പ്രായോഗിക യാഥാര്‍ഥ്യങ്ങളെ സമ്പൂര്‍ണമായി അഭിമുഖീകരിക്കാന്‍ ഈ സുന്ദരതത്ത്വത്തിന് ശേഷിയില്ല എന്നു മാത്രം. ഇസ്‌ലാം പ്രായോഗിക മതം മാത്രമല്ല, അത് പ്രയോഗത്തിന്റെ മതം കൂടിയാണ്. അതുകൊണ്ടുതന്നെ അത് ലളിതവുമാണ്. അമൂര്‍ത്തതയിലല്ല, മൂര്‍ത്തതയിലാണ് ഇസ്‌ലാം അതിന്റെ ആഢൂരം ഉറപ്പിക്കുന്നത്. 

ശരീഅത്തില്ലാത്ത മതമെന്നത് വാചിക സൗന്ദര്യത്തിന്റെ അപാരമായ സാധ്യതയാണ്. എന്നാല്‍ പ്രയോഗത്തില്‍ അത് ഒരു സൗന്ദര്യവുമില്ലാത്ത വികൃതാനുഭവമായിരിക്കും. മൂസാ നബിയുടെ ശരീഅത്തിനെ റദ്ദുചെയ്ത സെന്റ് പോളിന്റെ ക്രിസ്തുമതം തന്നെയാണ് ഇതിന്റെ മികച്ച ഉദാഹരണം. അത് എപ്പോഴും ഉദാത്തതയെക്കുറിച്ച് സംസാരിക്കും. എന്നാല്‍ ജീവിതം കുത്തഴിഞ്ഞതായിരിക്കും. അങ്ങേയറ്റം അമൂര്‍ത്തമായ ദൈവശാസ്ത്രമാണ് അതിന്റെ പ്രത്യേകത. പ്രായോഗിക ജീവിതത്തെ ആ ദൈവശാസ്ത്രം ഒരളവിലും ഗുണപരമായി സ്വാധീനിക്കുകയില്ല. 

തത്ത്വം നിയമമാകുമ്പോള്‍ അതിന് സൗന്ദര്യം കുറയും എന്നത് ശരിയാണ്. പ്രായോഗികമല്ലാത്ത സൗന്ദര്യത്തേക്കാള്‍ പ്രായോഗികതയുള്ള നിയമത്തെയാണ് ഇസ്‌ലാം പിന്തുണക്കുന്നത്. കാരണം, നിയമരാഹിത്യത്തിന്റെ പ്രായോഗികാനുഭവം വൈകൃതമായിരിക്കും; അധാര്‍മികതയും അനീതിയുമായിരിക്കും. അപ്പോഴും അത് തത്ത്വത്തില്‍ അപാരമായ സൗന്ദര്യം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അനിസ്‌ലാമിക കവികളെക്കുറിച്ച ഖുര്‍ആനിന്റെ ഒരു പ്രധാന വിമര്‍ശനം, അവര്‍ ചെയ്യാത്തത് പറയുന്നവരാണ് എന്നതാണ്. വെറും പറച്ചിലില്‍ എത്ര ഉദാത്തമാവാന്‍ കഴിയും എന്നതല്ല, പ്രയോഗത്തില്‍ എത്ര സുന്ദരമാവാന്‍ കഴിയും എന്നതാണ് ഇസ്‌ലാം എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. 

ഇസ്‌ലാമിലെ ദൈവം കാരുണ്യവാന്‍ മാത്രമല്ല, നീതിമാന്‍ കൂടിയാണ്. നീതിബോധമില്ലാത്ത കാരുണ്യവാദം അരാഷ്ട്രീയമാണ്. അത് ഫലത്തില്‍ മര്‍ദകന്റെ പക്ഷത്തുനില്‍ക്കുന്ന മതമായിരിക്കും. അത് സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയും മര്‍ദകന്റെ ഒപ്പമിരുന്ന് അത്താഴം ഉണ്ണുകയും ചെയ്യും. മര്‍ദകന്റെ ചാട്ടവാറിനെക്കുറിച്ച് നിശ്ശബ്ദത പാലിച്ച് അത് ദൈവികസ്‌നേഹത്തെക്കുറിച്ച് സംസാരിക്കും. 

കേവല മതത്തിനോ കേവല ഭൗതികവാദത്തിനോ നിയമത്തിന്റെ ആവശ്യമില്ല. കേവല മതം നിയമത്തേക്കാള്‍ ഉയര്‍ന്ന ഉദാത്തതയെക്കുറിച്ച് സംസാരിക്കും. കേവല ഭൗതികവാദം നിയമമാവശ്യമില്ലാത്ത, കൈയുക്കുള്ളവന്‍ കാര്യങ്ങള്‍ നിശ്ചയിക്കും എന്ന തത്ത്വരഹിത യുക്തിയില്‍ വിശ്വസിക്കും. രാഷ്ട്രീയമുള്ള മതത്തിനും നൈതികതയുള്ള ഭൗതികവാദത്തിനും മാത്രമേ നിയമം ആവശ്യമുള്ളൂ. 

ശക്തനെതിരെ ദുര്‍ബലന് ദൈവം നല്‍കിയ വരദാനമാണ് നിയമം. ശക്തനു മേല്‍ ദുര്‍ബലന്‍ നേടിയ സാംസ്‌കാരിക വിജയമാണ് നിയമം. ഈ വസ്തുത അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് ഇങ്ങനെ സമര്‍ഥിക്കുന്നുണ്ട്. 'ശക്തന്റെ അധികാരം ഒരംഗീകൃത വസ്തുത. അത് നിയമമല്ല. അധികാരത്തിന്റെ പരിധി എവിടെ തുടങ്ങുന്നുവോ അവിടെ നിയമം തുടങ്ങുന്നു. ശക്തന് എതിരെ ദുര്‍ബലന് നല്‍കിയ ആനുകൂല്യമായിട്ടാണ് നിയമം ഉണ്ടാകുന്നത്. അതുകൊണ്ടാണ് സമസ്ത ജനങ്ങളും ഭരണഘടനക്കു വേണ്ടി പോരാടുന്നത്. ഓരോ രാജാവും അതൊഴിവാക്കാന്‍ ശ്രമിക്കുന്നതും...' (ഇസ്‌ലാം രാജമാര്‍ഗം, പേജ് 296). 

നിയമത്തെ ഉപയോഗിച്ചുതന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആധുനിക ജനാധിപത്യഭരണകൂടങ്ങള്‍ കണ്ടെത്തിയ നിയമസങ്കേതങ്ങളാണ് അടിയന്തരാവസ്ഥയും ഭീകരനിയമങ്ങളും (Draconian Laws). 'എല്ലാ ഏകാധിപത്യവും നിയമത്തെ താല്‍ക്കാലികമായി നടപ്പാക്കാതിരിക്കലാണ്' എന്ന ബിളോകിയുടെ പ്രസ്താവന ബെഗോവിച്ച് ഇവിടെ ഉദ്ധരിക്കുന്നുണ്ട്. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പെട്ടവരാണ് ഇസ്‌ലാമിക ചരിത്രത്തില്‍ പണ്ഡിതന്മാരായി ഉയര്‍ന്നുവന്നത്. പ്രമുഖ ഡികൊളോണിയല്‍ ചിന്തകന്‍ വാഇല്‍ ബി. ഹല്ലാഖ് എഴുതുന്നു: 'ദൈവത്തിന്റെ പരമാധികാരം എന്ന ആശയത്തെ എല്ലാവിധ സ്വാതന്ത്ര്യങ്ങളെയും വിലക്കുന്ന ഏകാധിപത്യം എന്ന ആധുനിക അര്‍ഥത്തിലല്ല മനസ്സിലാക്കേണ്ടത്. ദൈവിക നീതിയെയും കാരുണ്യത്തെയും സ്‌നേഹത്തെയുമാണ് ആ പദം സൂചിപ്പിക്കുന്നത്. ദൈവിക നിയമത്തിന്റെ പ്രധാന ലക്ഷ്യവും അവയാണ്. സമൂഹത്തിലെ താഴ്ന്ന ഇടങ്ങളില്‍നിന്ന് വരുന്ന കര്‍മശാസ്ത്രപണ്ഡിതന്മാരാണ് കര്‍മശാസ്ത്ര നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്'' (അപകോളനീകരണ വായനയിലെ ഇസ്‌ലാമും മുസ്‌ലിംകളും). നിയമം എന്നും ശക്തനെതിരെ ദുര്‍ബലന്റെ ആയുധമാണ്. ഇസ്‌ലാമിക ഫിഖ്ഹ് ക്രോഡീകരിക്കപ്പെട്ടതിന്റെ ചരിത്ര പശ്ചാത്തലം രാജാക്കന്മാര്‍ വിധി പറയുന്നവരും നിയമം വ്യാഖ്യാനിക്കുന്നവരുമായി അമിതാധികാര പ്രയോഗങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ അതിനെ ജ്ഞാനാധികാരം കൊണ്ട് നിയന്ത്രിക്കാന്‍ വേണ്ടിയായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

നീതിയുടെ സംസ്ഥാപനം ലക്ഷ്യമായി അംഗീകരിച്ച ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം നിയമം സുപ്രധാനമായ ഒരു ഘടകമാണ്. നിയമം ഇസ്‌ലാമിന്റെ പ്രയോഗ പദ്ധതി മാത്രമല്ല, അതിന്റെ ദാര്‍ശനിക അന്തസ്സത്തയുടെ തന്നെ ഭാഗമാണ്. തൗഹീദ് (ഏകദൈവത്വം) ആണ് ഇസ്‌ലാമിക ദാര്‍ശനികതയുടെ കാതല്‍. അടിസ്ഥാനപരമായി നിയമനിര്‍മാതാവ് ദൈവമാണ് എന്നത് ആ ദാര്‍ശനികതയുടെ സുപ്രധാന ഭാഗമാണ്. വാഇല്‍ ബി. ഹല്ലാഖ് എഴുതുന്നു: 'ദൈവിക പരമാധികാരം എന്നത് ഖുര്‍ആനിലെ പ്രധാനപ്പെട്ട ഘടനാപരമായ സങ്കല്‍പ്പങ്ങളിലൊന്നാണ്. അത് ഖുര്‍ആനിന്റെ കേന്ദ്ര ആശയം മാത്രമല്ല ഖുര്‍ആനിലെ ഇതര ആശയങ്ങളെ ശരിപ്പെടുത്തുന്ന ആശയം കൂടിയാണ്.' മുഴുവന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്തത് ഒരൊറ്റ ദൈവത്തെ മാത്രം ആരാധിക്കുക, അടിസ്ഥാനപരമായി അവന്റെ കല്‍പ്പനകളെ മാത്രം അനുസരിക്കുക എന്ന കേന്ദ്ര ആശയമാണ്. അപ്പോള്‍ ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം നിയമം എന്നത് നിയമം മാത്രമല്ല, അതിന്റെ ദര്‍ശനത്തിന്റെ സ്വാഭാവിക ഫലം കൂടിയാണ്. ചരിത്രത്തില്‍ എവിടെയെങ്കിലും വെച്ച് ഇസ്‌ലാമിന് ഇതിനെ ഒഴിവാക്കി പ്രയാണം ചെയ്യാനാവില്ല. ഇസ്‌ലാമിന് സ്മൃതികളൊഴിവാക്കി ശ്രുതികള്‍ മാത്രമുള്ള മതമാകാനാവില്ല. പഴയ നിയമമില്ലാത്ത, പുതിയ നിയമം മാത്രമുള്ള സെന്റ് പോളിന്റെ മതമാകാനാവില്ല. ഇസ്‌ലാമിക നാഗരികതയുടെ ഏറ്റവും വലിയ സവിശേഷത അത് ശരീഅത്തില്‍ അധിഷ്ഠിതമായ നാഗരികതയാണ് എന്നതാണ്. ഇക്കാര്യം മുഹമ്മദ് അസദ് ചൂണ്ടിക്കാട്ടുന്നുണ്ട്: 'ശരീഅത്തിനെ നമ്മുടെ ദൈനംദിന ജീവിതത്തില്‍നിന്നും എടുത്തുമാറ്റി പാശ്ചാത്യനാടുകള്‍ ചെയ്ത പോലെ മതത്തെയും പ്രായോഗിക ജീവിതത്തെയും രണ്ടാക്കി മാറ്റിനിര്‍ത്താനാണ് ഭാവമെങ്കില്‍ നമ്മുടെ നാഗരികതയുടെ ഐഡന്റിറ്റി നാം കളഞ്ഞുകുളിക്കുന്നു എന്നാണര്‍ഥം.' അപ്പോള്‍ ഇസ്‌ലാമിക നാഗരികതയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് ശരീഅത്ത്. ഓരോ നാഗരികതക്കും ഓരോ സ്വഭാവമുണ്ടായിരിക്കും. ഇസ്‌ലാമിക നാഗരികത ശരീഅത്ത് അധിഷ്ഠിതമായ നാഗരികതയാണ്. നിയമാധിഷ്ഠിത നാഗരികത എന്നു മാത്രമല്ല അതിനെക്കുറിച്ച് പറയേണ്ടത്. ശരീഅത്ത് എന്നാല്‍ നിയമങ്ങളും അതിന് ഉപോദ്ബലകമായ മൂല്യങ്ങളുമാണ്. ഏത് അനുകൂലാവസ്ഥയിലും പ്രതികൂലാവസ്ഥയിലും തത്ത്വരഹിതമായി പ്രവര്‍ത്തിക്കരുത് എന്നതാണ് ശരീഅത്തിനെ പിന്തുടരുന്നു എന്നതിന്റെ അന്തസ്സത്ത. തത്ത്വം വികാസ-സങ്കോചക്ഷമതയുള്ളതാണ്. പക്ഷേ അപ്പോഴും നൈതികമായ ഒരു തത്ത്വമുണ്ടായിരിക്കണം. സമാധാനത്തിന്റെ നിയമമല്ല യുദ്ധത്തിന്റേത്. പക്ഷേ യുദ്ധത്തിനും നിയമമുണ്ടായിരിക്കണം. അത് ധാര്‍മികതയുടെ പേരില്‍ പരാജയം ക്ഷണിച്ചുവരുത്തുന്ന വിഡ്ഢിത്തത്തിന്റേതായിരിക്കരുത്. പക്ഷേ അപ്പോഴുമത് യുദ്ധമര്യാദകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം. 

അതുകൊണ്ടുതന്നെ മുസ്‌ലിം സമൂഹം ഏറ്റവുമധികം വികസിപ്പിച്ച വിജ്ഞാന ശാഖകളിലൊന്ന് നിയമമാണ്. നിയമങ്ങള്‍ വികസിപ്പിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ചരിത്രത്തിന് നിയമനിദാനശാസ്ത്രം സംഭാവന ചെയ്തത് മുസ്‌ലിംകളാണ്. ഡോ. മുഹമ്മദ് ഹമീദുല്ല എഴുതുന്നു: 'നിയമത്തിന്റെ നിദാന തത്ത്വങ്ങള്‍ എന്നത് ഇസ്‌ലാമിന് മാത്രം ബാധകമായ ഒന്നല്ല. ലോകത്തിലെ സകല നിയമങ്ങള്‍ക്കും അത് ബാധകമാക്കാവുന്നതാണ്. നിയമത്തിന് ആധാരമായിരിക്കുന്ന തത്ത്വങ്ങള്‍ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്തത് മുസ്‌ലിംകളാണ് എന്നു കാണാന്‍ കഴിയും. അവരതിന് പറഞ്ഞിരുന്നത് ഉസ്വൂലുല്‍ ഫിഖ്ഹ് എന്നാണ്. നിയമത്തിന്റെ ആധാരശിലകളാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതുസംബന്ധമായ ആദ്യകൃതികളെഴുതിയത് മുസ്‌ലിം നിയമജ്ഞരാണ്. പത്തൊമ്പതാം നൂറ്റാണ്ടുവരെ വേറെ ഒരു ജനവിഭാഗവും ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല.' 1928-ല്‍ കൗണ്ട് ഓസ്‌ട്രോറോഗ് (Ostrorog)  എന്ന ഫ്രഞ്ച് പ്രഫസര്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 'അങ്കാറ റിഫോം' എന്നായിരുന്നു അതിന്റെ പേര്. ഇത് ഒരു പ്രഭാഷണ കൃതിയാണ്. ഇദ്ദേഹത്തിന്റെ ഈ പരമ്പരയിലെ രണ്ടാമത്തെ പ്രഭാഷണത്തെക്കുറിച്ച് ഹമീദുല്ല പറയുന്നു: ''ഇതാണ് എന്നെ കണ്ണുതുറപ്പിച്ചത്. നിയമത്തിന്റെ അടിവേരുകള്‍ എന്നതായിരുന്നു വിഷയം. നിയമനിദാനശാസ്ത്രം ലോകത്തിന് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനയാണ് എന്നാണ് ഇതില്‍ അദ്ദേഹം സമര്‍ഥിക്കുന്നത്.' 

ഏതു നിയമത്തിന്റെയും നൈതികതയുടെയും ഉരക്കല്ല് അത് അവരിലെ ദുര്‍ബലരോടും അവരല്ലാത്തവരോടും എങ്ങനെ പെരുമാറുന്നു എന്നതാണ്. പാശ്ചാത്യ നാഗരികത അതിന്റെ പൂര്‍വമാതൃകയായി സ്വയം മനസ്സിലാക്കുന്ന റോമന്‍ നിയമങ്ങള്‍ അവരിലെതന്നെ കുറച്ചാളുകളില്‍ പരിമിതമായിരുന്നു. പുറംലോകത്തുള്ളവരെയൊക്കെ അപരിഷ്‌കൃതരായി കണ്ട് അവരോട് ഇടപഴകുമ്പോള്‍ ചട്ടവും നിയമവും ഒന്നും നോക്കേണ്ടതില്ല എന്നതായിരുന്നു അവരുടെ നിലപാട്. ''ഉസ്മാനികള്‍ മില്ലത്ത് വ്യവസ്ഥയിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കിയപ്പോള്‍ 1919-'20 ല്‍ ഉണ്ടാക്കിയ പാരീസ് കരാറില്‍ മാത്രമാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനപാതിയിലും ന്യൂനപക്ഷങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് അപകടവും പ്രശ്‌നവും ആയിരുന്നുവെന്ന് ജര്‍മന്‍ ചരിത്രകാരനായ ഫിലിപ്പ് തെര്‍ ചൂണ്ടിക്കാട്ടുന്നു' (വംശഹത്യകള്‍, കലീം). 

ശരീഅത്തിന്റെ ചലനാത്മക ഊര്‍ജം ഇജ്തിഹാദാണ്. 'ദൈവിക ഉദ്ദേശ്യങ്ങളെ മനുഷ്യസമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന മതപരവും ധാര്‍മികവുമായ ധര്‍മമാണ് റബ്ബാനിയ്യൂന്നും ഉലമാക്കള്‍ക്കും മുജ്തഹിദുകള്‍ക്കുമെല്ലാം നിര്‍വഹിക്കാനുള്ളത്...' എന്ന് വാഇല്‍ ബി. ഹല്ലാഖ് പറയുന്നുണ്ട്. ദൈവത്തിന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കാനുള്ള കഠിനവും ആത്മാര്‍ഥവുമായ ശ്രമമാണ് ഇജ്തിഹാദ്. അത് അവസാനിപ്പിച്ചാല്‍ ശരീഅത്ത് നിശ്ചലമായിത്തീരും. നിശ്ചലമായ നിയമവ്യവസ്ഥക്ക് ചലനാത്മകമായ ലോകത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. ആന്തരികമായ ചലനാത്മകത നഷ്ടപ്പെടുന്നതോടെ ശരീഅത്തിന് അതിന്റെ ശക്തിയും സൗന്ദര്യവും നഷ്ടപ്പെടും. 

സ്വാതന്ത്ര്യവും അച്ചടക്കവും തമ്മിലുള്ള വൈരുധ്യത്തിന്റെ പരിഹാരമാണ് ശരീഅത്ത്. മനുഷ്യന് നല്‍കപ്പെട്ട സ്വാതന്ത്ര്യത്തെ ആവിഷ്‌കരിക്കാന്‍ ദൈവം നല്‍കിയ ചട്ടക്കൂടാണ് ശരീഅത്ത്. നമുക്ക് സ്വാതന്ത്ര്യത്തെ ഒരു ഘടനക്കകത്തേ ആവിഷ്‌കരിക്കാന്‍ കഴിയൂ. തന്റെ സ്വാതന്ത്ര്യത്തെ ആവിഷ്‌കരിക്കാനുള്ള ചട്ടക്കൂടായി ശരീഅത്തിനെ മനസ്സിലാക്കുന്നവര്‍ മാത്രമേ അതിനെ തെരഞ്ഞെടുക്കേണ്ടതുള്ളൂ. ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ ദൈവികമായ ശരീഅത്തിന്റെ ചട്ടക്കൂടില്‍ ആവിഷ്‌കരിക്കുമ്പോഴാണ് മനുഷ്യന്‍ ദൈവത്തിന്റെ വര്‍ണം സ്വീകരിക്കുന്നത്, ദൈവികവും പ്രകൃതിപരവുമായ താളത്തില്‍ ലയിച്ചുചേരുന്നത്. ശരീഅത്ത് എന്ന വാക്കിന്റെ ഭാഷാപരമായ അര്‍ഥം ജലസ്രോതസ്സിലേക്കുള്ള വഴി എന്നാണ്. മനുഷ്യജീവിതത്തെ ധാര്‍മികമായി നിലനിര്‍ത്തുന്ന, മാനുഷികമായ നനവുകള്‍ നല്‍കുന്ന, പാരസ്പര്യങ്ങളെ ഉര്‍വരമാക്കുന്ന ദിവ്യമായ ജലസ്രോതസ്സിലേക്കുള്ള നിയമവഴിയാണ് ശരീഅത്ത്.