ഖുർആൻ വിജ്ഞാന മൽസരം മെഗാ ഫൈനൽ ദമ്മാമിൽ സമാപിച്ചു.

ദമാം: ഖുർആൻ സ്റ്റഡി സെന്‍റർ കേരള, സൗദിയിലെ മലയാളി പ്രവാസികൾക്കായി നടത്തിയ ഖുർആൻ വിജ്ഞാന മത്സരത്തിന്‍റെ മെഗാ ഫൈനൽ മത്സരം ദമാമിലെ അൽ മഖ്സൂറ ഹാളിൽ നടന്നു. മൂന്നു ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈൻ മത്സരങ്ങളിലൂടെ കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഫൈനൽ മത്സരത്തിന് അർഹത നേടിയ ഇരുനൂറോളം പേരാണ് മെഗാഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. 

വിജയികളായ 10 പേരിൽ നിന്ന് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കർഹരായ മൂന്നു പേരെ കണ്ടെത്തുന്നതിനുള്ള അവസാന റൗണ്ട് മത്സരത്തിൽ ദമാം സോണിലെ ബി.വി. മുസ്തഫ ഒന്നാം സമ്മാനവും അൽകോബാർ സോണിലെ അബ്ദുസമദ്, ജിസ്നാ സാബിഖ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 

ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്‍റ് അമീർമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.മുജീബ് റഹ്മാൻ, തനിമ സൗദി മുഖ്യ ഉപദേഷ്ടാവ് കെ. എം.ബഷീർ, തനിമ ദമാം, കോബാർ, ജുബൈൽ സോണൽ പ്രസിഡന്‍റുമാരായ അക്ബർ വാണിയന്പലം, മുജീബ് റഹ്മാൻ, സിറാജുദീൻ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും ഫലകങ്ങളും വിതരണം ചെയ്തു. ഷെയ്ഖ് അബ്ദുള്ള അൽ സുലൈമാനി പ്രസംഗിച്ചു. അബ്ദുൽ ഹമീദ് ക്വിസ് മാസ്റ്ററായിരുന്നു. ഇവന്‍റ് കോർഡിനേറ്റർ ഉമർ ഫാറൂഖ് പരിപാടികൾ നിയന്ത്രിച്ചു. മത്സരത്തോടനുബന്ധിച്ച് നടന്ന ഖുർആൻ വഴികാട്ടുന്നു എന്ന ഒരു മാസം നീണ്ടുനിന്ന കാന്പയിന്‍റെ സമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീർമാരായ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, പി. മുജീബ് റഹ്മാൻ എന്നിവർ പ്രഭാഷണം നടത്തി.