കുരുന്നുകളില്‍ ആവേശം നിറച്ച് യാമ്പുവില്‍ 'എസ്പാലിയര്‍ 2017' സമാപിച്ചു

യാമ്പു: 'മലര്‍വാടി' യാമ്പു ചാപ്റ്റര്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 'എസ്പാലിയര്‍ 2017' എന്ന പേരില്‍ അല്‍മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടത്തിയ കുരുന്നുകളുടെ സംഗമം ആവേശം നിറഞ്ഞ വിവിധ പരിപാടികള്‍ക്ക് വേദിയായി. കളിയും കാര്യവും സമന്വയിപ്പിച്ച് അവരുടെ കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ചിന്തയും മൂല്യബോധവുമുള്ളവരാക്കി മാറ്റുന്നതിനുമായി ഒരുക്കിയ സംഗമത്തില്‍ നൂറ് കണക്കിന് കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ കണ്ടെത്താനുതകുന്ന വിവിധ പരിപാടികളായിരുന്നു ഒരുക്കിയിരുന്നത്. 'സിജി' സീനിയര്‍ പരിശീലകന്‍ നൗഷാദ് വി മൂസ, മലര്‍വാടി യാമ്പു ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സഹീര്‍ പി.കെ, മുസ്തഫ നൂറുല്‍ ഹസ്സന്‍ എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ വിഷയത്തില്‍ തുറന്ന് സംവദിക്കാന്‍ ഒരുക്കിയ പ്രത്യേക പരിപാടിക്ക് തനിമ യാമ്പു ടൗണ്‍ ഏരിയ ഓര്‍ഗനൈസര്‍ ജാബിര്‍ വാണിയമ്പലം നേതൃത്വം നല്‍കി. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ രക്ഷിതാക്കളുടെ പങ്ക് നിര്‍ണായകമാണെന്നും സ്‌നേഹം, കാരുണ്യം, സ്വയം അംഗീകാരം, എന്നിങ്ങനെ യുള്ള വികാരങ്ങള്‍, സ്വാഭാവികമായി പ്രകടിപ്പിക്കാനുള്ള ധീരത എന്നിവ അവരില്‍ ഉണ്ടാക്കിയെടുക്കാന്‍ ആസൂത്രണത്തോടെയുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.           
കുരുന്നുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള വിനോദ പരിപാടികളും അധ്യാപികമാരായ നിമ, ഗീത, നസീബ, സുബീറ എന്നിവരുടെ നേതൃത്വത്തില്‍ കരകൗശല നിര്‍മാണം, പെയിന്റിങ് തുടങ്ങിയവയില്‍ പരിശീലനകളരിയും നടന്നു. റുഖ്‌സാന, റൈഹാന, ഹസീന എന്നിവരുടെ നേതൃത്വത്തില്‍ കെ.ജി കുട്ടികള്‍ക്ക് പ്രത്യേക പരിപാടിയും ഷിറിന്‍, ശബീബ, ഹാനിയ എന്നിവര്‍ നേതൃത്വം നല്‍കിയ 'കളിയും കാര്യവും' പരിപാടിയും സംഘടിപ്പിച്ചിരുന്നു. നാസിമുദ്ദീന്‍, ഇര്‍ഫാന്‍ നൗഫല്‍, നബീല്‍ വഹീദ്, അബ്ദുറഷീദ്, അബ്ദുസ്സലാം തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.