ദലിത് ആദിവാസി സമൂഹങ്ങളെ ഭരണകൂടം ഇല്ലായ്മ ചെയ്യുന്നു: ബിജു ടോപോ

സോളിഡാരിറ്റി ഫിലം ഫെസ്റ്റിവൽ ആരംഭിച്ചു.

കോഴിക്കോട്: ഇന്ത്യയിലെ ദലിത് ആദിവാസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ബിജു ടോപോ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന അഞ്ചാമത് യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെറുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ പേരിലുള്ള കുടിയിറക്കലുകള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായിക്കൊണ്ടിരിക്കുന്നത് ആദിവാസികളാണ്. വന്‍ കിട കോര്‍പ്പറേറ്റുകളെ ക്ഷണിച്ചു വരുത്തി ഭൂമി അപഹരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആര്‍.പി. അമുദന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കര്‍, സജി പാലക്കല്‍, ആദം അയ്യൂബ്, പി.ബാബുരാജ്, ബിജു മോഹന്‍, അഫീദ അഹ്മദ്, സാദിഖ് ഉളിയില്‍, തൗഫീഖ് മമ്പാട്, ഹമീദ് സാലിം, മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായ സജി പാലമല്‍ സംവിധാനം ചെയ്ത 'ആറടി' പ്രദര്‍ശിപ്പിച്ചു.
ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മുതല്‍ ഡോക്യുമെന്ററി ഷോട്ട് ഫിലിമുകളുടെ പ്രദര്‍ശനം നടക്കും. വൈകിട്ട് 4 മണിക്ക് ഹാഷിര്‍ കെ.സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രീമിയര്‍ പ്രദര്‍ശനവും ചര്‍ച്ചയും നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ഫെസ്റ്റിവല്‍ പ്രമേയമായ സ്‌റ്റേറ്റ് റീ വിസ്റ്റിങ് ഫ്രീഡം എന്ന വിഷയത്തില്‍ തുറന്ന സംവാദം നടക്കും. കെ.ഇ.എന്‍ ഉദ്ഘാടനം ചെയ്യും. കെ.പി. ശശി, ഡോ. ഉമര്‍ തറമേല്‍, ഡോ. അജയ് ശേഖര്‍, രൂപേഷ് കുമാര്‍, സമദ് കുന്നക്കാവ്, പി.റുക്‌സാന, അംജദ് അലി ഇ.എം തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഇറാന്‍ ചിത്രമായ ദി പ്രസിഡന്റ് പ്രദര്‍ശിപ്പിക്കും.