എയിംസ് പ്രവേശന പരീക്ഷയിലെ ശിരോവസ്ത്ര നിരോധനം: എസ്.ഐ.ഒ വും ജി.ഐ.ഒ വും കേസ് ഫയൽ ചെയ്തു.

എയിംസ് പ്രവേശന പരീക്ഷയിലെ ശിരോവസ്ത്ര നിരോധനത്തിനെതിരെ എസ്.ഐ.ഒ വും ജി.ഐ.ഒ വും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് നാളെ പരിഗണിക്കും. 

എയിംസ് പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം നിരോധിച്ച നടപടി, മതവിശ്വാസമനുസരിച്ചു ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ആൾ ഇന്ത്യാ പ്രിമെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ പശ്ചാത്തലത്തിൽ എസ്.ഐ.ഒ സമർപ്പിച്ച പരാതിയിൽ
മത വിശ്വാസ പ്രകാരം ഹിജാബും ഫുൾ സ്ലീവ് വസ്ത്രവും ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച കേരള ഹൈകോടതി വിധി ( WP (c).No.6813/2016) നിലനിൽക്കേ ഐയിംസ് എൻട്രൻസ് പരീക്ഷയിൽ ഹിജാബ് വിലക്കിയത്, കോടതി വിധിയുടെ ലംഘനമാണു. മൗലികാവകാശങ്ങൾ നേടിയെടുക്കാൻ നിരന്തരം കോടതി കയറേണ്ടി വരുന്ന സ്ഥിതി ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
മുസ്ലിം സമൂഹത്തിന്റെ മതാത്മക ജീവിത ചിഹ്നങ്ങളെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ നീക്കങ്ങളെ ചെറുക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്ത വിദ്യാർത്ഥികളുമായും സംഘടനകളുമായും ചേർന്ന് നിയമപോരാട്ട൦ ശക്തിപ്പെടുത്താനാണ് എസ്.ഐ.ഒ തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.