ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥക്കും ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കാനാവില്ല -കെ.ഇ.എൻ

സ്വാതന്ത്ര്യത്തെ 'പുനര്‍വചിച്ച്' യൂത്ത്സ്പ്രിങ് സംവാദം

നീറ്റ് പരീക്ഷയെഴുതുന്ന പെണ്‍കുട്ടികളുടെ വസ്ത്രം പ്രശ്‌നമാകുന്നുവെന്നും എന്നാല്‍, ഒരു നിയമസഭയില്‍ നഗ്നനായ സന്യാസിക്ക് പ്രസംഗം നടത്താനാവുന്ന സ്വാതന്ത്ര്യ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളതെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംഘടിപ്പിക്കുന്ന യൂത്ത് സ്പ്രിങ് ചലചിത്രമേളയില്‍ 'സ്റ്റേറ്റ്: റിസീവിസിറ്റിങ് ഫ്രീഡം' എന്ന പ്രമേയത്തിലൂന്നി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തന്മാത്രാ തലത്തില്‍ ഒരു ജനതയുടെ ജീവിതത്തിലേക്ക് ഭരണകൂടത്തിന് ഇടപെടാന്‍ കഴിയുമെന്നതിന്റെ തെളിവായിരുന്നു സാമ്പത്തിക പരിഷ്‌കരണം. തീയേറ്ററിലും കോളേജ് മാഗസിനിലും മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലും വരെ ഭരണകൂടം ഇടപെടുകയാണ്. ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ വ്യവസ്ഥക്കും ഒരു ജനതയെ ഒന്നടങ്കം കൊന്നൊടുക്കാനാവില്ല.

ഇന്ത്യ ഒരുന്നത ജാതീയ നാടാണ്, അതാണ് ഇന്ത്യയുടെ പ്രശ്‌നമെന്നും തമിഴ് നാട്ടില്‍ നിന്നുള്ള ഡോക്യമെന്ററി പ്രവര്‍ത്തകന്‍ ആര്‍.പി. അമുദന്‍ പറഞ്ഞു. വെള്ളം, ഭൂമി, വനം എന്നിവക്കായുള്ള പോരാട്ടവും സ്വത്വസ്വാതന്ത്ര്യത്തിനുള്ള പോരാട്ടവും നടത്തുന്നവര്‍ ഒരു കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്നതില്‍ മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് കെ.പി. ശശി പറഞ്ഞു. അജയ് ശേഖര്‍, പേഷ് കുമാര്‍, സമദ് കുന്നക്കാവ്, പി. റുക്‌സാന, ശിഹാസ് പെരുമാതുറ എന്നിവരും സംസാരിച്ചു. മേളയുടെ രണ്ടാം ദിവസം കെ. ഹാശിര്‍ സംവിധാനം ചെയ്ത 'ഡിസപ്പിയറന്‍സ്' എന്ന ഡോക്യുഫിക്ഷനും ഇറാനിയന്‍ ചിത്രം 'ദ പ്രസിഡന്റ്'ുള്‍പ്പെടെയുള്ള ഡോക്യുമെന്ററികളും ഹൃസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
 

THE HINDU>>>