മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കുക - സോളിഡാരിറ്റി

കോഴിക്കോട്: കോയമ്പത്തൂർ ജയിലില്‍ തടവുകാരായ അനൂപ്, ഷൈന എന്നിവരെ സന്ദർശിക്കാനെത്തിയ സി.പി.റഷീദ്, ഹരിഹര ശർമ എന്നീ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച തമിഴ്നാട് പോലീസിന്റെ ചെയ്തി പൗരാവകാശങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റഹ്മാൻ പറഞ്ഞു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മനുഷ്യാവകാശ പ്രവർത്തകർ നൽകുന്ന നിയമ സഹായങ്ങള്‍ തടയാനുള്ള ഗൂഢാലോചനയാണ് ഈ അറസ്റ്റിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ എല്ലാ സ്വാതന്ത്ര്യങ്ങൾക്കും നിയമപരമായ അവകാശങ്ങൾക്കും തടയിടാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണിത്. തടവുപുള്ളികളെ സന്ദര്‍ശിക്കാൻ പൗരനുള്ള അവകാശം വിലക്കുന്നത് ജനാധിപത്യത്തോട് ഭരണകൂടങ്ങൾ പുലർത്തുന്ന സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. തടവില്‍ കിടക്കുന്നവര്‍ക്ക് പെന്‍ഡ്രൈവ് ഒളിച്ച് കടത്താന്‍ ശ്രമിച്ചു എന്ന വിചിത്രമായ വാദമാണ് പോലീസ് പറയുന്നത്. ഇത് സാമാന്യയുക്തിക്ക് പോലും നിരക്കുന്നതല്ല. കള്ളക്കേസു ചുമത്തി മനുഷ്യവകാശ പ്രവര്‍ത്തകരെ നിശബ്ദമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.