പാലക്കാട് സബ്‌ജെയില്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

പാലക്കാട്: ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി പാലക്കാട് സബ് ജയിലില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമം ശ്രദ്ധേയമായി. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഹകീം നദ്‌വി റമദാന്‍ സന്ദേശം നല്‍കി. 'മനുഷ്യരെല്ലാവരും ശുദ്ധ പ്രകൃതിയോടെയാണ് ജനിച്ചു വീഴുന്നതെന്നും ചുറ്റുപാടുകളും സാഹചര്യങ്ങളുമാണ് അവരെ തെറ്റിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേഹേഛയില്‍ നിന്നും തിന്മയില്‍ നിന്നും തടഞ്ഞു നിര്‍ത്താനുള്ള ആത്മനിയന്ത്രണമാണ് വ്രതാനുഷ്ഠാനത്തിലൂടെ നേടേണ്ടതെന്നും സംഭവിച്ചു പോയ തെറ്റുകുറ്റങ്ങളില്‍ നിന്നും ആത്മാര്‍ഥമായി ഖേദിച്ചു മടങ്ങുന്നവനെയാണ് ദൈവം സ്‌നേഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകളില്‍ നിന്നും തിരിഞ്ഞു നടക്കുന്നവര്‍ക്ക് മറ്റൊരു ജീവിതം സാധ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജയില്‍ സൂപ്രണ്ട് യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മുന്‍ ജില്ലാ പ്രസിഡണ്ട് എം. സുലൈമാന്‍, ഡയലോഗ് സെന്റര്‍ ജില്ലാ കണ്‍വീനര്‍ മജീദ് തത്തമംഗലം, ജില്ലാ കമ്മിറ്റിയംഗം നൗഷാദ് ആലവി എന്നിവര്‍ സംസാരിച്ചു.