ഫാഷിസത്തിനെതിരെ ജനാധിപത്യ ചേരി ഒന്നിക്കണം -പി.സുരേന്ദ്രൻ

കൂറ്റനാട്: ജനാധിപത്യം തകരാതിരിക്കാൻ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യം ആഗ്രഹിക്കുന്ന മുഴുവനാളുകളും വിഭാഗീയതകൾക്കതീതമായി ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യ തേട്ടമാണെന്ന് പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. കക്കാട്ടിരിയിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകരിക്കുന്നവരും വിമർശികുന്നവരും നിഷ്പക്ഷക്കാരുമെല്ലാം  ഉൾചേരുമ്പോഴാണ് ജനാധിപത്യമുണ്ടാവുന്നത്. തങ്ങൾ ഭക്ഷിക്കാത്തത് മറ്റുള്ളവരും ഭക്ഷിക്കരുതെന്ന് പറയുന്നതും മറ്റുള്ളവരുടെ സ്വാതന്ത്ര്യം തടയപ്പെടുന്നതുമെല്ലാം നമ്മെ ഭീതിപ്പെടുത്തുന്നതും അസ്വസ്തപ്പെടുത്തുന്നതും ജാതി മത രാഷ്ട്രീയ ഭിന്നതകൾക്കുപരിയായി ഐക്യപ്പെടേണ്ട സാഹചര്യവുമാന്നെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി തൃത്താല ഏരിയാ പ്രസിഡണ്ട് ടി.കെ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹകീം നദ് വി റമദാൻ സന്ദേശം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി ബാലൻ, മുസ് ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ടി. മാനു, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ഡോ. എം.പി മണി, എസ്.ഐ.ഒ ഏരിയാ പ്രസിഡണ്ട് മുഹ്സിൻ പറക്കുളം തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ സ്വാഗതവും ഉസ്മാൻ കൊപ്പത്ത് നന്ദിയും പറഞ്ഞു.