പ്രഫഷണലുകളുടെ ദീനീപഠനത്തിന് വഴികാട്ടിയായി തന്‍ശിഅ

പ്രഫഷണല്‍ വിദ്യാര്‍ഥികളെ സവിശേഷമായി അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം എസ്.ഐ.ഒ തുടക്കം കുറിച്ച ഇസ്‌ലാമിക പഠന സംവിധാനമാണ് തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി. പ്രഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സമ്മേളനങ്ങള്‍ സംഘടിപ്പിച്ചും കോളേജുകള്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ പഠനകേന്ദ്രങ്ങള്‍ നടത്തിയും തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ദീനീ വിജ്ഞാനീയങ്ങളില്‍ പ്രാമാണിക അറിവുള്ള പ്രഫഷണലുകളെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കാമ്പസുകള്‍ കേന്ദ്രീകരിച്ച് ഏകീകൃത സ്വഭാവമുള്ള ഒരു പഠനസംവിധാനമായി തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്.

ഒന്നാം ഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 13 പ്രഫഷണല്‍ കോളേജുകളില്‍ തന്‍ശിഅ ആരംഭിച്ചുകഴിഞ്ഞു. തന്‍ശിഅ പഠിതാക്കളില്‍നിന്നും മറ്റു അഭ്യുദയകാംക്ഷികളില്‍നിന്നുമുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചും മറ്റും കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ദീനീ വിജ്ഞാനീയങ്ങള്‍ കരഗതമാക്കാനുള്ള സംരംഭമായി തന്‍ശിഅ വളരണമെന്ന് എസ്.ഐ.ഒ ആഗ്രഹിക്കുന്നു. ഈ വര്‍ഷം മുതല്‍ പ്രഫഷണല്‍ കോളേജുകള്‍ക്കു പുറമെ ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചും പ്രധാന നഗരങ്ങള്‍, ഏരിയാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുമൊക്കെയായി വ്യാപകമായി തന്‍ശിഅ സെന്ററുകള്‍ ആരംഭിക്കുകയാണ്. 

തന്‍ശിഅ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ പ്രാഥമിക തലം മുതല്‍ വളര്‍ന്നു വരാനുള്ള ഒരു ശ്രമമാണിത്. പ്രാഥമിക ഇസ്‌ലാമിക പാഠങ്ങള്‍ മനസ്സിലാക്കുന്ന രീതിയിലാണ് ഈ കോഴ്‌സിന്റെ സിലബസും ഉള്ളടക്കവും നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അറബി ഭാഷ കേന്ദ്രീകരിച്ച് പ്രത്യേകം ക്ലാസുകള്‍ നടത്തി ഖുര്‍ആന്റെ ഭാഷ പഠിക്കാനും അതിലൂടെ വൈജ്ഞാനിക വളര്‍ച്ച സാധ്യമാക്കാനും ഉതകുന്ന തരത്തിലേക്ക് ഈ കോഴ്‌സ് ഭാവിയില്‍ വളര്‍ത്തണമെന്നാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി വികസിക്കുന്ന തുടര്‍പഠന രീതിയിലാണ് കോഴ്‌സിന് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ആരംഭിച്ച ഒന്നാം ഘട്ട സിലബസില്‍ പ്രധാനമായി അഞ്ചു വിഷയങ്ങളിലാണ് പഠനം കേന്ദ്രീകരിക്കുന്നത്; അല്ലാഹു, മനുഷ്യന്‍, പ്രവാചകത്വം, പരലോകം, സ്വഭാവഗുണങ്ങള്‍ എന്നിവ.

ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ സെന്ററുകളില്‍ അടുത്തുതന്നെ ആരംഭിക്കുന്ന രണ്ടാം ഘട്ട സിലബസില്‍ പ്രധാനമായി ഖുര്‍ആന്‍, സുന്നത്ത്, അഖ്‌ലാഖ് എന്നീ മേഖലകളിലുള്ള പഠനമാണ്. ഒരു ആയത്തിനെ കേന്ദ്രീകരിച്ച് വിഷയങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ് ഇതിലെ ഓരോ അധ്യായവും രൂപപ്പെടുത്തിയിട്ടുള്ളത്. അറിവുകള്‍ നേടുന്നതോടൊപ്പം അവ ജീവിതരീതിയായി മാറ്റാനാകുന്ന തരത്തില്‍ തന്‍ശിഅയുടെ അനുബന്ധ സംവിധാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. തന്‍ശിഅ ഇസലാമിക് അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടെക്സ്റ്റ് ബുക്ക് ഉള്‍പ്പെടെയുള്ള പഠന കിറ്റുകളും നല്‍കിവരുന്നു. ഓണ്‍ലൈന്‍ പഠനത്തിനായുള്ള സംവിധാനവും തന്‍ശിഅയില്‍ ഒരുക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍, മറ്റു പഠന മെറ്റീരിയലുകള്‍ തുടങ്ങിയവ തന്‍ശിഅ വെബ്‌സൈറ്റ് വഴി ലഭ്യമാക്കും. 

തന്‍ശിഅ കോഴ്‌സ് സെന്ററുകള്‍ക്കു പുറമെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി വെക്കേഷന്‍ കാലയളവുകളില്‍ സമ്മര്‍-വിന്റര്‍ സ്‌കൂളുകളും നടന്നുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ, കുറ്റിയാടി ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളിലായി ഇത്തരത്തിലുള്ള നാലു ക്യാമ്പുകള്‍ നടന്നു. കേരളത്തിലെ പ്രഗത്ഭ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നവ്യമായൊരു പഠനാനുഭവമാണ്. മദ്‌റസ പഠനത്തിനു ശേഷം ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള വലിയൊരു വഴി തുറന്നുവെക്കുകയാണ് തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി.