ഹാദിയക്ക് നേരിട്ട് നൽകേണ്ട രജിസ്റ്റേഡ് കത്ത് ‘രക്ഷിതാവ്’ നിരസിച്ചു’. എസ്‌.ഐ.ഒ തപാൽ വകുപ്പിൽ പരാതി നൽകി

വീട്ട് തടങ്കലില്‍ കഴിയുന്ന ഹാദിയക്ക് അയച്ച രജിസ്റ്റേഡ് കത്ത് 'രക്ഷിതാവ് നിരസിച്ചു' എന്ന പേരില്‍ തിരിച്ചയച്ച സംഭവത്തില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി തപാല്‍ വകുപ്പിനു പരാതി നല്‍കി. രജിസ്റ്റേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഈ നിയമത്തെയാണു തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതെന്ന് പരാതിയില്‍ ഉന്നയിക്കുന്നു. സംഘ് പരിവാറിന്റെ കുഴലൂത്തിനു ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നതാണൊ അതല്ല ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിനു ആരെങ്കിലും തടസം നിന്നതാണോ എന്നത് കൂടി അന്വേഷിക്കണമെന്ന് സി.ടി സുഹൈബ് ആവശ്യപ്പെട്ടു. കത്ത് തിരിച്ചയച്ചതിലൂടെ ഹാദിയ മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു കൊണ്ടുള്ള വീട്ട് തടങ്കലിലാണു എന്ന യാഥാര്‍ത്ഥ്യത്തെയാണു കൂടുതല്‍ ബലപ്പെടുത്തുന്നത്. പ്രമുഖ നടിക്കൊപ്പം നിന്ന വനിതാ കമ്മിഷനും വനിതാ സംഘടനകള്‍ അടക്കമുള്ള ആളുകള്‍ ഹാദിയയുടെ വിഷയത്തില്‍ കാണിക്കുന്ന നിസംഗതയും മൗനവും 'കേരളീയ പൊതു മനസാക്ഷി' എത്രത്തോളം കപടമാണു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.