അസഹിഷ്ണുത: രാജ്യം നേരിടുന്ന വലിയ വിപത്ത്

2017 ജൂലൈ 10 ന് ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സംഘടിപ്പിടിപ്പിച്ച വർഗീയതക്കെതിരായ സാഹോദര്യസംഗമത്തെ അഭിവാദ്യം ചെയ്ത് പ്രശസ്ത ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ നടത്തിയ പ്രഭാഷണം.

നമ്മുടെ നാട്ടില്‍ കുറച്ചു കാലമായി വളര്‍ന്നു കൊണ്ടിരിക്കുന്ന അസഹിഷ്ണുത ഒരളവോളം വളര്‍ന്ന് കഴിഞ്ഞ ശേഷമാണ് നമുക്ക് പിടികിട്ടുന്നത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, നാല്‍പ്പത്തി ഏഴിലൊക്കെ ഇന്ത്യന്‍ ജനതയുടെ ഏറ്റവും വലിയ പ്രശ്‌നം ദാരിദ്ര്യമാണ്, അസമത്വമാണ് എന്നൊക്കെ നമ്മള്‍ കരുതിയിരുന്നു. അതിന്ന് കുറേ ഒക്കെ തീര്‍ന്നിരിക്കുന്നു, ബാക്കിയുണ്ട് കുറെ. അതിനേക്കാളേറെ നമ്മളെ അഭിമുഖീകരിക്കുന്ന ഒരു പുതിയ പ്രശ്‌നം അടുത്ത കാലത്തായി വളര്‍ന്നു വന്നിരിക്കുന്നതാണ് അസഹിഷ്ണുത. ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളെയും അവശരും അസംഘടിതരുമായ ദളിതുകളെയും എന്തെങ്കിലും കാരണം പറഞ്ഞ് മാറ്റി നിര്‍ത്തി അക്രമണങ്ങള്‍ നടപ്പാക്കാന്‍ ഉള്ള ശ്രമം ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ നാട്ടില്‍ കുറച്ചു കാലമായി വളര്‍ന്നു വരികയാണ്. ഇത് കണ്ടെത്താനും തിരിച്ചറിയാനും ഇതിനെതിരായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആവുന്നേടത്തോളം ജാതി, മത-രാഷ്ടീയ വിശ്വസാങ്ങളെല്ലാം മറന്നു കൊണ്ട് ഈയൊരാപത്തിനെതിരായി അണിനിരക്കാറുള്ള ഒരു ഭഗീരഥ പ്രയത്‌നത്തിലാണ് നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്.

ആരാണ് സമൂഹത്തിന്റെ ശത്രു? ആര് പറയുന്നതാണ് ശരി? ആരെയാണ് വിശ്വസിക്കാന്‍ കഴിയുക? മുമ്പ് തൊഴിലാളിയും മുതലാളിയും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ അത് കണ്ടെത്തുക പ്രയാസമുള്ള കാര്യമായിരുന്നില്ല. എല്ലാ ഗ്രൂപ്പുകള്‍ക്കും ജാതി-മത വിഭാഗങ്ങള്‍ക്കും കുറേശ്ശെയൊക്കെ ഇതിലൊക്കെ പങ്കുണ്ടെന്ന് കാണാം. ആര് മുന്‍ കൈ എടുക്കണം എന്ന് പറയാന്‍ പ്രയാസമാണ്. എന്തു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി മുന്‍ കൈ എടുക്കുന്നു എന്നു ചോദിച്ചാല്‍ ജമാഅത്തെ ഇസ്‌ലാമി ഈ കൂട്ടത്തില്‍ ഒരു കൂട്ടരാണ്. ആരാണ് കുഴപ്പക്കാര്‍ എന്ന് അന്വേഷിച്ച് അപഗ്രഥിച്ച ശേഷം നമുക്ക് സമാധാനം കണ്ടെത്താം എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല, അത് സാധ്യവുമല്ല. ഈ തരത്തില്‍ അസഹിഷ്ണുതയും അസമാധാനവും വളര്‍ന്നു വന്ന ഒരു സമൂഹത്തില്‍ ആദ്യത്തെ ആവശ്യം സമാധാനവും സാഹോദര്യവും സ്ഥാപിക്കുക എന്നത് തന്നെയാണ്. നമ്മള്‍ ആഹ്വാനം ചെയ്താല്‍ വരുമോ എന്നും പറയാനാവില്ല, മറ്റുവഴികളൊന്നുമില്ലാത്തതിനാല്‍ പല തവണ ആവര്‍ത്തിക്കുകയും എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുക. ആര് മുന്‍കൈ എടുത്താലും സാഹോദര്യത്തോടെ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്.

ആരും സ്വയം ഫാഷിസ്റ്റാണെന്ന് സമ്മതിക്കില്ല, ജനാധിപത്യ വിശ്വാസിയാണെന്ന് പറഞ്ഞാണ് ഹിറ്റലര്‍ പോലും വന്നത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹത്തിന്റെ കക്ഷി ഭൂരിപക്ഷം പിടിച്ചടക്കുകയും ശേഷം ന്യൂനപക്ഷങ്ങളെ മര്‍ദ്ദിക്കാന്‍ എല്ലാ ശക്തികളും പ്രയോഗിക്കുകയും ചെയ്തു. ജനാധിപത്യത്തിലൂടെയാണ് പലപ്പോഴും സ്വേച്ഛാധിപത്യം ഉയര്‍ന്നു വരുന്നത്. നമ്മുടെ നാട്ടിലും അതു തന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരു ജനാധിപത്യരീതിയുണ്ട്. ലോകത്തിലെ എല്ലാ നല്ല ജനാധിപത്യ ഭരണഘടനകളെയും പഠിച്ച് അവയിലെ നല്ല ഭാഗങ്ങളൊക്കെ സ്വാംശീകരിച്ച് അടിസ്ഥാന മൂല്യങ്ങളും മൗലികാവകാശങ്ങളും നമ്മുടെ ഭരണഘടയില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. അതെത്ര തന്നെ നന്നായാലും ഭരണഘടന കടലാസിലെ ഒരു ഭാഗം മാത്രമാണ്. അത് പ്രാവര്‍ത്തികമാക്കാനുള്ള പ്രാപ്തിയാണ് നമുക്ക് ഉണ്ടാവേണ്ടത്. അതില്ലെങ്കില്‍ എത്രനല്ല മൗലികാവകാശങ്ങളും നിര്‍ദ്ദേശക തത്വങ്ങളും ഉണ്ടായാലും അത് ഗുണം ചെയ്യുകയില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ഈ സവിശേഷയമായ പശ്ചാത്തലത്തില്‍ ഒരു കാര്യം വ്യക്തമാണ്. ന്യൂനപക്ഷങ്ങള്‍, ദളിതുകള്‍ തുടങ്ങിയവരെ ഒറ്റപ്പെടുത്താനും പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ വരുത്താന്‍ ആഹാരത്തിലും വസ്ത്രധാരണത്തിലും രാഷ്ട്രീയധികാരപ്രയോഗത്തിലും അടക്കം പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു ഗൂഢാലോചന പല ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് കഴിയുന്നത്ര എല്ലാ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളെയും സാമ്പത്തിക വര്‍ഗങ്ങളെയും വംശങ്ങളെയും സംഘടിപ്പിച്ചു കൊണ്ട് ജനകീയമുന്നണിക്ക് വേണ്ടി പരിശ്രമിക്കണമെന്ന് പറയുന്നത്.

നമുക്ക് അപകടവുമുണ്ട്. ആ അപകടത്തിനെതിരായ മുന്നണിയുമുണ്ട്. ആ മുന്നണിയെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം വിധത്തില്‍ സാധിക്കുമോ അങ്ങിനെ ശക്തിപ്പെടുത്താനും ഒന്നിച്ചു നില്‍ക്കാനും അതിനെതിരായ ഗൂഢമായ പരിശ്രമങ്ങളെ ജാഗരൂഗമായി പ്രവര്‍ത്തിച്ചു അതിന്റെ അപകടങ്ങളെ തിരിച്ചറിഞ്ഞ് ആ വിഭാഗീയതയെ സ്വീകരിക്കാതെ തള്ളിക്കളഞ്ഞ ജനങ്ങള്‍ ഒത്തൊരുമിച്ചു നില്‍ക്കുക എന്നത് മാത്രമേ നമ്മുക്ക് മുമ്പില്‍ വഴിയുള്ളൂ. മറ്റൊരു വഴിയുമില്ല. യൂറോപ്പോ അമേരിക്കയോ റഷ്യയോ ആരെങ്കിലും മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കേണ്ട ആവശ്യവുമില്ല. ഓരോ രാജ്യത്തിനും ഓരോ സമൂഹത്തിനും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. ഇന്ത്യയുടെ ഇന്നത്തെ പ്രശ്‌നം ഒരുപാട് വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഉണ്ടെന്നതാണ്, ആ വൈവിധ്യങ്ങളെ ശക്തിയാക്കി മാറ്റാന്‍ ഒരു പരിശ്രമമാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ആ വൈവിധ്യങ്ങളെ പരമമായ മൂല്യങ്ങളുടെ പേരിലുള്ള ഐക്യത്തിനുള്ള ഒരു പുതിയ മാര്‍ഗമായി സ്വീകരിക്കാനും വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയുമെങ്കില്‍ നാം രക്ഷപ്പെടും. അല്ലെങ്കില്‍ മറ്റു പല രാജ്യങ്ങളെയും പോലെ വിഭാഗീയതയുടെ ഇരകളായി അന്യോന്യം കലഹങ്ങള്‍ സൃഷ്ടിച്ച് ആഭ്യന്തര സമരങ്ങളില്‍ പെട്ട് അവരുടെയും മറ്റുള്ളവരുടെയും പുരോഗതിക്ക് തടസ്സമായി നില്‍ക്കേണ്ടി വരും. അവയുടെ ഉദാഹരണം കണ്ട് മനസ്സിലാക്കി ഹിന്ദുക്കളും കൃസ്ത്യാനികളും ബൗദ്ധരും ജൈനരും പാര്‍സികളും ദൈവ വിശ്വാസമുള്ളവരും ഇല്ലാത്തവുരും വിഗ്രഹാരാധകരും അല്ലാത്തവരും ഏക ദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികളും എല്ലാം അടങ്ങിയ ഒട്ടേറെ ആളുകള്‍ വസിക്കുന്ന ഇന്ത്യയെന്ന ഈ മഹാരാജ്യത്ത് ഇതെല്ലാം നിലനില്‍ക്കെ തന്നെ നമുക്ക് എത്രത്തോളം യോജിക്കാന്‍ കഴിയും എവിടെയെല്ലാം ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തി സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പേരില്‍ രാഷ്ട്ര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ആലോചിക്കേണ്ടത്. അതിന് രാഷ്ട്രീയ കക്ഷിഭേതങ്ങളോ ജാതിയതങ്ങളോ ഒന്നും തടസ്സമില്ലാതിരിക്കുകയാണെങ്കില്‍ നമ്മുടെ ഭാഗ്യം. അത് നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവൂ. സാതന്ത്ര്യത്തിന്റെ വില നിത്യമായ ജാഗരൂകതയാണ്. നിരന്തരമായി സാഹോദര്യത്തെ ഊട്ടി വളര്‍ത്തി അഭിപ്രായ വ്യത്യാസങ്ങളെ പറഞ്ഞു പരിഹരിച്ച് താല്കാലികമായി മാറ്റി വെച്ച്, എവിടെയാണോ പൊതുവായ പുരോഗതിക്കും സാമാധാനത്തിനുമുള്ള സാധ്യത അത് അന്വേഷിച്ച് പിടിക്കാനുള്ള പരിശ്രമത്തിലാണ് നമ്മളിന്ന് ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് എത്രകാലം പരിശ്രമിക്കാനാവുമോ അത്രയും ഞാനും ഞാനുമുണ്ടായിരിക്കും, നിങ്ങളെന്റെ കൂടെ കൂടണം. എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്നഭ്യാര്‍ഥിച്ചു കൊണ്ട് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു.

വീഡിയോ കാണാം: