വര്‍ഗീയ ശക്തികളുടെ ഭിന്നിപ്പിക്കല്‍ അജണ്ടക്ക് വശംവദരാവാതിരിക്കുക-ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും എതിർക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വൈകാരിക പ്രതികരണങ്ങളും അസന്തുലിതമായ ആഖ്യാനങ്ങളും വര്‍ഗീയ ശക്തികളുടെ ഭിന്നിപ്പിക്കല്‍ അജണ്ടയെയാണ് സഹായിക്കുകയെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി. സഹജീവികള്‍ക്കിടയില്‍ പാലം പണിയാനും വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മുസ്‌ലിം യുവാക്കളോട് അദ്ദേഹം  ആഹ്വാനം ചെയ്തു. ന്യൂഡല്‍ഹിയിലെ ജമാഅത്ത് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം യുവാക്കള്‍ നിരാശരാവുകയോ ദുഖിക്കുകയോ ചെയ്യരുത്. അവര്‍ ദുഷ്‌പ്രേരണകള്‍ക്ക് വശംവദരാവാതിരിക്കുകയും വൈകാരിക പ്രതികരണങ്ങള്‍ വെടിയുകയും വേണം. മുസ്‌ലിംകള്‍ നിരാശരോ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഒറ്റപ്പെട്ടവരോ ആയി മാറണമെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ഭയത്തിന്റെയും നിരാശയുടെയും ഭാഷ നാം ഉപയോഗിക്കരുത്. അതുപോലെ സംഘര്‍ഷത്തിന്റെയും വര്‍ഗീയതയുടെയും ഭാഷയും നാം ഉപയോഗിക്കരുത്. നിലവിലെ സാഹചര്യം ഒരു വര്‍ഗീയ മത കലാപത്തിന് കാരണമായി മാറാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നമ്മുടെ ഭാഗത്തു നിന്നുണ്ടാവണം. ഇത്തരം സാഹചര്യങ്ങളില്‍ അമുസ്‌ലിം സഹോദരങ്ങളുമായുള്ള ബന്ധങ്ങളും ആശയവിനിമയങ്ങളും ശക്തിപ്പെടുത്തുന്നതിന് ശക്തമായ കാമ്പയിന്‍ നടത്തണം. ഇസ്‌ലാമിന്റെ ശരിയായ അധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കി അവരുടെ തെറ്റിധാരണകളും മുന്‍വിധികളും നാം നീക്കണം. അതോടൊപ്പം രാജ്യത്തെ അമുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം നിന്ന് അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരെ നാം ശബ്ദമുയര്‍ത്തുകയും വേണം. എന്ന് ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു.