പ്രാണന്‍ പകുത്തു നല്‍കിയ സ്വാതന്ത്ര്യം ആര്‍.എസ്.എസ്. കാര്യാലയത്തനിന് മുമ്പില്‍ അടിയറ വെക്കരുത്- കെ.ഇ.എന്‍.

(വർഗീയ ഭീകരതക്കെതിരെ - ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച സാഹോദര്യ സംഗമത്തിൽ നടത്തിയ പ്രഭാഷണം)

ഫാഷിസത്തിനെതിരെ പ്രഭാഷണങ്ങളും എഴുത്തും പോസ്റ്ററും മുദ്രാവാക്യവും അതോടൊപ്പം തന്നെ ഫാഷിസത്തിന്റെ സൂഷ്മമായ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള കലാ-സാഹിത്യ പ്രവര്‍ത്തനങ്ങളുമടക്കം നിരന്തരം പ്രതിരോധങ്ങള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് തീര്‍ച്ചയായിട്ടും ഈ സംഗമം ഇവിടെ നടക്കുന്നത്. ഇതില്‍ ഐക്യപ്പെടുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു പങ്കാളിത്തമാണ് സത്യത്തില്‍ ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇതില്‍ ദീര്‍ഘമായ പ്രഭാഷണങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. ഈ കാലത്ത് ഇന്ത്യയിലുടനീളം ആവര്‍ത്തിക്കപ്പെടേണ്ട ഒരു പ്രസ്‌ക്തമായ വാക്യം ഞാന്‍ ഓര്‍ക്കുന്നു. അത് റാബി ഹില്ലലിന്റെ ഒരു വാക്യമാണ്. 'നാം നമുക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ നാം ആര്‍ക്ക് വേണ്ടിയാണ്. ഞാന്‍ എനിക്ക് വേ്ണ്ടി മാത്രമാണെങ്കില്‍ പിന്നെ ഞാന്‍ എന്താ്ണ്? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്?' - റാബി ഹില്ലല്‍ ചോദിക്കുന്നു.

തീര്‍ച്ചയായും ഈയൊരു സന്ദര്‍ഭത്തില്‍ ഞാന്‍ വിചാരിക്കുന്നു. ഇന്ത്യയിലെ മതേതര-ജനാധിപത്യ വാദികളുടെ മനുഷ്യ സ്‌നേഹികളുടെ സമസ്ത വിചാര വികാരങ്ങളെും സംഗ്രഹിക്കാന്‍ കഴിയുന്ന ഒരൊറ്റ വാക്യം പറയാന്‍ പറഞ്ഞാല്‍ അത് ഞാനുറപ്പിച്ചു പറയുന്നു. അത് ഹില്ലലിന്റെ ഈ പ്രയോഗമാണ് 'ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്'? 

എല്ലാ വിധ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം നിന്നു കൊണ്ട് പേരറിയുന്നവരും പേരറിയാത്തവരുമായ ഇന്ത്യയിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ യുദ്ധഭൂമിയില്‍ പ്രാണന്‍ പതിരുപോലെ പകുത്തു നല്‍കി നേടിയ ഈ സ്വാതന്ത്ര്യം ആര്‍.എസ്.എസ് കാര്യാലയത്തിന്റെ മുമ്പില്‍ അടിയറ വെക്കുകയില്ല എന്ന പിന്മടക്കമില്ലാത്ത ഇന്ത്യന്‍ ജനതയുടെ പ്രഖ്യാപനമാണ് ഇന്നുയര്‍ന്നു വരേണ്ടത്. ഇത് സങ്കിസ്ഥാനല്ല; ആളുകളെ ഇടിച്ചു കൊല്ലുന്ന ലിഞ്ചിസ്ഥാനല്ല, മറിച്ച് ഇന്ത്യന്‍ ജനതയുടെ അഭിമാനമായ അവരുടെ ജീവിതത്തിന്റെ ആവിഷ്‌കാരമായ- ഈ മണ്ണില്‍ ജനിച്ച മനുഷ്യര്‍ ഈ മണ്ണില്‍ ജീവിക്കുന്ന മനുഷ്യര്‍ ഇവിടെ തന്നെ മരിക്കേണ്ട മനുഷ്യര്‍ അവരുടെ സ്മരണകള്‍ ഇവിടെ തന്നെ തഴച്ചു വളരേണ്ട ഒരു കാലത്താണ് സംഘ്പരിവാര്‍ ഫാസിസം എല്ലാ ജനാധിപത്യ മതേതര കാഴ്ചപ്പാടുകള്‍ക്കുമെതിരെ കൊലവിളി നടത്തി കൊണ്ടിരിക്കുന്നത്. ഒരു രാജ്യത്ത് എന്തൊക്കെ സംഭവിക്കാന്‍ പാടില്ലയോ അതൊക്കെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഈയൊരു തരത്തിലുള്ള ഐക്യവേദി എന്നത് വളരെ അഭിമാനകരമാണ് എന്ന് മാത്രം പറഞ്ഞു കൊണ്ട് ഏത് പ്രതിസന്ധിയിലും ഇന്ത്യന്‍ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കാന്‍ ഇനിയും മരിച്ചിട്ടില്ലാത്ത, ചെതലു പിടിച്ചിട്ടില്ലാത്ത മനുഷ്യര്‍ ബാക്കിയുണ്ട് എന്ന പിന്മടക്കമില്ലാത്ത പ്രഖ്യാപനമായി ഈ ഒത്തു ചേരല്‍ പരിണമിക്കട്ടെ എന്ന പ്രത്യാശിച്ച് കൊണ്ട് നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
വീഡിയോ കാണുക