ഇന്ത്യയില്‍ ശവക്കല്ലറകള്‍ മാത്രം മതിയെന്ന നിലപാടുള്ള ഭരണകൂടമാണ് ഇന്ത്യയിലുള്ളത്

വളരെ പ്രധാനമായ ഒരു ദൗത്യമാണ് നമ്മളിന്ന് നിറവേറ്റി കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ വികസിച്ചു വരുന്ന ഫാഷിസത്തിനെതിരെ കൂട്ടമായി പോരാടേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തിക്കൊണ്ട് ഇതാദ്യമായി ജമാഅത്തെ ഇസ്‌ലാമി ഇങ്ങിനെയൊരു ചരിത്ര ദൗത്യം സംഘടിപ്പിച്ചതിലുള്ള സന്തോഷം അറിയിക്കുകയാണ്. ശവക്കല്ലറകള്‍ മാത്രം മതി, മനഷ്യകൂടാരങ്ങള്‍ വേണ്ട എന്ന് വിചാരിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആ ശവക്കല്ലറകള്‍ പണിതു കൊണ്ടിരിക്കുകയാണ് മോദിയും സംഘപരിവാറും. കല്‍ബുര്‍ഗിയെ പോലെയുള്ള എഴുത്തുകാരെ അവര്‍ കൊന്നൊടുക്കുന്നു. വിയോജിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. 

ദേശീയ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലത്ത് ഗാന്ധിജിയുമായി ബന്ധപ്പെട്ട് ഒരു ദേശ പൗര സങ്കല്‍പ്പം നമുക്കുണ്ടായിരുന്നു. പിന്നീട് കമ്മ്യൂണിസത്തിന്റെയും പുരോഗമന ചിന്തയുടെയും ആശയങ്ങള്‍ കടന്നു വന്നപ്പോള്‍ ഒരു വിശ്വ പൗരനെ കുറിച്ചും നമ്മള്‍ സങ്കല്‍പ്പിച്ചിരുന്നു. ഇന്ന് ദേശ പൗരനും വിശ്വപൗരനും വേണ്ട ഞങ്ങള്‍ക്ക് അനുസരണയുള്ള ഒരു വര്‍ഗീയ പൗരന്‍ മതി എന്ന് ചിന്തിക്കുന്ന സംഘ് പരിവാറാണ് നമ്മളെ ഭരിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ട് ഓരോ നിമിഷവും ഞാനെന്റെ ആത്മാവിനോട് ചോദിക്കാറുള്ള ചോദ്യമുണ്ട്, ആരാണ് ഇന്ത്യയിലെ ഇന്നത്തെ യഥാര്‍ഥ പൗരന്‍?

പൗരനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ ആഹാര സമ്പ്രദായത്തെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഭാരതീയനാണ് എന്ന് പറഞ്ഞാല്‍ ഭാരതീയതയെ പോലും ചോദ്യം ചെയ്യുകയാണ്. ആര്‍.എസ്.ആസ് ആണ് എന്ന് പറയണം, ഭാരതീയന്‍ എന്ന് പറഞ്ഞാല്‍ പോരാ. കന്നുകാലികളെ കൊല്ലാന്‍ പാടില്ല, പക്ഷെ മനുഷ്യരെ നിങ്ങള്‍ കൊന്നോളൂ എന്നാണ് നമ്മോട് ഈ ഭരണകൂടം പറഞ്ഞു കൊണ്ടിരിക്കുന്നു. അവന്‍ മുസ്‌ലിംകളാണെങ്കില്‍ അവനെ നിങ്ങള്‍ക്കെങ്ങിനെ വേണമെങ്കിലും കൂട്ടമായി കൊല്ലാം. ദളിതനാണെങ്കില്‍ അവനെ തെരുവില്‍ ചാട്ടവാറുകൊണ്ട് അടിച്ചു കൊല്ലാം. ഈ ഫാഷിസ്റ്റ് മുദ്രാവാക്യമാണ് ഇന്ന് ഉയരുന്നത്. ഇങ്ങനെയുള്ള ഒരു സങ്കീര്‍ണ്ണ പരിതസ്ഥിതിയില്‍ തീര്‍ച്ചയായും നമുക്ക് മുന്നോട്ട് പോവേണ്ടതുണ്ട്.  

ഞാനീ യോഗത്തെ അഭിസംബോധന ചെയ്യുന്നത്  ഫാഷിസത്തിനെതിരായ വിമോചന സമരത്തിന്റെ തുടക്കം കോഴിക്കോട് ഈ പന്തലില്‍ നിന്ന് സമാരംഭിച്ചിരിക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.  

നമ്മുടെ വ്യവസ്ഥയെ മാറ്റുകയാണ് ഈ ഫാഷിസം ചെയ്യുന്നത്. ഇതൊരു പ്രത്യേക രീതിയിലാണ്. നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നാം രൂപപ്പെടുത്തിയ ചില അടിസ്ഥാന വിശ്വാസങ്ങളിലാണ് നമ്മളൊക്കെ മുന്നോട്ട് പോവുന്നത്. ദേശീയതയെയും ജനാധിപത്യത്തെയും മതേതരത്തെയും സാഹോദര്യത്തെയും സഹവര്‍ത്തിത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചില അടിസ്ഥാനങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പു പിമ്പുമായി നമ്മള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആ അടിസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. അതിന് ഫാഷിസം ചെയ്യുന്നത് പുതിയ ചില അടിസ്ഥാനങ്ങള്‍ നിര്‍മ്മിക്കുകയാണ്. ആ സവിശേഷമായ അടിസ്ഥാനത്തിലേക്ക് ഇന്ത്യന്‍ ജനതയെ കൊണ്ടു വരികയും അതാണ് യഥാര്‍ഥ അടിസ്ഥാനമാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അതിന്റെ മുമ്പില്‍ പ്രാര്‍ഥനാ നിരതമാക്കുകയും ചെയ്യുകയെന്ന കുല്‍സിതമായ ശ്രമമാണ് ഫാഷിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയേണ്ട ഒരു കാലമാണ്.  എഴുത്തുകാരന്‍ തന്റെ കലാ സൃഷ്ടികളിലൂടെ വര്‍ഗീയതക്കെതിരെ പോരാടുന്നതോടൊപ്പം ഗൗരവത്തില്‍ എടുക്കേണ്ട കാര്യമാണിത്.

മഹാത്മാഗാന്ധിജിക്ക് വില്‍പനമുല്യമില്ല എന്നവര്‍ പറയും. ഗാന്ധിജി വലിയ സമുദായത്തില്‍ ജനിച്ചതാണ് എന്നവര്‍ പറയും. ഇറച്ചി കഴിക്കരുതെന്ന് പറയും. പ്രധാനമന്ത്രി തല മുണ്ഡനം ചെയ്തപോലെ ചെയ്ത് കുട്ടികള്‍ സ്‌കൂളില്‍ വരണമെന്ന് പറയും. നമ്മുടെ സ്വകാര്യതയിലേക്ക് അവര്‍ കടന്നു വരും. എന്താണ് അടുക്കളയില്‍ വേവുന്നതെന്ന് ജനലിലൂടെ നോക്കി സ്വകാര്യതകളില്‍ കടക്കുകയും അവനെ കൊന്നൊടുക്കുകയും ചെയ്യുന്നു. നമ്മുടെ സാമ്പത്തിക മേഖലയിലേക്കും അവര്‍ വരും. നമ്മുടെ ശരീരത്തിന്റെ സ്വകാര്യതകളിലേക്ക് അവര്‍ നോക്കിക്കൊണ്ടിരിക്കുന്നു. ട്രെയിനില്‍ നിന്ന് പുറത്തേക്കെറിഞ്ഞവനാണോ കൊല്ലപ്പെട്ടവനാണോ ഇവിടെ ഇന്ത്യന്‍ പൗരന്‍? ആ കൊല്ലപ്പെട്ടവനാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പൗരന്‍ എന്ന് തിരിച്ചറിയുന്ന ഒരു കാലമുണ്ട്. ആരാണ് യഥാര്‍ഥ പൗരന്‍?

മതേതരത്വത്തിന്റെ ജനാധിപത്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന നമ്മളായിരിക്കണം യഥാര്‍ഥ പൗരന്‍. ആ യഥാര്‍ഥ പൗരനെ കണ്ടെത്തുക എന്നതാണ് ഈ ഫാഷിസ കാലത്തെ സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കം ജമാഅത്തെ ഇസ്‌ലാമി നിര്‍വ്വഹിച്ചിരിക്കുന്നു. എല്ലാവിധ സ്‌നേഹവും ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. നന്ദി നമസ്‌കാരം.


വീഡിയോ കാണുക: