പ്ലാച്ചിമട കൊക്കകോള വിധി: ജനകീയ സമരങ്ങളുടെ വിജയം-സോളിഡാരിറ്റി

പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി ശാശ്വതമായി അടച്ചുപൂട്ടിയ സുപ്രിംകോടതി വിധി ജനകീയ സമരങ്ങളുടെ വിജയമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ പ്രസ്താവിച്ചു. പതിനഞ്ച് വര്‍ഷത്തിലധികമായി കൊക്കക്കോള കമ്പനിക്കെതിരെ പ്ലാച്ചിമട പ്രദേശത്തെ ആദിവാസികള്‍ നടത്തിയ സമരം ധീരോജ്ജ്വലമാണ്. കോളക്കമ്പനി നടത്തി വന്ന ജലചൂഷണത്തിനെതിരില്‍ നടന്ന ഈ സമരത്തെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് തുടക്കം മുതല്‍ തന്നെ സഹായിച്ചു വന്നിട്ടുണ്ട്. 'ഒരു കുടം വെള്ളവും ഒരു പിടി അരിയും' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി നടത്തിയ കോള വിരുദ്ധ മാര്‍ച്ച് പ്ലാച്ചിമട സമരത്തെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്ലാച്ചിമടയില്‍ നിന്ന് ഡല്‍ഹി പാര്‍ലമെന്റിനു മുമ്പിലേക്കുവരെ സോളിഡാരിറ്റി ഈ സമരത്തെ വികസിപ്പിക്കുകയുണ്ടായി. കേരളത്തിലെ എണ്ണമറ്റ ജനകീയസമരങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന സോളിഡാരിറ്റിക്ക് പ്ലാച്ചിമട സമരത്തിലുണ്ടായ വിധി ആവേശം നല്‍കുന്നതാണ്. കോളക്കമ്പനിയുടെ ചൂഷണത്തിനിരകളായവര്‍ക്ക് സുപ്രിംകോടതി വിധി മുന്‍നിര്‍ത്തി നഷ്ടപരിഹാരം എളുപ്പത്തിലാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.