സെന്‍കുമാര്‍ വര്‍ഗീയ പോലീസിന്റെ നേര്‍ചിത്രം: യൂത്ത് ഇന്ത്യ

കുവൈത്ത്: മുന്‍ ഡിജിപി ഡോ. ടി.പി സെന്‍കുമാര്‍ മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ വംശീയവും വര്‍ഗീമായ മുന്‍വിധിയോടെയുള്ളതാണെന്നും, ഫാഷിസത്തിന്റെ പോലീസ് സംവിധാനത്തിന് മേലുള്ള പിടിമുറുക്കത്തിന്റെ നേര്‍ ചിത്രമാണ് സെന്‍കുമാറിന്റെ വരികളിലൂടെ തെളിഞ്ഞു വന്നിരിക്കുന്നത് എന്നും യൂത്ത് ഇന്ത്യ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പോലീസ് സേനക്കകത്ത് കടന്ന് കൂടിയ വര്‍ഗീയതയുടെയും ഫാഷിസത്തിന്റെയും ലക്ഷണങ്ങളാണ് ഇങ്ങനെ വാക്കുകളിലൂടെ പുറത്ത് വരുന്നത്. മുസ്‌ലിം ജനസംഖ്യയുമായി ബന്ധപ്പെട്ടും ലൗ ജിഹാദുമായി ബന്ധപ്പെട്ടും സംഘ്പരിവാര്‍ സംഘടനകളും അവരുടെ മാധ്യമങ്ങളും പടച്ചുവിടുന്ന കുപ്രചാരണങ്ങള്‍ക്ക് ശക്തിപകരാനാണ് സെന്‍കുമാര്‍ ശ്രമിക്കുന്നത്. ഗോസംരക്ഷണ പേര് പറഞ്ഞ് ആര്‍.എസ്.എസ് അടക്കമുള്ള ഭീകരസംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അവയെ ന്യായീകരിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. സമീപകാലത്ത് നിരന്തരമായി മുസ്‌ലിം യുവാക്കളുടെ മേല്‍ ചുമത്തപ്പെടുന്ന യു.എ.പി.എ കരി നിയമങ്ങള്‍ ഇത്തരം വര്‍ഗീയ വാദികളുടെ പോലീസ് സേനയിലുള്ള മുന്‍തൂക്കമാണ് കാണിക്കുന്നത്. ഒരു മതേതര ജനാധിപത്യ രാജ്യത്ത് പോലീസ് സേനയിലെ ഈ വര്‍ഗീയാഭിമുഖ്യം അപകടകരമാണ്. സമീപകാലത്ത് നടമാടി കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭീകരതക്ക് പോലീസ് സേന നല്‍കുന്ന സപ്പോര്‍ട്ടും, ആനുകൂല്യങ്ങളും ഇത്തരം സെന്‍കുമാറുമാരുടെ സ്വാധീനത്താലാണ്. നിലവില്‍ തന്നെ ഫാഷിസ്റ്റ് ഭീകരതക്ക് ഇരയായി കൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹത്തിന് ഇത്തരം വര്‍ഗീയ വാദികള്‍ കൂടുതല്‍ ഭീതി നിറയ്ക്കുകയാണ് ചെയ്യുന്നത്. പോലീസ് സേനയെ ഇത്തരക്കാരില്‍ നിന്ന് ശുദ്ധീകരിക്കേണ്ടതിന്റെ അനിവാര്യത മതേതര ഭരണ കൂടത്തെ ബോധ്യപ്പെടുത്തുന്ന പ്രസ്താവനയാണ് ഇത്. ഇനിയും, ഇക്കാര്യത്തില്‍ അലസത കാണിച്ചാല്‍, മതേതര ജനാധിപത്യ സമൂഹത്തിന്റെ നില നില്‍പിനെ തന്നെയാണ് അത് ബാധിക്കുക. പോലിസ് ഉദ്യോഗസ്ഥതലങ്ങളിലുള്ള മുസ്‌ലിം വിരുദ്ധതയും വംശീയ മുന്‍ വിധിയും മറനീക്കി പുറത്തുവരുന്നതുമാണ് ഇത്രയും കാലം ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന സെന്‍കുമാറിന്റെ പ്രസ്താവന. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ കാണിച്ച ഉദാസീനതയാണ് ഇത്തരം വര്‍ഗീയ പ്രസ്താവനകള്‍ക്ക് വളം നല്‍കിയതെന്നും അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.