ന്യൂനപക്ഷ, ദലിത്​ വേട്ടക്കെതിരെ മുസ്​ലിം സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന്

പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജമാഅത്തെ ഇസ്​ലാമിയെ പ്രതിനിധീകരിച്ച് അസി.അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി എന്നിവർ പങ്കെടുത്തു.

കോഴിക്കോട്​: രാജ്യത്ത്​ വർധിച്ചുവരുന്ന ന്യൂനപക്ഷ, ദലിത്​ വേട്ടക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ കോഴിക്കോട്​ ചേർന്ന മുസ്​ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളത്ത് റാലി സംഘടിപ്പിക്കും. നരവേട്ടക്ക് വിധേയരാകുന്നത് ന്യൂനപക്ഷ, ദലിത് വിഭാഗത്തിൽപെട്ടവരാണെങ്കിലും ഇത് രാജ്യത്തെ എല്ലാ വിഭാത്തിൽ പെട്ടവരെയും വേദനിപ്പിക്കുന്നുണ്ട്. ജനാധിപത്യ രീതിയിലുള്ള എല്ലാ പ്രതിഷേധങ്ങളെയും അടിച്ചൊതുക്കാനും മതേതര ജനാധിപത്യ പ്രസ്​ഥാനങ്ങളെ ഭീതിയുടെ കരിനിഴലിൽ നിർത്തി മൗനികളാക്കാനുമുള്ള സർക്കാർ ശ്രമം ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെ കക്ഷി, രാഷ്​ട്രീയ, ജാതി, മത ഭേദമന്യേ നന്മ ആഗ്രഹിക്കുന്ന വ്യക്​തികളും പ്രസ്​ഥാനങ്ങളും ഇത്തരം നീക്കത്തിനെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തിൽ യോജിച്ചുനിൽക്കാനും മതേതര, ജനാധിപത്യ പ്രസ്​ഥാനങ്ങളോട് ചേർന്നുനിന്ന് കർമപരിപാടി ആവിഷ്​ കരിക്കാനും തീരുമാനിച്ചു.

പശു സംരക്ഷണത്തി​​െൻറ പേരിൽ രാജ്യത്ത് ക്രിമിനലുകൾക്ക് അഴിഞ്ഞാടാനും നിരപരാധികളെ ക്രൂരമായി കൊലചെയ്യാനും യാതൊരു തടസ്സവുമില്ലാത്ത അവസ്​ഥ വന്നിരിക്കയാണ്. സർക്കാറാക​െട്ട ഇതിന് മൗനാനുവാദം കൊടുക്കുകയും ചെയ്യുന്നു. എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്ന പ്രസ്​താവനകളാണ് കേന്ദ്രസർക്കാറും അതി​​​െൻറ ഉത്തരവാദപ്പെട്ട നേതാക്കളും തുടർച്ചയായി നടത്തുന്നത്. മുസ്​ലിം, ദലിത്​ ജനവിഭാഗങ്ങൾക്കുനേരെ എന്തതിക്രമവും നടത്താൻ േപ്രരിപ്പിക്കുന്നവിധം പ്രകോപനപരമായ വേദികൾ സർക്കാർതന്നെ സൃഷ്​ടിച്ചുകൊടുക്കുകയാണ്.ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ ആത്​മാർഥതയില്ലാത്തതാണെന്ന് അദ്ദേഹത്തി​​​െൻറയും ഭരണകൂടത്തി​​​െൻറയും സമീപനങ്ങൾ പരിശോധിച്ചാൽ വ്യക്​തമാകും. സംഘർഷങ്ങളും സംഭീതിയും സൃഷ്​ടിച്ച് രാഷ്​ട്രീയ മുത​െലടുപ്പ് നടത്താൻ ഭരണകൂടംതന്നെ നിമിത്തങ്ങളുണ്ടാക്കുന്നത് രാജ്യത്തി​​െൻറ നന്മയുടെ കടക്കൽ കത്തിവെക്കുന്ന നടപടിയാണെന്ന്​ യോഗം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ഇസ്രായേൽ സന്ദർശിച്ച് നെതന്യാഹുവുമായി നടത്തിയ സംഭാഷണങ്ങളും ഇസ്രായേലുമായി നടത്താനിരിക്കുന്ന കച്ചവടക്കരാറുകളും ഇന്ത്യയുടെ വിശാല താൽപര്യങ്ങൾക്കെതിരും രാജ്യം പുലർത്തിപ്പോന്ന മഹിതമായ പാരമ്പര്യത്തിന് കടകവിരുദ്ധവുമാണെന്ന്​​ യോഗം അഭിപ്രായപ്പെട്ടു. പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, എം.പി. അബ്​ദുസ്സമദ് സമദാനി, പി.കെ.കെ. ബാവ, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഉമ്മർ ഫൈസി മുക്കം, കെ. മോയിൻ കുട്ടി മാസ്​റ്റർ, ടി.പി. അബ്​ദുല്ലക്കോയ മദനി, പി. ഉണ്ണീൻകുട്ടി മൗലവി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സി.പി. സലീം, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.പി. അബ്​ദുറഹിമാൻ പെരിങ്ങാടി, അലി അക്ബർ മൗലവി, ഇ.പി. അശ്റഫ് ബാഖവി, കടക്കൽ അബ്​ദുൽ അസീസ്​  മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബുൽ ഖൈർ മൗലവി, എൻജിനീയർ പി. മമ്മദ് കോയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.